വിളര്‍ച്ച മുക്ത കേരളം ‘വിവ’ ക്യാമ്പയിന്‍ ഫെബ്രുവരി 18 ന് തുടക്കമാകും; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (15/02/23) അറിയിപ്പുകൾ



കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

നാടന്‍പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥമുള്ള നാടന്‍പാട്ട് മത്സരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കോഴിക്കോട് ജില്ലയില്‍ യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേഷനുള്ള യൂത്ത് -യുവ-യുവതി ക്ലബ്ബുകളില്‍ നിന്നും 18 നും 40 നുമിടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ അടങ്ങുന്ന 10 പേരുടെ ഒരു ടീമിനാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. പങ്കെടുക്കുന്നവര്‍ ക്ലബ്ബിന്റെ അപേക്ഷയും അംഗങ്ങളുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി 20 ന് വൈകുന്നേരം അഞ്ചുമണിക്കുള്ളില്‍ ജില്ലാ ഓഫീസില്‍ നേരിട്ടോ, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രം, സിവില്‍സ്റ്റേഷന്‍, ബി – ബ്ലോക്ക്, ആറാം നില, കോഴിക്കോട് എന്ന വിലാസത്തിലോ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2373371

ക്വട്ടേഷന്‍ ക്ഷണിച്ചു

ലൈഫ് മിഷന്‍ കോഴിക്കോട് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കാന്‍ തയ്യാറുള്ള കാര്‍ ഉടമകളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. കാര്‍ ടാക്‌സി രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ എല്ലാ രേഖകളും ആയതിന്റെ പകര്‍പ്പും ക്വട്ടേഷനില്‍ ഉള്‍ക്കൊള്ളിക്കേണ്ടതാണ്. സ്വിഫ്റ്റ് ഡിസയര്‍/ഹോണ്ട അമേസ്/ എറ്റിയോസ് എന്നിവ അഭികാമ്യം.
പ്രതിമാസം ഓടാവുന്ന പരമാവധി ദൂരം 2000 കിലോ മീറ്റര്‍. എല്ലാ ദിവസവും വാഹനം ലഭ്യമാക്കേണ്ടതാണ്. ക്വട്ടേഷനുകള്‍ ഒട്ടിച്ച കവറില്‍ ‘ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷന്‍’ എന്ന മേലെഴുത്തോടുകൂടി ഫെബ്രുവരി 17 ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി ജില്ലാ കോര്‍ഡിനേറ്ററുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേ ദിവസം 4 മണിക്ക് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9497499193, 9895339353, 9744470055

റീ-ടെണ്ടര്‍ ക്ഷണിച്ചു

ജി.എച്ച്.എസ്. എസ് ആവള കുട്ടോത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങള്‍ക്ക് ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ (200000 /- രൂപ) മത്സര സ്വഭാവമുള്ള വിശദീകരിച്ച പട്ടിക സഹിതമുള്ള റീ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറില്‍ പങ്കെടുക്കുന്നവര്‍ നിരത ദ്രവ്യവും ടെണ്ടര്‍ ഫീസുമടക്കം ഫെബ്രുവരി 25 ന് വൈകുന്നേരം 4 മണിക്ക് മുന്‍പായി സ്‌കൂള്‍ ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495690590, 9961924657 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ഡി എച്ച് എസ് സി വെബ്‌സൈറ്റ് പരിശോധിക്കുകയോ ചെയ്യണമെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു.

‘വൈഗ’ സെമിനാറുകളില്‍ പങ്കെടുക്കാം

ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 2 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന വൈഗ സെമിനാറുകളില്‍ പങ്കെടുക്കുന്നതിന് കര്‍ഷകര്‍, കാര്‍ഷിക സംരംഭകര്‍, മറ്റു തല്പര വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് www.vaigakerala.com എന്ന വെബ്‌സൈറ്റ് വഴി
രജിസ്റ്റര്‍ ചെയ്യാം. കാര്‍ഷിക ധനകാര്യവും സംരംഭകത്വവും, കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ അധിഷ്ഠിത ഉല്‍പ്പാദനം, ട്രൈബല്‍ അഗ്രികള്‍ച്ചര്‍ ടെക്‌നോളജികള്‍, ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍, പാക്കേജിംഗ് ടെക്‌നോളജിയും ബ്രാന്‍ഡിംഗും, കാര്‍ഷിക ഉത്പാദക സംഘടനകള്‍,
കാര്‍ബണ്‍ ന്യുട്രല്‍ കൃഷി, കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍- യൂത്ത്, സംരംഭകത്വ വികസനം സംബന്ധിച്ച വിഷയങ്ങള്‍, ചെറുധാന്യങ്ങളുടെ സാധ്യതകള്‍, പച്ചക്കറി- ഫലവര്‍ഗ്ഗങ്ങളുടെ വിളവെടുപ്പിനു ശേഷമുള്ള പരിപാലനവും മൂല്യവര്‍ധനവും തുടങ്ങി 17 വിഷയങ്ങളിലാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447212913, 9383470150

അപേക്ഷ ക്ഷണിച്ചു

2022 -23 വര്‍ഷം കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഫാം പ്ലാന്‍ അധിഷ്ഠിത കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി, കര്‍ഷകര്‍ പ്രാദേശികമായി
ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് ‘പ്രീമിയം സ്റ്റാളുകള്‍’ സ്ഥാപിക്കുന്നു. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എഫ്.പി.ഒ കള്‍, കുറഞ്ഞത് മൂന്നു വര്‍ഷം മാര്‍ക്കറ്റിംഗ് മേഖലയില്‍ വൈദഗ്ധ്യമുള്ള സന്നദ്ധ സംഘടനകള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, വിപണനം എന്നിവ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍, പ്രാഥമിക സര്‍വീസ് സഹകരണ സൊസൈറ്റികള്‍, ഫെഡറേറ്റഡ് ഓര്‍ഗനൈസേഷനുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 17നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

പരിശീലനം നല്‍കുന്നു

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 22,23 തിയ്യതികളില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ഫെബ്രുവരി 21 ന് മുമ്പായി പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ ടെയിനിംഗ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04972-763473

വിളര്‍ച്ച മുക്ത കേരളം ‘വിവ’ ക്യാമ്പയിന്‍ ഫെബ്രുവരി 18 ന് തുടക്കമാകും

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിളര്‍ച്ച മുക്ത കേരളം ‘വിവ’ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) ക്യാമ്പയിന്‍ ഫെബ്രുവരി 18 ന് തുടക്കമാകും. ഇത് സംബന്ധിച്ച ജില്ലാ തല കോഡിനേഷന്‍ കമ്മറ്റി ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളുടെ സംയോജിത കര്‍മ്മ പദ്ധതിയിലൂടെ ജില്ലയില്‍ ക്യാമ്പയിന്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലാ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഫെബ്രുവരി 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന സമ്പൂര്‍ണ്ണ അനീമിയ നിര്‍ണ്ണയ നിയന്ത്രണ ക്യാമ്പയിന്‍ ‘വിവ’യിലൂടെ 15 മുതല്‍ 59 വയസ്സ് വരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ നിര്‍ണ്ണയവും ആവശ്യമായവര്‍ക്ക് ചികിത്സയും ഉറപ്പാക്കും. അനീമിയ ഇല്ലാതാക്കുന്നതിന് ഭക്ഷണ ശീലങ്ങളിലും ജീവിതശൈലിയിലും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ബോധവല്‍ക്കരണവും ആരോഗ്യവിദ്യാഭ്യാസവും നല്‍കാനും ക്യാമ്പയിന്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് വിളര്‍ച്ച കൂടുതലായി കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ക്യാമ്പയിനിന്റെ ആദ്യഘട്ടത്തില്‍ പട്ടികവര്‍ഗ്ഗ, തീരദേശ മേഖലകളിലെ സ്ത്രീകളിലാണ് രോഗനിര്‍ണ്ണയവും ചികിത്സയും നടപ്പിലാക്കുന്നത്. ജില്ലയില്‍ ആദ്യഘട്ട ഗുണഭോക്താക്കളുടെ സര്‍വെ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം) അറിയിച്ചു.

