കരവിരുതിന്റെ കൗതുകക്കാഴ്ചകള്‍ കാണാന്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ 19 ദിവസത്തിനിടെയെത്തിയത് രണ്ടുലക്ഷത്തിലേറെയാളുകള്‍; അന്താരാഷ്ട്ര കലാ-കരകൗശലമേളയ്ക്ക് പ്രൗഢഗംഭീരമായ സമാപനം


ഇരിങ്ങല്‍: പത്തൊന്‍പത് ദിവസം നീണ്ടുനിന്ന കരകൗശല മേളയ്ക്ക് പ്രൗഢഗംഭീരമായ സമാപനം. സമാപന സമ്മേളനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.

ലോക ശ്രദ്ധയാകര്‍ഷിക്കുന്ന മേളകളിലൊന്നായി സര്‍ഗാലയ അന്താരാഷ്ട്ര കലാ- കരകൗശല മേള മാറുമെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. കരകൗശല മേഖലയുടെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതില്‍ വന്‍ കുതിപ്പാണ് ചുരുങ്ങിയ കാലം കൊണ്ട് സര്‍ഗാലയ കൈവരിച്ചത്. മേളയിലേക്ക് വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തില്‍ പരം ആളുകളെത്തിയത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.

കരകൗശല മേഖല, കൈത്തറി മേഖല, കളിമണ്‍ പൈതൃക മേഖല, പരമ്പരാഗത കലാപ്രദര്‍ശന മേഖല എന്നിവ ആസ്പദമാക്കിയാണ് ഡിസംബര്‍ 22 മുതല്‍ മേള സംഘടിപ്പിച്ചത്. ഇന്ത്യയിലേയും വിദേശത്തെയും കരകൗശല വിദഗ്ധരുടെ കലാവൈഭവം പ്രകടമാക്കുന്നതായിരുന്നു മേള.

കൊയിലാണ്ടി ന്യൂസ് ഡോട് കോം ചീഫ് എഡിറ്റര്‍ മുഹമ്മദ് ജദീര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

26 സംസ്ഥാനങ്ങളില്‍ നിന്നും 500 ല്‍പരം കരകൗശല വിദഗ്ധരും ബംഗ്ലാദേശ്, ജോര്‍ദാന്‍, കിര്‍ഗിസ്ഥാന്‍, നേപ്പാള്‍, സിറിയ, താജിക്കിസ്ഥാന്‍, തായ്‌ലാന്‍ഡ്, മൗറീഷ്യസ്, ഉസ്‌ബെക്കിസ്ഥാന്‍, ലെബനന്‍ തുടങ്ങി 10 ല്‍ പരം രാജ്യങ്ങളിലെ കരകൗശല കലാകാരന്മാരാണ് മേളയില്‍ പങ്കെടുത്തത്. ഉസ്‌ബെക്കിസ്ഥാന്‍ മേളയുടെ പാര്‍ട്ണര്‍ രാജ്യമാണ്.

ശ്രീജിത്ത് ശിവപാതയും സംഘവും അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെയാണ് പരിപാടി ആരംഭിച്ചത്. 30 കെ ബറ്റാലിയന്‍ എന്‍.സി.സി, 122 ബറ്റാലിയന്‍ ടെറിട്ടോറിയല്‍ ആര്‍മി എന്നിവരുടെ കലാപരിപാടികളും അരങ്ങേറി. മുരളി വാഴയൂരും സംഘവും അവതരിപ്പിച്ച തിറയാട്ടം, കോട്ടക്കല്‍ റിഫായി ദഫ് സംഘം ദഫ് മുട്ട്, പാനൂര്‍ വാഗ്ഭടാനന്ദ കോല്‍ക്കളി സംഘത്തിന്റെ വനിതാ കോല്‍ക്കളിയുമുണ്ടായിരുന്നു.

ചടങ്ങില്‍ പയ്യോളി നഗരസഭാ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് അധ്യക്ഷത വഹിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനുള്ള ഉപഹാരം യു.എല്‍.സി.സി ചെയര്‍മാന്‍ പാലേരി രമേശന്‍ കൈമാറി. റൂറല്‍ എസ്.പി ആര്‍.കറുപ്പസ്വാമി മുഖ്യപ്രഭാഷണം നടത്തി. മേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള ഉപഹാരം മന്ത്രി കൈമാറി. മികച്ച വാര്‍ത്താ റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള പ്രിന്റ്, വിഷ്വല്‍, ഓണ്‍ലൈന്‍ മീഡിയ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. മികച്ച വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനുള്ള ഓണ്‍ലൈന്‍ മീഡിയ അവാര്‍ഡുകളില്‍ രണ്ടാം സ്ഥാനം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.

നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് അഷ്‌റഫ്, കോഴിക്കോട് ജില്ലാ ടൂറിസം ജോയിന്റ് ഡയറക്ടര്‍ ടി.ജി അഭിലാഷ്, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ മുഹമ്മദ് റിയാസ്, സമഗ്ര ശിക്ഷാ കേരള സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ. ബി ഷാജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സര്‍ഗാലയ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.പി ഭാസ്‌ക്കരന്‍ സ്വാഗതവും ഹോസ്പിറ്റാലിറ്റി മാനേജര്‍ എം.ടി സുരേഷ് ബാബു നന്ദിയും പറഞ്ഞു.