തിരുവങ്ങൂരില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു


ചേമഞ്ചേരി: തിരുവങ്ങൂരില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. അൽബ ഹോട്ടലിന് സമീപം കൃഷ്ണകുളത്തിൽ കുളിക്കാനിറങ്ങിയ പൊയിൽകാവ് പാറക്കൽ താഴ പ്രകാശന്റെ മകൻ നവനീത്(15) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.

രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു നവനീത്. ഇതിനിടയില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെ വന്ന സുഹൃത്തുകള്‍ ഉടന്‍ നവനീതിനെ രക്ഷിക്കാനായി കുളിത്തിലിറങ്ങിയിരുന്നു. എന്നാല്‍ ശ്രമം പരാജയപ്പെട്ടതോടെ നാട്ടുകാരെ വിവരമറിയിച്ചു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി കുട്ടിയെ എടുക്കുമ്പോഴേക്കും ശ്വാസം നിലച്ചിരുന്നു.


മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അമ്മ: സ്വപ്ന. സഹോദരി: നമിത.