28 ലക്ഷം രൂപയുടെ കിണറും പമ്പ് ഹൗസും ഉണ്ട്, പക്ഷെ കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ല; മണ്ണാടിക്കുന്ന് വാസികളുടെ അവസ്ഥ ദയനീയം


കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ മണ്ണാടിക്കുന്ന് കോളനിക്കാരുടെ കുടിവെള്ള ക്ഷാമത്തിന് ഇനിയും പരിഹാരമായിട്ടില്ല. എൺപതോളം കുടുംബങ്ങളാണ് കുടിക്കാൻ ഒരു തുള്ളി വെള്ളം കിട്ടാതെ പ്രയാസപ്പെടുന്നത്.

കീഴരിയൂർ പഞ്ചായത്തിലെ ഉയർന്ന സ്ഥലമാണ് മണ്ണാടിക്കുന്ന്. ഇവിടെ താമസിക്കുന്നവരിൽ അധികവും കർഷക തൊഴിലാളികളാണ്.ഇനി കുടുംബങ്ങൾക്ക് ഒരു തുള്ളി കുടിവെള്ളം കിട്ടാൻ കിലോമീറ്ററോളം പോകേണ്ട അവസ്ഥയാണ്.

2013 ൽ കോളനിയിൽ കുടിവെള്ളം എത്തിക്കാൻ ജലനിധി പദ്ധതിയിൽ 28 ലക്ഷം രൂപ മുടക്കി കിണറും പമ്പ് ഹൗസും സ്ഥാപിച്ചിരുന്നു. അതോടെ ഏറെക്കാലത്തെ തങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് അതൊരു പരിഹാരമാവുമെന്ന് കോളനി നിവാസികൾ ആശ്വസിച്ചു. എന്നാൽ രണ്ടുവർഷമായി ഈ കുടിവെള്ള പദ്ധതിയിലൂടെ ഇവിടേക്ക് വെള്ളമെത്തുന്നില്ല.

ജലവിതരണത്തിനായി സ്ഥാപിച്ച ഇരുമ്പു കുഴലുകൾ ദ്രവിച്ച് പലയിടത്തും പൊട്ടിയതോടെ ടാങ്കിൽ വെള്ളമെത്താതെയായി. 260 മീറ്റർ നീളത്തിൽ പൈപ്പ് പൊട്ടിയിട്ടുണ്ടെന്നാണ് കോളനി നിവാസികൾ പറയുന്നത്.

കോളനിയിൽ പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന അങ്കണവാടിയിലും കുടിവെള്ളമില്ല . ഇരുപത്തിരണ്ടോളം കുഞ്ഞുങ്ങൾ പഠിക്കുന്ന ഇവിടേക്ക് വർക്കറും ഹെൽപ്പറും ദൂരെ നിന്ന് കുടിവെള്ളം പാത്രത്തിൽ കൊണ്ടു വരികയാണ്.

മണ്ണാടിക്കുന്ന് കോളനിയിൽ കുടിവെള്ളമെത്തിച്ചു സ്റ്റോക്ക് ചെയ്യാൻ വേണ്ടി പഞ്ചായത്ത് ഒരു ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ലോറിയിൽ കുടിവെള്ളമെത്തിച്ച് ടാങ്കിൽ സ്റ്റോക്ക് ചെയ്യാൻ വേണ്ടിയായിരുന്നു ഇത് സ്ഥാപിച്ചത്. എന്നാൽ നാലു പ്രാവശ്യം മാത്രമാണ് ഈ ടാങ്കിൽ കുടിവെള്ളമെത്തിച്ചത് എന്ന് കോളനി നിവാസികൾ പറയുന്നു.

കുടിവെള്ളം കിട്ടാതെ വന്നപ്പോൾ ബാങ്കിൽ നിന്ന് വൻ തുക വായ്പ എടുത്ത് കുഴൽ കിണർ നിർമ്മിച്ചു. എന്നാൽ അതിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാനാവാതെ പലർക്കും ജപ്തി നോട്ടീസും ലഭിച്ചിരിക്കുകയാണ്. ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ ജലവിതരണത്തിനായി സ്ഥാപിച്ചതാണ് പൈപ്പ് തകരാൻ കാരണമെന്നാണ് കോളനി നിവാസികൾ പറയുന്നത്. ഇനിയെങ്കിലും ഗുണനിലവാരം ഉള്ള പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കാൻ അധികൃതർ തയ്യാറാവണം എന്നും ഇവർ പറയുന്നു.

ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മണ്ണാടിക്കുന്നിലെ കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. അതിനാൽ ഗുണഭോക്താക്കൾക്ക് വിട്ടുകൊടുത്തു കഴിഞ്ഞാൽ ആ കമ്മിറ്റിക്കാണ് നടത്തിപ്പ് ചുമതല. എന്നിട്ട് പോലും ഗുണഭോക്താക്കളുടെ കുടിവെള്ള പ്രശ്നം മനസ്സിലാക്കി 2024ലെ ജലജീവൻ മിഷൻ വരെ വൈകിപ്പിക്കാതെ പഞ്ചായത്ത് 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. കൂടാതെ പത്തുലക്ഷം രൂപ ജലനിധിയിലും ഇതിനായി പാസായിട്ടുണ്ടെന്നും കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

summary:The drinking water shortage of Mannadikun colonists in Keezhriyur panchayat is yet to be resolved


Community-verified icon