ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി; കാണാതായ പേരാമ്പ്ര സ്വദേശിയായ പോലീസുകാരനെ കണ്ടെത്തി


പേരാമ്പ്ര: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പേരാമ്പ്ര സ്വദേശിയായ പോലീസുകാരനെ കണ്ടെത്തി. വളയത്തുള്ള കെ.എ.പി ആറാം ബറ്റാലിയനിലെ ഹവില്‍ദാര്‍ പേരാമ്പ്ര എടവരാട് തിരുത്തൂര്‍ ടി.വിനുവിനെയാണ് പേരാമ്പ്ര പോലീസ്  കണ്ടെത്തിയത്.

ഇന്‍സ്‌പെക്ടര്‍ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരില്‍ നിന്നാണ് വിനുവിനെ കണ്ടെത്തിയത്. കോയമ്പത്തൂരിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.

ശബരിമല ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് ഡിസംബര്‍ 28നാണ് വിനു വീട്ടില്‍ നിന്നും പോയത്. രണ്ടാം തീയതി വരെ വീട്ടിലേക്ക് ഫോണ്‍ വിളിക്കുകയും ചെയ്തിരുന്നു. മൂന്നു വരെ ഓഫീസില്‍ അവധിയും നല്‍കിയിരുന്നു.

എന്നാല്‍ നാലാം തീയതി ബറ്റാലിയനില്‍ നിന്ന് ഡ്യൂട്ടിക്കെത്താതിനാല്‍ മറ്റു പോലീസുകാര്‍ വീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോഴാണ് ശബരിമലയില്‍ ഡ്യൂട്ടിക്ക് എത്തിയിട്ടില്ലെന്ന് വീട്ടുകാര്‍ അറിഞ്ഞത്. ഇതിനിടെ മൂന്നാം തീയതി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷിനിലെ സിസിടിവിയില്‍ വിനുവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇവിടെ നിന്നും എങ്ങോട്ടാണ് പോയതെന്ന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

തുടര്‍ന്ന് വീട്ടുകാര്‍ വിനുവിനെ കാണ്മാനില്ലെന്ന് പറഞ്ഞ് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനീഷ്, അരുണ്‍ഘോഷ്, ശ്രീജിത് സിഞ്ചുദാസ്, ജയേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു മറ്റു പോലീസുകാര്‍.