കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലും ഉൾപ്പെടെ നിരവധി തൊഴിലവസരങ്ങൾ; വിശദമായി അറിയാം


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ച് അറിയാം.

അപേക്ഷകള്‍ ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 25ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ഓൺലൈനായി (മെഡിക്കൽ ഓഫീസർ : https://tinyurl.com/yyhfvpht  സ്‌പെഷ്യൽ എജുക്കേറ്റർ : https://tinyurl.com/27hccmky ) അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2374990

ഇന്റർവ്യൂ

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, എമർജൻസി മെഡിസിൻ വിഭാഗം നടത്തുന്ന ഒരു വർഷത്തെ എമർജൻസി മെഡിസിൻ നഴ്‌സിംഗ് പ്രാക്ടിക്കൽ ട്രെയിനിംഗ്‌ പ്രോഗ്രാമിലേയ്ക്ക് ബി.എസ്.സി നഴ്‌സിംഗ്/ജി.എൻ.എം. നഴ്‌സിംഗ് കോഴ്സുകൾ പാസായവർക്ക് ആഗസ്റ്റ് 22ന് രാവിലെ 11 മണിക്ക് എച്ച്.ഡി.എസ് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഒരു വർഷം നീണ്ടു നിൽക്കുന്ന നഴ്‌സിംഗ് പ്രവൃത്തിപരിചയ പരിശീലന പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാർക്ക് ആദ്യത്തെ ആറുമാസം മൂവായിരം രൂപ സ്റ്റെപ്പെന്റോട് കൂടിയ ട്രെയിനിംഗും പിന്നീടുള്ള ആറുമാസം ഏഴായിരം രൂപ സ്റ്റൈപ്പന്റോട് കൂടിയുള്ള ട്രെയിനിംഗും ആയിരിക്കും.

ഇന്റർവ്യൂ

ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സി ഡി എം സി പദ്ധതിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥിയെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ആഗസ്റ്റ് 23 ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ നടക്കും. യോഗ്യത: എം ഫിൽ ക്ലിനിക്കൽ സൈക്കോളജിയും ആർ സി ഐ രജിസ്‌ട്രേഷനും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഐഡന്റിഫിക്കേഷൻ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

താത്കാലിക ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു

മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിൽ കോസ്മറ്റോളജി, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ് ), ഇന്റീരിയൽ ഡിസൈൻ ആൻഡ് ഡെക്കറേഷൻ എന്നീ ട്രേഡുകളിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരോ ഒഴിവിലേക്ക് താത്കാലിക ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി/മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡിപ്ലോമ/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബി.ടെക്/ ഒരു വർഷത്തെ പ്രവൃത്തി പരിചയം. താത്പര്യമുള്ളവർ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ആഗസ്റ്റ് 23ന് രാവിലെ പത്ത് മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2373976