സ്‌കൂള്‍ കലോത്സവം: ആദ്യ ദിനം പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍ ഒന്നാമത്; ഇഞ്ചോടിഞ്ച് വ്യത്യാസത്തില്‍ കോഴിക്കോടും കൊല്ലവും രണ്ടും മൂന്നും സ്ഥാനങ്ങളില്‍


കോഴിക്കോട്: കനകകീരടത്തിന് 22 വര്‍ഷമായി കാത്തിരിക്കുന്ന കണ്ണൂരും രണ്ട് കലോത്സവങ്ങള്‍ക്ക് മുമ്പ് കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കാന്‍ ആതിഥേയരായ കോഴിക്കോടും കച്ചമുറുക്കിയിറങ്ങിയപ്പോള്‍ ആദ്യം ദിനം കലോത്സവ നഗരിയില്‍ കണ്ടത് ഇഞ്ചോടിഞ്ച് പോരാട്ടം. അറുപത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനത്താണ്. 232 പോയിന്റാണ് കണ്ണൂരിന്. തൊട്ടടുത്ത് 226 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് രണ്ടാം സ്ഥാനത്തും. 221 പോയിന്ററുമായി കൊല്ലം മൂന്നാം സ്ഥാനത്തു മുണ്ട്.

അഞ്ച് തവണ ചാമ്പ്യന്‍മാരായ തൃശൂര്‍ 220 പോയിന്റുമായി നാലാമതും രണ്ട് വര്‍ഷം തുടര്‍ച്ചയായി ചാമ്പ്യരായ പാലക്കാട് തൊട്ട് പിന്നിലുമാണുള്ളത്. ഇന്ന് 61 ഇനങ്ങളില്‍ മത്സരം നടക്കും.

ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 21 എണ്ണമാണ് പൂര്‍ത്തിയായത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 29, ഹൈസ്‌കൂള്‍ അറബിക് – 19ല്‍ ആറ്, ഹൈസ്‌കൂള്‍ സംസ്‌കൃതം – 19ല്‍ നാല് എന്നിങ്ങനെയാണ് പൂര്‍ത്തിയായ ഇനങ്ങള്‍. രണ്ടാം ദിനമായ ഇന്ന് 59 മത്സരങ്ങള്‍ വേദി കയറും. ഒപ്പന, ദഫ്മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി, ലളിത ഗാനം.. തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്ങള്‍ ആരംഭിക്കും. ആദ്യ ദിവസത്തെ പല മത്സരങ്ങളും സമയക്രമം തെറ്റി ആരംഭിച്ചതോടെ വളരെ വൈകിയാണ് വേദികള്‍ ഉറങ്ങിയത്.

രണ്ട് വര്‍ഷത്തിന്റെ ഇടവേളക്ക് ശേഷം അരങ്ങുണര്‍ന്ന 61ാമത് സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന വേദിയായ വിക്രം മൈതാനിയിലെ അതിരാണിപ്പാടത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു. നടി ആശാ ശരത് മുഖ്യാതിഥിയായിരുന്നു.