കാലം വേർപെടുത്തിയ ആത്മസുഹൃത്തുക്കൾ അരനൂറ്റാണ്ടിനൊടുവിൽ വീണ്ടും കണ്ടുമുട്ടി; സമാഗമത്തിന് നിമിത്തമായത് കൊയിലാണ്ടിക്കാരൻ
കൊയിലാണ്ടി: ആത്മമിത്രങ്ങളായിരുന്നു, പക്ഷേ കാലം അവരെ വേർപിരിച്ചു. എന്നാൽ കൊയിലാണ്ടി സ്വദേശിയിലൂടെ അവരുടെ സൗഹൃദം വീണ്ടും പൂത്തു… നദി എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ജെസ്സിയും ആദ്യ ശബ്ദചിത്രമായ ബാലന്‍ എന്ന സിനിമയിലെ നായകന്‍ കെ.കെ അരൂരിന്റെ മകള്‍ ഓമനയുമാണ് 59 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയത്. ആ സമാഗമത്തിന് വഴിയൊരുക്കാൻ സാധിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് കൊയിലാണ്ടി തളയംപുനത്തില്‍ ശശീന്ദ്രന്‍.
ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചിരുന്ന ജെസ്സിയുടേയും ഓമനയുടേയും വിദ്യാഭാസം പാല ഗവ. സ്‌കൂളിലായിരുന്നു. ഉറ്റസുഹൃത്തക്കളായിരുന്ന ഇരുവരും സ്‌കൂള്‍ വിദ്യഭ്യാസത്തിന് ശേഷം പിരിഞ്ഞു. കത്തുകളയച്ച് സൗഹൃദം തുടര്‍ന്നിരുന്നെങ്കിലും ജോലിതിരക്കുകളെ തുടര്‍ന്ന് പിന്നീട് അതും ഇല്ലാതായി. അതോടെ രണ്ട് പേരും രണ്ടു വഴിക്കായി. എന്നാൽ കൗമാരത്തില്‍ കൂട്ടുപിരിഞ്ഞ സുഹൃത്തുക്കള്‍ 59 വര്‍ഷങ്ങള്‍ക്ക് ശേഷം വാര്‍ദ്ധക്യത്തിന്റെ ആരംഭത്തിലാണ് വീണ്ടും കണ്ടുമുട്ടിയത്. സംഗീതഗ്രൂപ്പുകളിലൂടെ ശശീന്ദ്രന്‍ അവതരിപ്പിക്കുന്ന ഗാനസ്മൃതി എന്ന പരിപാടിയാണ് സുഹൃത്തുക്കളുടെ സംഗമത്തിന് നിമിത്തമായത്.
ചാലക്കുടി കാർബൊറാണ്ടം കമ്പനിയിലെ ജീവനക്കാരനായ ശശീന്ദ്രന്‍ സംഗീതഗ്രൂപ്പുകളിലൂടെ പാട്ടിന്റെ പിന്നാമ്പുറ ചരിത്രം പറയുന്ന ഗാനസ്മൃതി പരിപാടിയുടെ ഒരു എപ്പിസോഡില്‍ തപ്പുകൊട്ടാമ്പുറം, തകിലുകൊട്ടാമ്പുറം എന്ന് തുടങ്ങുന്ന നദി സിനിമയിലെ ഗാനത്തില്‍ ചുവടുവച്ച് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച ജെസ്സി എന്ന പ്രതിഭയെ പറ്റി യാതൊരു അറിവുമില്ലെന്നു പരാമർശിച്ചിരുന്നു. ഇതുകേട്ട കോട്ടയത്തുള്ള ഒരു ശ്രോതാവ് തന്റെ സുഹൃത്തും ജെസിയുടെ ബന്ധുവുമായ ആളിന്റെ വിവരം ഗാനസ്മൃതിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ പാലയിലെ ചക്കാമ്പുഴയില്‍ വിശ്രമജീവിതം നയിക്കുന്ന ജെസ്സിയെ കണ്ടെത്തി. ജെസിയുടെ ഒരു അഭിമുഖം വേണമെന്നും ഇതിനായി കെ.കെ അരൂരിന്റെ ബന്ധുവും അവതാരികയുമായ ശ്രീദേവി ബന്ധപ്പെടുമെന്ന് ശശീന്ദ്രൻ അറിയിച്ചു.
എന്നാൽ കെ.കെ അരൂരിന്റെ മകള്‍ ഓമന തന്റെ അടുത്ത സുഹൃത്താണെന്നും, നേരില്‍ കണ്ടിട്ട് വര്‍ഷങ്ങളായെന്നും അവരെകാണാന്‍ ആഗ്രഹമുണ്ടെന്നും ജെസ്സി പറഞ്ഞു. അതോടെ അരനൂറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പിന് വിരാമമിട്ടവർ അന്ന് തന്നെ ഫോണിൽ വിളിച്ച് സൗഹൃദം പങ്കുവെച്ചു. ഒരാഴ്ച മുമ്പാണ് ഓമന ഡല്‍ഹിയില്‍ നിന്നും പാലയിലുള്ള ജെസ്സിയുടെ വീട്ടിലെത്തുന്നത്. മണിക്കൂറുകളോളം വിശേഷങ്ങള്‍ പങ്കുവച്ച ഇരുവരും വീണ്ടും കാണാം എന്നുപറഞ്ഞാണ് പിരിഞ്ഞത്.
നദി, കായകുളം കൊച്ചുണ്ണി, ആരോമലുണ്ണി, കാലചക്രം തുടങ്ങി 12 സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷമിട്ട ജെസ്സി പഠനത്തില്‍ മുഴുകിയതോടെ സിനിമ വിട്ടു. എഴുപത്തിരണ്ടുകാരിയായ ജെസ്സി പാല അല്‍ഫോന്‍സ കോളജില്‍ പ്രഫസറായാണ് വിരമിച്ചത്. 74 വയസ്സുള്ള ഓമന ഡല്‍ഹി കേന്ദ്രീയ വിദ്യാലയത്തിലെ പ്രിന്‍സിപ്പാളായിരുന്നു.