പയ്യോളി റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിനിന് നേരെ കല്ലേറ്, എ.സി കോച്ചിന്റെ ചില്ല് തകര്‍ന്നു


പയ്യോളി: റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനിന് നേരെ കല്ലെറിഞ്ഞ രണ്ട് പേര്‍ പിടിയില്‍. ബുധനാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം. 12483 നമ്പര്‍ കൊച്ചുവേളി-അമൃത്‌സര്‍ വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ എ.സി കോച്ചിന്റെ ചില്ല് തകര്‍ന്നു.

പയ്യോളി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് നൂറ് മീറ്ററോളം ദൂരെ വച്ചാണ് കല്ലേറ് ഉണ്ടായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും കല്ലേറില്‍ പരിക്കില്ല. ചില്ല് തകര്‍ന്ന കോച്ചിലെ യാത്രക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ സംശയകരമായ സാഹചര്യത്തില്‍ പൊലീസും ആര്‍.പി.എഫും ചേര്‍ന്ന് പിടികൂടി.

ഇരുവരെയും കസ്റ്റഡിയിലെടുത്ത ശേഷം ഫോട്ടോ യാത്രക്കാരെ കാണിച്ചെങ്കിലും ഇവരല്ല കല്ലെറിഞ്ഞത് എന്ന മറുപടി ലഭിച്ചതോടെ ഇരുവരെയും വിട്ടയച്ചു. പിങ്ക് ടീ ഷര്‍ട്ടും പാന്റുമിട്ട യുവാവാണ് കല്ലെറിഞ്ഞത് എന്നാണ് യാത്രക്കാര്‍ പൊലീസിന് നല്‍കിയ വിവരം. പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.