അര്‍ജന്റീനയ്ക്ക് സൗദിയുടെ ഷോക്കിങ് സര്‍പ്രൈസ്; ആദ്യ മത്സരത്തിലെ പരാജയം രണ്ടിനെതിരെ ഒരു ഗോളിന് (വീഡിയോ കാണാം)


ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന പരാജയം. സൗദി അറേബ്യയോട് രണ്ടിനെതിരെ ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ലൂസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്താം മിനുറ്റില്‍ ഗോള്‍ നേടി അര്‍ജന്റീന മുന്നിട്ട് നിന്ന ശേഷമാണ് പരാജയത്തിലേക്ക് കൂപ്പുകുത്തിയത്.

സൂപ്പര്‍ താരം ലയണല്‍ മെസിയാണ് പത്താം മിനുറ്റില്‍ അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. അര്‍ജന്റീനയ്ക്ക് ലഭിച്ച പെനാല്‍റ്റി മെസി വളരെ എളുപ്പത്തില്‍ ഗോളാക്കി മാറ്റി. എന്നാല്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ അര്‍ജന്റീനയെ പിടിച്ച് കെട്ടാനും രണ്ട് ഗോളുകള്‍ മറുപടിയായി അടിക്കാനും കഴിഞ്ഞതോടെയാണ് മത്സരത്തില്‍ സൗദി ആധിപത്യം നേടിയത്.

ആദ്യപകുതിയില്‍ അര്‍ജന്റീനയുടെ മൂന്ന് ഗോളുകളാണ് സൗദി ഓഫ് സൈഡ് കെണിയില്‍ പെടുത്തിയത്. രണ്ടാം പകുതി ആരംഭിച്ചതോടെ കനത്ത ആക്രമണമാണ് സൗദിപ്പട അഴിച്ച് വിട്ടത്. നാല്‍പ്പത്തിയെട്ടാം മിനുറ്റില്‍ സാല അല്‍ ഷെഹ്‌റിയുടെ ഗോളിലൂടെ സമനില പിടിച്ച സൗദി അഞ്ച് മിനുറ്റിനുള്ളില്‍ അന്‍പത്തി മൂന്നാം മിനുറ്റില്‍ സാലെം അല്‍ ഡവ്‌സാരിയിലൂടെ വിജയഗോളും നേടി.

വീഡിയോ കാണാം: