വെള്ളം കുടി മുട്ടുമോ, വഴി മുടങ്ങുമോ; നൂറ്റമ്പതിലേറെ കുടുംബങ്ങൾ താമസിക്കുന്നതും 1200 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജുകളുമുള്ള കുന്ന്യോറമലയെ പിളര്‍ത്തി നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ്, ആശങ്കയിൽ പ്രദേശവാസികൾ
കൊയിലാണ്ടി: കുന്ന്യോറമലയ്ക്ക് താഴെ മണ്ണ് മാന്തി യന്ത്രങ്ങളുടെ കൈകൾ നീളുന്നതോടെ ആശങ്കകളുടെ പെരുമഴയാണ് പ്രദേശവാസികളുടെ മനസ്സിൽ. നൂറ്റമ്പതിലേറെ കുടുംബങ്ങളും ആയിരത്തി ഇരുനൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജുമുള്ള ഇടമാണ് കുന്ന്യോറമല. എന്നാൽ നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് പണി തുടങ്ങിയതോടെ കൊല്ലം കുന്ന്യോറമലയെ പിളര്‍ത്തിയാണ് വഴി പോകുന്നത്, ഇതുകൂടാതെ നിരവധി ബുദ്ധിമുട്ടുകളാണ് തങ്ങൾ നേരിടുന്നത് എന്ന് നാട്ടുകാർ പറയുന്നു.
കുടിവെള്ള പൈപ്പുകൾ പൊട്ടുന്നു, യാത്ര മാർഗ്ഗം തടസ്സമാകുമോ തുടങ്ങി നിരവധി ആശങ്കകളാണ് യാത്രക്കാർക്കുള്ളത്. 30 മീറ്റര്‍ താഴ്ചയില്‍ ആണ് ബൈപ്പാസ് നിർമ്മിക്കുന്നത്. കുന്നിന് മുകളില്‍ താമസിക്കുന്നവര്‍ക്ക് യാത്രാമാര്‍ഗ്ഗം തടസ്സപ്പെടുമോയെന്ന ആശങ്കയുണ്ട്.
ഇങ്ങോട്ടേക്കുള്ള കുടിവെളള വിതരണവും താറുമാറായിരിക്കുകയാണ്. ഇവിവിടെ താമസിക്കുന്ന നൂറ്റമ്പതോളം വരുന്ന കുടുംബങ്ങൾക്കായി കുടിവെളളമെത്തിക്കാന്‍ രണ്ട് ജലസംഭരണികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ റോഡ് നിര്‍മ്മാണം തുടങ്ങിയതോടെ ജലവിതരണ കുഴലുകള്‍ പലയിടത്തും പൊട്ടുകയും പരസ്പരം ബന്ധം വിഛേദിച്ച അവസ്ഥയിലാണ്. ഇതോടെ കൃത്യമായി മുൻപത്തെ പോലെ വെള്ളം കിട്ടാത്ത സാഹചര്യമാണ്.
കുന്നിന് മുകളിലെ ചില കുടുംബങ്ങള്‍ ഉണ്ടാക്കിയ കുഴല്‍ കിണറിലെ വെളളമാണ് ഇപ്പോഴത്തെ ഏക ആശ്രയം. എന്നാൽ വെളളം കുറവായതിനാല്‍ തന്നെ എല്ലാവർക്കും ആവശ്യാനുസരണം ഇതിൽ നിന്ന് എടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ഒന്നോ രണ്ടോ പാത്രങ്ങളില്‍ മാത്രമാണ് കുഴല്‍ കിണറില്‍ നിന്ന് വെളളമെടുക്കാന്‍ വീട്ടുകാര്‍ അനുവദിക്കുക. കൊയിലാണ്ടി നഗരസഭ വാഹനങ്ങളില്‍ ചില ദിവസങ്ങളില്‍ ജലവിതരണം നടത്തുന്നതാണ് അൽപ്പം ആശ്വാസം.എന്നാലും ഇത്രയുമധികം പേരുള്ളതിനാൽ ആവശ്യാനുസരണം ഉപയോഗിക്കാനുള്ള വെള്ളം കിട്ടാതെ വലയുകയാണ് പ്രദേശവാസികൾ.
