സോഷ്യൽ മീഡിയ വഴി സൗഹൃദം, വടകരയിലെത്തിയത് കൊലപാതകത്തിന് രണ്ട് ദിവസം മുന്നേ; രാജന്റെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ


വടകര: വടകരയിൽ വ്യാപാരിയായിരുന്ന രാജനെ പ്രതി കൊലപ്പെടുത്തിയത് സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ. സോഷ്യൽ മീഡിയ വഴിയുള്ള സൗഹൃദത്തിലാണ് പ്രതിയായ തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷെഫീഖ് വടകരയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. രാജനെ കൊലപ്പെടുത്തിയ ശേഷം മുങ്ങി നടക്കുകയായിരുന്നു പ്രതിയെ സെെബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.

ഡിസംബർ 24 ന് രാത്രിയാണ് വടകര വനിതാ റോഡിലെ പലചരക്ക് വ്യാപാരി ഇ എ ട്രേഡേഴ്സ് ഉടമ പുതിയാപ്പ് വലിയ പറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജനെ (62) കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച്ചയോളം മുങ്ങി നടന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ തിങ്കളാഴ്ച തൃശൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്ത് വടകരയിൽ എത്തിച്ചത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി പറഞ്ഞു. രാജന്റെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കലായിരുന്നു പ്രതിയുടെ ലക്ഷ്യം. സോഷ്യൽ മീഡിയയിലൂടെ രാജനുമായി സൗഹൃദം സ്ഥാപിച്ചാണ് പ്രതി വടകരയിലെത്തിയത്.

സമാനമായ രീതിയിലുള്ള നിരവധി പിടിച്ചുപറി കേസുകളിലും ഇയാൾ പ്രതിയാണ്. കൊലപാതകം നടന്നതിന് രണ്ട് ദിവസം മുമ്പാണ് പ്രതി വടകരയിലെത്തിയത്. മറ്റു ശാസ്ത്രീയമായ തെളിവുകൾ പരിശോധിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സോഷ്യൽ മീഡിയയിലെയും, സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പൊലീസിന് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത്. കവർച്ചക്ക് വേണ്ടിയാണ് പ്രതി കൊലനടത്തിയത്. പ്രതിയുടെ മൊബൈൽ കുറ്റിപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് കേസിന് വഴിത്തിരിവായത്. രാജന്റെ കൈവശത്തു നിന്നും കവർന്ന സ്വർണ്ണാഭരണങ്ങളും, ബൈക്കും കണ്ടെത്തിയിട്ടില്ല.

ചൊവ്വാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡി അപേക്ഷ നൽകും. ദൃക്സാക്ഷികളോ പ്രതിയെ കണ്ടവരോ ഇല്ലാത്ത കൊലപാതക കേസിലാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസിനു പിടികൂടാനായത്. ഡിവൈഎസ്പി ആർ ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സിഐ പി എം മനോജ്, എസ്ഐ മാരായ സജീഷ്, ബാബുരാജ്, ഗ്രേഡ് എസ്ഐ മാരായ പ്രകാശൻ, കെ പി രാജീവൻ, എഎസ്ഐ മാരായ ഷാജി, യൂസഫ്, മനോജ്, സീനിയർ സിപിഒ മാരായ സൂരജ്, സജീവൻ എന്നിവരാണ് ഉണ്ടായിരുന്നത്.

വടകരയിലെ വ്യാപാരി രാജന്‍റെ കൊലപാതകം; ഒടുവില്‍ പ്രതി അറസ്റ്റില്‍, ഷഫീഖിലേക്ക് പൊലീസ് എത്തിയത് തന്ത്രപരമായി

Summary: Vadakara trader rajan’s murder Accused arrested