ജീവിത പങ്കാളിക്ക് നേരെ മർദ്ദനം; വളയത്ത് യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്


വളയം: ജീവിത പങ്കാളിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ വധശ്രമ മുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. വളയം കല്ലുനിരയിലെ പോതിയാറേമ്മൽ ജനീഷിനെ (38)തിരെയാണ് കേസ്.

ജോലിസംബന്ധമായി ബ്ലാംഗ്ലൂരിൽ താമസിക്കുന്ന ജനീഷ് കഴിഞ്ഞ നവംബർ മുപ്പതിനാണ് വീട്ടിൽ എത്തിയത്. അന്നേ ദിവസം തന്നെ പ്രതി ജീവിത പങ്കാളി ജിൻഷയെ ക്രൂരമായി മർദ്ദിച്ചു. കടുത്ത മദ്യപാനി കൂടിയാണ് ഇയാൾ എന്ന് പരിക്കേറ്റ സ്ത്രീയ ആശുപത്രിയിൽ ചെന്നുകണ്ട വളയം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കൈക്കും തലയ്ക്കു കാര്യമായി പരിക്കേറ്റ ജിൻഷ ആദ്യം വളയത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്‌സ തേടി. ഇപ്പോൾ നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ തുടരുന്നുണ്ട്.

നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇപ്പോൾ ജനീഷ് വടകര സബ്ജയിലിലാണ്.