സംഘമെത്തിയത് വെള്ള സ്വിഫ്റ്റ് കാറില്‍; താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


കോഴിക്കോട്: താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ വെള്ള സ്വിഫ്റ്റ് കാറിലാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. എന്നാല്‍, നമ്പര്‍ വ്യക്തമായിട്ടില്ല.

കാര്‍ എങ്ങോട്ട് പോയി എന്നത് സംബന്ധിച്ചും വിവരമില്ല. വെള്ള കാറിലാണ് ഭര്‍ത്താവിനെ കൊണ്ടുപോയതെന്ന് ഷാഫിയുടെ ഭാര്യ നേരത്തെ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു.

അതേസമയം, തട്ടിക്കൊണ്ടുപോയി രണ്ടുദിവസം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച പൊലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നാണ് അഞ്ച് പൊലീസ് സംഘങ്ങള്‍ അന്വേഷണം നടത്തുന്നുണ്ട്. സ്വര്‍ണക്കടത്ത്, ഹവാല ബന്ധമുള്ള നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും യാതൊരു തുമ്പും കിട്ടിയിട്ടില്ല.

ഏഴാം തീയതി രാത്രി 9 മണിയോടെയാണ് തോക്കടക്കമുള്ള ആയുധങ്ങളുമായി കാറിലെത്തിയ അഞ്ജാത സംഘം പരപ്പന്‍പൊയില്‍ സ്വദേശി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ട് പോയത്. മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലീസ് അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നെങ്കിലും ഷാഫിയെ കണ്ടെത്താനായിട്ടില്ല. ദുബായില്‍ നടന്ന സാന്പത്തിക ഇടപാട് കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ പൊലീസ് അന്വേഷണം. ഇതിലുള്‍പ്പെട്ട രണ്ടുപേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്.