ശക്തമായമഴയിലും തിരമാലയിലുംപെട്ട് വഞ്ചിയുടെ യന്ത്രം തകരാറിലായി; നടുക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ അതിസാഹസികമായി രക്ഷപ്പെടുത്തി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം
കൊയിലാണ്ടി: യന്ത്രം തകരാറായി കടലില്‍ അകപ്പെട്ട വഞ്ചിയെയും മത്സ്യത്തൊഴിലാളികളെയും മറൈന്‍ എന്‍ഫോഴ്‌മെന്റ് വിഭാഗം അതിസാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക് 2.45 ഓടെയായിരുന്നു സംഭവം.
കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഭാരതാംബ എന്ന വഞ്ചിയാണ് ശക്തമായ മഴയിലും തിരമാലയിലും പെട്ടത്. തുടര്‍ന്ന് വഞ്ചിയുടെ യന്ത്രം തകരാറിലാവുകയും അതിലുണ്ടായിരുന്ന ഇരുപത്തിയഞ്ചോളം മത്സ്യത്തൊഴിലാളികള്‍ കടലില്‍ അകപ്പെടുകയുമായിരുന്നു. കടലില്‍ ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു വഞ്ചി കുടുങ്ങിയത്.
മറൈന്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീറിന്റെ നിര്‍ദ്ദേശ പ്രകാരം ഫിഷറീസ് ഗാര്‍ഡുമാരായ എസ്.സി.പി.ഒ.രാജന്‍, സി.പി.ഓ ജുബിന്‍, റസ്‌ക്യു ഗാര്‍ഡുമാരായ സുമേഷ്, നിധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും പോലീസ് ബോട്ടില്‍ അതിസാഹസികമായി തിരച്ചില്‍ നടത്തിയാണ് വള്ളവും 25 ഓളം മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇവരെ കൊയിലാണ്ടി ഹാര്‍ബറില്‍ എത്തിച്ചു.