Kerala Onam Bumber Lottery Result ”നികുതി അടച്ചത് രണ്ടുതവണ, പണം ചെലവഴിച്ചിരുന്നെങ്കില്‍ സ്ഥലമോ മറ്റോ വില്‍ക്കേണ്ടിവന്നേനെ” ; ലോട്ടറി അടിച്ചാല്‍ അത്ര എളുപ്പമല്ല കാര്യങ്ങളെന്ന് കഴിഞ്ഞ ഓണം ബംപര്‍ ജേതാവ് ജയപാലന്
ഓണം ബംപര്‍ ലോട്ടറി അടിച്ചാല്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍ എന്നാണ് കഴിഞ്ഞതവണ ഓണം ബംപറടിച്ച ജയപാലന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നത്.
‘ലോട്ടറി അടിച്ച് കഴിഞ്ഞാല്‍ അടുത്ത രണ്ട് കൊല്ലത്തേക്ക് ആര്‍ക്കും പത്ത് പൈസ കൊടുക്കരുത്. നമ്മുടെ ജീവിത സഹാചര്യമൊക്കെ ഉണ്ടാക്കി അതില്‍ നിന്ന് വരുമാനം ലഭിച്ചതിന് ശേഷം മാത്രമേ മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാവൂ’- എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.
കഴിഞ്ഞ തവണ 12 കോടിയാണ് ജയപാലന് ലഭിച്ചത്. നികുതി കിഴിച്ച് ബാക്കി ലഭിച്ചത് 7 കോടി രൂപയാണ്. വീണ്ടും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ ഒരു കോടി 45 ലക്ഷം വീണ്ടും നികുതി അടയ്ക്കേണ്ടി വന്നു. പണം വേറെ വഴി ചെലവഴിച്ചിരുന്നെങ്കില്‍ സ്ഥലവും മറ്റും വിറ്റ് നികുതി അടയ്ക്കേണ്ടി വന്നേനെ.
ആദായ നികുതി അടച്ചില്ലെങ്കില്‍ ഒരു മാസം ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ പിഴ വരും. ഓരോ മാസവും ഇത്തരത്തില്‍ തുക വന്ന് അധിക തുക പിഴയായി അടയ്ക്കേണ്ടി വരും. ലോട്ടറി തുക ഉപയോഗിച്ച് സ്ഥലം വാങ്ങിയിരുന്നെങ്കില്‍ ആ സ്ഥലം വിറ്റ് നികുതി അടയ്ക്കേണ്ടി വന്നേനെയെന്നും ജയപാലന്‍ പറയുന്നു.
‘ഞാന്‍ പണം ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടിരിക്കുകയാണ്. അതില്‍ നിന്നുള്ള പലിശ മ്യൂച്വല്‍ ഫണ്ടിലും ഇട്ടു. കുറച്ച് തുക കൊണ്ട് സ്ഥലവും വാങ്ങിയിട്ടുണ്ട്’- ജയപാലന്‍ പറഞ്ഞു.
സര്‍ക്കാര്‍ നികുതി പിടിക്കണമെന്ന് തന്നെയാണ് ജയപാലന്‍ പറയുന്നത്. അത്തരത്തില്‍ എല്ലാവരുടേയും കൈയില്‍ നിന്ന് നികുതി പിടിച്ചാല്‍ സര്‍ക്കാരിന്റെ പ്രതിസന്ധി അവസാനിക്കും. കൃത്യമായി നികുതി അടച്ചാല്‍ പണം തിരികെ ലഭിക്കുമെന്നും ജയപാലന്‍ പറയുന്നു.
ലോട്ടറി അടിച്ച ശേഷം നിരവധി പേരാണ് സഹായം അഭ്യര്‍ത്ഥിച്ച് വന്നത്. പക്ഷേ എല്ലാവരേയും തനിക്ക് സഹായിക്കാന്‍ സാധിക്കില്ല. തന്റെ കുടുംബത്തിലും നാട്ടിലുമുള്ള പാവപ്പെട്ടവരെയാണ് സഹായിച്ചതെന്നും ജയപാലന്‍ പറഞ്ഞു.
summary: “Tax was paid twice, if the money had been spent, the land or something would have to be sold” ; Last Onam bumper winner Jayapalan says things are not so easy if you win the lottery