മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്നത് തടയാന്‍ ജനപങ്കാളിത്തത്തോടെ നിരീക്ഷയണ ക്യാമറകള്‍ സ്ഥാപിക്കും; സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്താവാനുള്ള ഒരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി മൂടാടി


മൂടാടി: മാലിന്യ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി മൂടാടിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. 2024 ജനുവരി 26ന് സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള സമയബന്ധിതമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടക്കുന്നത്.

ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു. വാര്‍ഡ് തല ശുചിത്വ സമിതികള്‍ സ്ഥാപന മേധാവികള്‍ യുവജന ക്ലബ് ഭാരവാഹികള്‍ എന്നിവരുടെ യോഗങ്ങളും ഈ ആഴ്ച നടക്കും. വിദ്യാലയങ്ങളില്‍ ജനപങ്കാളിത്തത്തോടെ ശുചീകരണം സെപ്റ്റംബര്‍ 30 ന് നടക്കും.

തീരദേശം – പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ ഒന്ന് രണ്ട് തിയ്യതികളിലായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ റിംഗ് കമ്പോസ്റ്റുകള്‍ – സോക്പിറ്റ് കമ്പോസ്റ്റ് പിറ്റ് എന്നിവ എല്ലാ വീടുകളിലും നിര്‍മ്മിക്കാന്‍ ഗ്രാമ പഞ്ചായത്ത് പദ്ധതി പണം ഉപയോഗിക്കും. ഹരിത കര്‍മസേനയെ സജീവമാക്കാന്‍ മെറ്റിരിയല്‍ കലക്ഷന്‍ സെന്റര്‍ കൂടുതല്‍ വിപുലീകരിക്കും. വലിച്ചെറിയല്‍ തടയാന്‍ നിരീക്ഷണ സംവിധാനത്തിനായി സി.സി.ടി.വി ക്യാമറകള്‍ ജനപങ്കാളിത്തത്തോടെ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

നന്തിയില്‍ പൊതു ശൗചാലയം സ്ഥാപിക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. പ്രവര്‍ത്തങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷമാരായ എം.കെ.മോഹനന്‍, എം.പി.അഖില മെമ്പര്‍മാരായ റഫീഖ് പുത്തലത്ത്, പപ്പന്‍ മൂടാടി വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

summary: moodadi gramapanchayath cleaning project