കോഴിക്കോട്ടെ ടീച്ചേഴ്‌സ് തിയേറ്റര്‍ കലോത്സവത്തെ വരവേല്‍ക്കുന്നത് ശിവദാസ് പൊയില്‍ക്കാവ് രചിച്ച പന്തിപ്പാട്ടിലൂടെ; അഭിനയിച്ചവരില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കളര്‍ബോക്‌സ് തിയേറ്റര്‍ അംഗങ്ങളും


കൊയിലാണ്ടി: ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ നാടക പ്രവര്‍ത്തകരായ അധ്യാപകരുടെ കൂട്ടായ്മ ടീച്ചേഴ്‌സ് തിയേറ്റര്‍ കലോത്സവത്തെ വരവേല്‍ക്കുന്നത് ശിവദാസ് പൊയില്‍ക്കാവ് രചിച്ച ‘പന്തിപ്പാട്ട്’ ലൂടെ.

‘വന്നോളീ വേഗങ്ങോട്ട്
കോയിക്കോട്ട്
പള്ള നിറക്കാന്‍ പന്തലുയര്‍ന്നേ
കോയിക്കോട്ട്’ എന്നു തുടങ്ങുന്നു പന്തിപ്പാട്ടിന്റെ പെന്‍ഡ്രൈവ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞദിവസം പ്രകാശനം ചെയ്തു.

ടീച്ചേഴ്‌സ് തിയേറ്റര്‍ @കാലിക്കറ്റ് കോഡിനേറ്റര്‍ ആയ മിത്തു തിമോത്തിയാണ് പന്തിപ്പാട്ടിന്റെ ആശയവും സംഘാടനവും നടത്തിയത്. സന്തോഷ് നിസ്വാര്‍ഥയാണ് സംഗീതം നല്‍കിയത്. സജിത്ത് ക്യാമറയും മന്‍സൂര്‍ എഡിറ്റിംഗും നിര്‍വഹിച്ചു.

തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കളര്‍ബോക്‌സ് തിയേറ്റര്‍ അംഗങ്ങളും നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലെ ബട്ടര്‍ഫ്‌ളൈ തിയേറ്റര്‍ ഗ്രൂപ്പ് അംഗങ്ങളുമാണ് അഭിനയിച്ചിരിക്കുന്നത്. കൃഷ്ണ ബിജു, നിരഞ്ജന ശശി, അമൃത വര്‍ഷിണി, ഇന്‍സാഫ് അബ്ദുല്‍ ഹമീദ് എന്നിവരാണ് പന്തിപ്പാട്ട് പാടിയിരിക്കുന്നത്.

ക്രിസ്ത്യന്‍ കോളജില്‍ ഭക്ഷണപ്പുരയുടെ പ്രവര്‍ത്തനോദ്ഘാടന ചടങ്ങിനൊപ്പമായിരുന്നു പെന്‍ഡ്രൈവ് പ്രകാശനം. ആരോഗ്യമന്ത്രി വീണ ജോര്‍ജ് പെന്‍ഡ്രൈവ് സ്വീകരിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.