കൗമാരക്കാരായ പെണ്‍കുട്ടികളിലും സ്ത്രീകളിലും സാധാരണയായി കാണുന്ന ആരോഗ്യ പ്രശ്നമാണ് അനീമിയ അഥവാ വിളര്‍ച്ച. ആര്‍ത്തവം, ആര്‍ത്തവ സമയത്തെ അമിത രക്തസ്രാവം, പ്രസവ സമയത്തെ രക്തനഷ്ടം, ഇരുമ്പ്, ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുക, വിരബാധ, രക്തസ്രാവമുണ്ടാക്കുന്ന വ്രണങ്ങള്‍, ദീര്‍ഘകാല രോഗങ്ങള്‍, അര്‍ശസ്, കാന്‍സര്‍ എന്നീ കാരണങ്ങള്‍ കൊണ്ട് അനീമിയ ഉണ്ടാകാം.
രക്തപരിശോധനയിലൂടെ അനീമിയ തിരിച്ചറിയാന്‍ സാധിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവുകളില്‍ കുറവാണെങ്കില്‍ അത് അനീമിയയായി കണക്കാക്കാം.

ഗര്‍ഭകാലത്ത് അയണ്‍ ഫോളിക് ആസിഡ് ഗുളിക കഴിക്കുക, കൗമാരപ്രായക്കാര്‍ അയണ്‍ ഫോളിക് ആസിഡ് ഗുളിക ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍ ഭക്ഷണത്തിന് ശേഷം കഴിക്കുക, 6 മാസത്തിലൊരിക്കല്‍ വിരശല്യത്തിനെതിരെയുള്ള ഗുളിക കഴിക്കുക, ഇരുമ്പ് സത്തും വിറ്റമിനുകളും അടങ്ങിയ ഭക്ഷണം ദിവസവും ശീലമാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അനീമിയ തടയാനാകും. ഇരുമ്പ് സത്ത്, വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എല്ലാ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഭക്ഷണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുക, വീടിന് പുറത്തിറങ്ങുമ്പോള്‍ പാദരക്ഷ ഉപയോഗിക്കുക, മലമൂത്രവിസര്‍ജ്ജനം കക്കൂസില്‍ മാത്രം നടത്തുക, കക്കൂസില്‍ പോയതിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക, തുടങ്ങിയ കാര്യങ്ങള്‍ ശ്രെദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം) അറിയിച്ചു.

ഗതാഗതം നിയന്ത്രിച്ചു

കോടഞ്ചേരി-കക്കാടംപോയില്‍ റോഡ് (34.കി.മീ) മലയോര ഹൈവെ കോടഞ്ചേരി കക്കാടം പോയില്‍ റോഡ് പ്രവൃത്തിയുടെ ഭാഗമായി കൂടരഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷന്‍ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് കലുങ്ക് പുനര്‍നിര്‍മ്മാണത്തിനുവേണ്ടി കൂടരഞ്ഞി- കൂടരഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷന്‍ റോഡില്‍ ഫെബ്രുവരി 20 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. ഇത് വഴി പോകുന്ന വാഹനങ്ങള്‍ കൂടരഞ്ഞി -കരിങ്കുറ്റി ബൈപ്പാസ് റോഡ് വഴി കൂടരഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷനിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ആംബുലന്‍സ് പി.ടി.എ റഹീം എം.എല്‍.എ. ഫ്‌ലാഗ് ഓഫ് ചെയ്തു

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതിയതായി വാങ്ങിയ ആംബുലന്‍സ് പി.ടി.എ റഹീം എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് അനുവദിച്ച 7,41,481 രൂപ വിനിയോഗിച്ചാണ് വാഹനം ലഭ്യമാക്കിയത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്ററിന് നേരത്തെ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും ഒരു ആംബുലന്‍സ് അനുവദിച്ചിരുന്നു. ഇത് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു വരികയാണ്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ കെ.കെ.സി നൗഷാദ്, കെ സുരേഷ്ബാബു, സി.എം ബൈജു എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍ സ്വാഗതവും ഡോ. കെ.വി സിബി നന്ദിയും പറഞ്ഞു.

നാദാപുരം ഗ്രാമപഞ്ചായത്ത് സൗജന്യമായി മരുന്ന് വിതരണം ചെയ്തു

നാദാപുരം ഗ്രാമപഞ്ചായത്തില്‍ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 വയസ്സ് കഴിഞ്ഞ നിത്യ രോഗികളായ 150 പേര്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. ഷുഗര്‍, പ്രഷര്‍, രക്ത ഓട്ടകുറവ് എന്നീ അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ക്കാണ് മൂന്നുമാസത്തേക്ക് സപ്ലൈകോ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നു വാങ്ങി വിതരണം ചെയ്തത്. കൂടാതെ ഇന്‍സുലിനും വിതരണം ചെയ്തു.

നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വാര്‍ഡുകളില്‍ രൂപീകരിച്ച വയോജനസഭ അംഗങ്ങള്‍ക്കാണ് പ്രസിഡന്റ് വി.വി. മുഹമ്മദലി മരുന്ന് വിതരണം ചെയ്തത്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി. സുബൈര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസര്‍, ജനീത ഫിര്‍ദൗസ് നിര്‍വഹണ ഉദ്യോഗസ്ഥയായ താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോക്ടര്‍ ജമീല, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ്, വാര്‍ഡ് മെമ്പര്‍ പി.പി ബാലകൃഷ്ണന്‍, താലൂക്ക് ഹോസ്പിറ്റല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രസാദ്, നേഴ്‌സ് ആതിര എന്നിവര്‍ സംസാരിച്ചു. ഓരോ വാര്‍ഡില്‍ നിന്നും വന്ന വയോജനങ്ങള്‍ക്ക് പ്രത്യേക കൗണ്ടര്‍ പ്രകാരമാണ് മരുന്ന് വിതരണം ചെയ്തത്. ഇതോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

ബീച്ച് അംബ്രല്ല വിതരണം ചെയ്തു

ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ വഴിയോര കച്ചവടക്കാര്‍ക്ക് സൗജന്യ ബീച്ച് അംബ്രല്ല വിതരണം ചെയ്തു. ബീച്ച് അംബ്രല്ലയുടെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സിജ്ജു പി.എസ് അധ്യക്ഷനായിരുന്നു.

കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. സി മുഹമ്മദ് റഫീഖ് വിശിഷ്ടാതിഥി ആയിരുന്നു.
കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം. എന്‍ പ്രവീണ്‍കുമാര്‍, ജില്ലാ ക്ഷേമനിധി ഓഫീസര്‍ ഷേര്‍ളി കെ.എ, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തൊഴില്‍ അന്വേഷകര്‍ക്ക് ആശ്വാസമായി കോര്‍പ്പറേഷന്റെ തൊഴില്‍ മേള

കോഴിക്കോട് കോര്‍പ്പറേഷന്‍ തൊഴില്‍ അവസരം കണ്ടെത്തുന്നതിനായി തയ്യാറാക്കിയ വിലിഫ്റ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ തൊഴില്‍ മേള തൊഴില്‍ അന്വേഷകര്‍ക്ക് ആശ്വാസമായി. തൊഴില്‍മേളയുടെ ഉദ്ഘാടനം മേയര്‍ ഡോ.ബീന ഫിലിപ്പ് നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറി കെയു ബിനി വി ലിഫ്റ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുടുംബശ്രീ സംസ്ഥാന മിഷന്‍ നടപ്പാക്കുന്ന ഒപ്പം ക്യാമ്പയിനുമായി സഹകരിച്ചാണ് തൊഴില്‍മേള സംഘടിപ്പിച്ചത്.

കോഴിക്കോട് കോര്‍പ്പറേഷനിലെ എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരെയും തൊഴില്‍ സഭകളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടായിരത്തി ഇരുന്നുറ് തൊഴിലന്വേഷകരെയും ഉള്‍പ്പെടുത്തിയാണ് തൊഴില്‍മേള സംഘടിപ്പിച്ചത്. തൊഴിലന്വേഷകര്‍ക്ക് നോളഡ്ജ് എക്കണോമിക് മിഷന്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. പിഎംഎവൈ ഗുണഭോക്താക്കള്‍, ആശ്രയ കുടുംബങ്ങള്‍, അതിദരിദ്ര കുടുബാംഗങ്ങള്‍, കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് തൊഴില്‍ മേളയില്‍ മുന്‍ഗണന നല്‍കി.

ടാഗോര്‍ ഹാളില്‍ നടന്ന തൊഴില്‍ മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള മുപ്പതില്‍ പരം കമ്പനികള്‍ പങ്കെടുത്തു. 1629 തൊഴിലന്വേഷകര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. എണ്ണൂറിലധികം ഒഴിവുകള്‍ വിവിധ കമ്പനികളിലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധ കമ്പനികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ 367 ആളുകള്‍ക്ക് നിയമനം നല്‍കുകയും 674 ഉദ്യോഗാര്‍ത്ഥികളെ ജോലിക്കായുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടുത്തുകയും ചെയ്തു.

