ഒന്നാം സമ്മാനം കിട്ടിയ ലോട്ടറി തട്ടിയെടുത്തു; മണ്ണാര്‍ക്കാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍


മഞ്ചേരി: ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. 70 ലക്ഷം രൂപ ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തെന്ന പൂവില്‍പ്പെട്ടി വീട്ടില്‍ അലവിയുടെ പാരാതിയിലാണ് അറസ്റ്റ്.

മണ്ണാര്‍ക്കാട് പാറപ്പുറം പൂളമണ്ണ വീട്ടില്‍ മുജീബ് (46), പുല്‍പ്പറ്റ കുന്നിക്കല്‍വീട്ടില്‍ പ്രഭാകരന്‍ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 19ന് നറുക്കെടുത്ത സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിര്‍മല്‍ ലോട്ടറി എന്‍ഡി 798484 നമ്പര്‍ ടിക്കറ്റ് എട്ടംഗ സംഘം തട്ടിയെടുക്കുകയായിരുന്നു. സംഘത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച രണ്ടുപേരാണ് മഞ്ചേരി പോലീസിന്റെ പിടിയിലായത്. എന്നാല്‍ സമ്മാനം ലഭിച്ച് ഒരുമാസമായിട്ടും അലവി ടിക്കറ്റുമായി ബാങ്കിനെ സമീപിച്ചിരുന്നില്ല.


നികുതിയടയ്ക്കാതെ കൂടുതല്‍ തുക ലഭിക്കാന്‍ പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘവുമായി ഇയാള്‍ ബന്ധപ്പെട്ടുവെന്നും പിന്നീട് ടിക്കറ്റ് പരിശോധിക്കാനായി വാങ്ങിയ സംഘം ടിക്കറ്റുമായി കടന്നുകളയുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

summary: The first prize lottery was stolen; Two people from Mannarkkad were arrested