ദൃശ്യത്തിലുള്ളത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥി; പുറത്ത് വന്ന സിസിടിവി ദൃശ്യം പ്രതിയുടേതല്ലെന്ന് പോലീസ്
കൊയിലാണ്ടി: എലത്തൂരിൽ വെച്ച് ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തി പ്രതിയല്ലെന്ന് പോലീസ്. കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണ് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു.
സംഭവം നടന്ന് ഏതാണ്ട് രണ്ടുണിക്കൂറിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. ബാഗും ഫോണുൂമായി റോഡരികിൽ നിൽക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡരികിൽ നിന്ന ഇയാൾ ഒരു ബെെക്കിൽ കയറി പോകുന്നതായിരുന്നു ദൃശ്യങ്ങളിലുള്ളത്. സ്ഥലത്ത് കണ്ട വിദ്യാര്‍ഥിയെയാണ് പോലീസ് ആദ്യം സംശയിച്ചത്. ഇന്നലെ രാത്രി പരിസരവാസികള്‍ നല്‍കിയ മൊഴിയും ഇയാളെ പ്രതിയായി സംശയിക്കുന്നതിലേക്ക് പോലീസിനെ നയിച്ചു.
സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. ട്രെയിനില്‍ ഉണ്ടായിരുന്ന ദൃക്‌സാക്ഷി റാഷിക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്.
സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി കേരളാ പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. ട്രെയിനില്‍ തീവെപ്പ്, വധശ്രമം തുടങ്ങി അഞ്ചു വകുപ്പുകള്‍ ചുമത്തി റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയ്ക്ക് മാവോയിസ്റ്റ്-തീവ്രവാദബന്ധമുണ്ടോയെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.
സാഹചര്യത്തെളിവുകള്‍ പ്രകാരം കൃത്യം പെട്ടെന്നുള്ള പ്രകോപനത്തില്‍ ചെയ്തതല്ല മറിച്ച ആസൂത്രിതമാണ് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇയാള്‍ ഉത്തരേന്ത്യക്കാരനാണോയെന്ന സംശയവും പോലീസിനുണ്ട്. ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയ അക്രമി എവിടെ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാണ്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Summary: The police said that the CCTV footage that came out is not of the accused in elathoor train fire