സംരംഭങ്ങളുടെയും നൈപുണ്യ പരിശീലനങ്ങളുടെയും പരിശിലനം ലഭിച്ച അഭ്യസ്ഥവിദ്യരായ യുവതീയുവാക്കള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് അയ്യായിരം ഗുണമേന്‍മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വി- ലിഫ്റ്റ് പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ഈ ലക്ഷ്യം പൂര്‍ത്തീകരിച്ചു. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍ കൂടി സംയോജിപ്പിച്ച് കൊണ്ടാണ് ഈ ലക്ഷ്യംകൈവരിക്കാനായത്. സംരംഭക വര്‍ഷത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 1752 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും 4661തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാധിച്ചിട്ടുണ്ട്. ഇത്തരം സംരംഭങ്ങളിലൂടെ നഗരസഭ പരിധിയില്‍ മാത്രം 162 കോടിയുടെ നിക്ഷേപം ഒരുക്കുന്നതിനും സാധിച്ചിട്ടുണ്ട്. അതോടൊപ്പം എന്‍യുഎല്‍എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തികച്ചും സൗജന്യമായി ഹൃസ്വകാല പരിശീലന പരിപാടി പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വേതനത്തോടെയുള്ള തൊഴില്‍ ലഭ്യമാക്കാനും കഴിഞ്ഞു.

സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.സി രാജന്‍, കൃഷ്ണകുമാരി, കൗണ്‍സിലര്‍മാരായ സദാശിവന്‍ ഓതിയമംഗലത്ത്, കെ.സി ശോഭിത, കെ മൊയ്തീന്‍ കോയ, എം.എസ് തുഷാര, സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരായ അംബിക എം, ശ്രീജ ഹരീഷ് ,വ്യവസായ ഓഫീസര്‍ എം ശ്രീജിത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്ഷേമകാര്യസ്ഥിരം സമിതി ചെയര്‍മാന്‍ പി ദിവാകരന്‍ സ്വാഗതവും പ്രൊജക്ട് ഓഫീസര്‍ പ്രകാശന്‍ ടി.കെ നന്ദിയും പറഞ്ഞു.

ജില്ലാതല ശില്പശാല നടത്തി

കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൌണ്‍സില്‍ (K – DISC) വിവിധ വകുപ്പുകളുമായി ഓരോ ജില്ലയിലും നടത്തുന്ന യങ് ഇന്നോവേഷന്‍ പ്രോഗ്രാം (വൈ ഐ പി ) കോഴിക്കോട് ജില്ലാതല ശില്പശാല നടത്തി. ശില്പശാലയുടെ ഉദ്ഘാടനം കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് രോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു. വകുപ്പുകള്‍ അവരുടെ സേവനങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമാക്കുകയും അത് നേരത്തെ തയ്യാറാക്കിയ ഒരു ഫോര്‍മാറ്റില്‍ ശേഖരിച്ച്, അതിന്റെ മൂല കാരണങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കുകയുമാണ് ശില്പശാലയുടെ ലക്ഷ്യം.

സംഘാടക സമിതി കണ്‍വീനര്‍ ഗവണ്‍മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷാബു എസ്.ജെ മുഖ്യപ്രഭാഷണം നടത്തി. ഐ സി ടി എ ട്രൈനര്‍ ബൈജു വൈദ്യക്കാരന്‍ പരിശീലനം നല്‍കി. കെ എം സി ടി കോളേജ് ഓഫ് എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജയ സി.കെ, മെഡിക്കല്‍കോളേജ് പ്രിസിപ്പല്‍ ഡോ. ഇ.വി ഗോപി, ഡോ. പ്രീതി മണ്ണിലേടം, ഡോ. ബിന്‍സു വിജയന്‍, കെ ഡിസ്‌ക് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീദീപ് കെ, ജില്ലാ ഓഫീസര്‍ അനു മരിയ സി.ജെ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ .ദീപ എന്നിവര്‍ സംസാരിച്ചു.

രണ്ടു ദിവസമായി നടന്ന ശില്‍പ്പശാലയില്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ മേധാവികളും പങ്കെടുത്തു.