വഴി തടസപ്പെടുമോ എന്ന ആശങ്കയും ഇവരെ അലട്ടുന്നുണ്ട്. കുന്ന്യോറമലയുടെ നെറുകയിലാണ് കൊല്ലം ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജും,കൊല്ലം ഗുരുദേവ കോളേജും സ്ഥിതിചെയ്യുന്നത്. രണ്ടിടത്തുമായി 1200 ലധികം വിദ്യാര്‍ത്ഥികളും ഇരുന്നുറോളം അധ്യാപക അനധ്യാപക ജീവനക്കാരും ഉണ്ട്. ഇപ്പോൾ കോളേജിലേക്ക് പോകാനായി ഉപയോഗിക്കുന്ന വഴി ബൈപ്പാസ് പണിയുന്നതോടെ മുറിഞ്ഞു പോകുന്ന അവസ്ഥയാണ്. ബൈപ്പാസിന് ഓരം ചേര്‍ന്നുളള സര്‍വ്വീസ് റോഡിലൂടെ മാത്രമായിരിക്കും കോളേജിലേക്ക് പ്രവേശനമുണ്ടാകുക. ഏകദേശം ഒരേസമയം ഇത്രയധികം പേർക്ക സഞ്ചരിക്കാനായി ഈ വഴി മാത്രമേ ഉണ്ടാവുകയുള്ളു എന്നതും എങ്ങനെ ആവുമെന്നറിയില്ല എന്ന് പ്രദേശവാസികൾ പറഞ്ഞു.
കൊയിലാണ്ടി മേഖലയിലെ സാമാന്യം ഉയരം കൂടിയ കുന്നാണ് കുന്ന്യോറമല. നൂറ്റമ്പതിലേറെ കുടുംബങ്ങള്‍ ഈ കുന്നിന് മുകളില്‍ താമസിക്കുന്നുണ്ട്. കുന്നിന് മുകളില്‍ നിന്ന് 30 മീറ്ററോളം താഴ്ചയില്‍ മണ്ണെടുത്ത് മാറ്റിയാവും ഇവിടെ ബൈപ്പാസിനായി റോഡ് വെട്ടുക. ഇതിനായി മണ്ണ് മാന്തിയന്ത്രങ്ങള്‍ കുന്നിടിച്ച് നിരത്താന്‍ തുടങ്ങിയിട്ടുണ്ട്. കുന്നിന്‍ മുകളില്‍ നിന്ന് ശേഖരിക്കുന്ന മണ്ണ് താഴ്‌വാരങ്ങളില്‍ റോഡ് നിര്‍മ്മിക്കാനായി ടോറസ് വണ്ടികളില്‍ കൊണ്ടു പോകുകയാണ്.
കുന്നിടിച്ച് ബൈപ്പാസ് പണിയുമ്പോഴുണ്ടകുന്ന യാത്രാ പ്രശ്നം പരിഹരിക്കണമെന്ന് നഗരസഭ കൗണ്‍സിലര്‍ കെ.പി.സുമതി ആവശ്യപ്പെട്ടു. ബൈപ്പാസിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന സര്‍വ്വീസ് റോഡ് പ്രദേശവാസികള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന വിധം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. എം.പി.,എം.എല്‍.എ എന്‍.എച്ച്.എ.ഐ അധികൃതര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. യാത്രാ സൗകര്യമില്ലെങ്കില്‍ അസുഖ ബാധിതരായവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥ വരും. അടിയന്തരമായി കുന്ന്യോറ മല നിവാസികള്‍ അനുഭവിക്കുന്ന കുടിവെളള പ്രശ്‌നത്തിന് പരിഹാരം ഉണ്ടാവണമെന്നതാണ് ആവശ്യം.