കാരശ്ശേരിയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ആറ് വയസ്സുകാരന്
കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം. കാരശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട ആറുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ഗ്രാമ പഞ്ചായത്തിലെയും നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി.
കാരശ്ശേരി പഞ്ചായത്തിൽ തന്നെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. നേരത്തെ പതിനെട്ടാം വാർഡിൽ പെട്ട പത്തു വയസ്സുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ പത്ത് വയസ്സുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. രോഗം റിപ്പോർട്ട് ചെയ്തത് രണ്ട് വാർഡുകളിലും വരുംദിവസങ്ങളിൽ പ്രത്യേക യോഗം വിളിച്ചു ചേർക്കാനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും തീരുമാനിച്ചു.
ജില്ലയിൽ വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു; കാരശ്ശേരിയിൽ പത്ത് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു
പഞ്ചായത്തുമായി ചേർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. അടുക്കള മുതൽ കിണറു വരെ എല്ലായിടത്തും പ്രത്യേക പരിശോധന ആണ് നിര്ദദ്ദേശിച്ചിരിക്കുന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണശാലകൾ, ഇറച്ചികടകൾ, മത്സ്യമാർക്കറ്റ് എന്നിവടങ്ങളിൽ പ്രത്യേക സ്ക്വാഡ് പരിശോധന തുടങ്ങി. എല്ലാ വാർഡുകളിലും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.
കിണറുകൾ ക്ലോറിനേഷൻ നടത്താനും പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവൽക്കരണം നടത്താനും കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി അയക്കാനും യോഗം തീരുമാനിച്ചു.