അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനേരെ വെടിവെയ്പ്പ്; വധശ്രമം സുവര്‍ണ ക്ഷേത്രത്തിനകത്ത്


അമൃതസര്‍: അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. അമൃതസറിലെ സുവര്‍ണ ക്ഷേത്രത്തില്‍ വെച്ചായിരുന്നു സംഭവം. അദ്ദേഹത്തിനുനേരെ വെടിവെയ്പ്പുണ്ടായെങ്കിലും ബാദലിന് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സുവര്‍ണ ക്ഷേത്രത്തിലാണ് വെടിയുണ്ടകള്‍ വന്നുപതിച്ചത്.

അക്രമികള്‍ അവിടെയുണ്ടായിരുന്ന ആളുകളും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി. 2007-2017 കാലത്തെ അകാലിദള്‍ സര്‍ക്കാറഇന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകള്‍ ആരോപിച്ച് ബാദലിന് സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് ശിക്ഷ വിധിച്ചിരുന്നു.

സുവര്‍ണ ക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം, രണ്ടുദിവസം കാവല്‍ നില്‍ക്കണം, കഴുത്തില്‍ പ്ലക്കാര്‍ഡ് ധരിക്കണം, കയ്യില്‍ കുന്തം കരുതണം തുടങ്ങിയവയായിരുന്നു ശിക്ഷ. ബാദലിന്റെ മന്ത്രിസഭയില്‍ അംഗങ്ങളായവര്‍ക്കും ശിക്ഷ പ്രഖ്യാപിച്ചിരുന്നു. ശിക്ഷാവിധിയ്ക്ക് പിന്നാലെ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.

Summary: sukhbir-singh-badal-shiromani-akali-dal-murder-attempt-golden-temple