അകലാ പുഴയിലെ ബോട്ട് നിയന്ത്രണം; അവതാളത്തിലായത് ജീവിക്കാനായി മീൻ പിടുത്തത്തിൽ നിന്ന് മറ്റൊരു മാർഗം തേടിയെത്തിയ മത്സ്യ തൊഴിലാളികള്‍


കൊയിലാണ്ടി: അകലാ പുഴയിലെ ബോട്ട് നിയന്ത്രണം അവതാളത്തിലാക്കിയത് ജീവിക്കാനായി മീൻ പിടുത്തത്തിൽ നിന്ന് മറ്റൊരു മാർഗം തേടിയെത്തിയ മത്‌സ്യ തൊഴിലാളികളെയാണ്. മത്സ്യത്തിന്റെ കുറവും അടിക്കടിയുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം മത്‌സ്യ മേഖലയിൽ പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയിലാണ് അകലാ പുഴയിലെ ഉല്ലാസ ബോട്ട് നടത്തിപ്പിലേക്ക് ഇവർ തിരിയുന്നത്.

അകലാ പുഴയിൽ സർവീസ് നടത്തുന്ന പത്ത് ബോട്ടുകളിൽ ഭൂരിഭാഗവും മത്‌സ്യ തൊഴിലാളികൾ ഷെയറിട്ടും ബാങ്കിൽ നിന്ന് ലോണെടുത്തും വാങ്ങിയതാണ്. പ്രവാസികളുടെ ഉടമസ്ഥതയിലുള്ള ഒന്നോ രണ്ടോ ബോട്ടുകൾക്ക് മാത്രമാണ് കടബാധ്യതയില്ലാത്തത് .

കഴിഞ്ഞ സെപ്റ്റംബർ 25 ന് ഒരു യുവാവ് അകലാ പുഴയിൽ വീണ് മുങ്ങിമരിച്ചതിനെ തുടർന്ന് 27 മുതൽ ഏർപ്പെടുത്തിയ ബോട്ട് നിരോധനം ഇവരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ബോട്ട് വാങ്ങാനെടുത്ത ബാങ്ക് ലോൺ അടക്കാത്തതിനാൽ ബാങ്കിൽ നിന്ന് അന്വേഷണം വന്ന് തുടങ്ങിയിട്ടുണ്ട്. കൂടാതെ ബോട്ടിൽ അനുബന്ധ ജീവനക്കാരായി പോകുന്ന മത്‌സ്യതൊഴിലാളികളും , സാധാരണക്കാരും വരുമാനമില്ലാതെ ബുദ്ധിമുട്ടിലാണ്. ബോട്ടില്‍ ഉല്ലാസയാത്രയ്ക്കെത്തുന്ന സഞ്ചാരികളെ ലക്ഷ്യം വെച്ച് വഴിയോര കച്ചവടം നടത്തുന്നവര്‍ പോലും കച്ചവടം പൂട്ടിക്കെട്ടിയിരിക്കേണ്ട അവസ്ഥയിലായി.

മീൻ പിടിക്കാൻ പോകുന്ന വള്ളത്തിൽ നിന്ന് മറിഞ്ഞു വീണാണ് യുവാവ് മരിച്ചത്. യുവാവിനോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെയും രക്ഷിച്ചത് ഉല്ലാസ ബോട്ടിലെ ജീവനക്കാരായിരുന്നുവെന്നും അപകട കാരണം ബോട്ടുകളല്ലാതിരുന്നിട്ടും അപകടത്തിന്റെ പശ്ചാത്തലത്തിൽ അകാരണമായി ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നുവെന്നും ബ്ലാക്ക് പേൾ ബോട്ടിലെ ജീവനക്കാരനായ ശ്രീജിത്ത് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കുസാറ്റ് അധികൃതർ അംഗീകരിച്ച പ്ലാനിൽ നിർമ്മിച്ച ബോട്ടിന്റെ സുരക്ഷയും കാര്യക്ഷമതയും നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ആലപ്പുഴയിൽ നിന്നെത്തിയ സർവെയറും ചീഫ് സര്‍വ്വെയറും ഉറപ്പുവരുത്തിയിരുന്നു. ബോട്ടിന്‍റെ സ്റ്റെബിലിറ്റി ചെക്കിങ്ങും അവസാനഘട്ട പരിശോധനയും കഴിഞ്ഞശേഷമാണ് വെള്ളത്തിലിറങ്ങാനുള്ള അനുമതി കിട്ടിയത്.

നിലവില്‍ രണ്ട് ബോട്ടുകള്‍ക്ക് മാത്രമേ നമ്പര്‍ പ്ലേറ്റ് കിട്ടിയിട്ടുള്ളൂ, എന്നാല്‍ അതിന് ഉത്തരവാദി ബോട്ടുകാരല്ല, ഉദ്യോഗസ്ഥരുടെ ഭാഗത്ത്നിന്നുള്ള കാലതാമസമാണ് അതിന് കാരണമെന്നും ശ്രീജിത്ത് വ്യക്തമാക്കി.

താലൂക്ക് ഓഫീസില്‍ കഴിഞ്ഞ ദിവസം രേഖകള്‍ സമര്‍പ്പിച്ച ബോട്ടുകാര്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനമുണ്ടായി വഴിമുട്ടി നില്‍ക്കുന്ന ജീവിതം തിരിച്ച് പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.

Summary: The boat ban in Akalapuzha has put the fishermen in a crisis