‘വിദൂര സ്ഥലങ്ങളില്‍ നിന്ന് ചൂതാട്ടത്തിനും ശീട്ടു കളിക്കും ആളുകള്‍ എത്തുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു’; ഏക്കാട്ടൂരിലെ ലഹരി – ചൂതാട്ട സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്


മേപ്പയൂര്‍: കാരയാട് ഏക്കാട്ടൂരില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും ചൂതാട്ടത്തിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തം. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ (സി.യു.സി) സംയുക്ത കണ്‍വന്‍ഷനാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രദേശത്ത് ലഹരി വില്‍പന സംഘം സജീവമാണ്. വിദൂര സ്ഥലത്തു നിന്നും ചൂതാട്ടത്തിനും ശീട്ടു കളിക്കും ആളുകള്‍ എത്തുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നുണ്ട്. വിദേശ മദ്യം അനധികൃതമായി വില്‍ക്കുന്ന സംഘം പ്രദേശത്ത് സജീവമാണ്. മദ്യപാനികളായ അപരിചിതര്‍ കുമുള്ളംതറ, വെള്ളറങ്കോട്ട് താഴെ മേഖലയില്‍ എത്തുന്നുണ്ട്. അനധികൃത മദ്യവില്‍പനക്കെതിരെ കോണ്‍ഗ്രസ് മേഖലാ കമ്മിറ്റി പല തവണ പരാതിപ്പെട്ടങ്കിലും നടപടിയുണ്ടായില്ലെന്നും പറഞ്ഞു.

ചൂതാട്ടക്കാരെയും മദ്യവില്‍പനക്കാരെയും ചിലര്‍ സംരക്ഷിക്കുകയാണെന്നും അധികൃതരുടെ അനാസ്ഥക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ അറിയിച്ചു. ലഹരിക്കെതിരെ പ്രദേശത്ത് വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു.

ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ അശോകന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ കോയക്കുട്ടി അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സൈറാ ബാനു, കെ.പി രാമചന്ദ്രന്‍ മാസ്റ്റര്‍, അമ്മദ് ചാത്തോത്ത്, സി രാമദാസ്, കെ അഷറഫ് മാസ്റ്റര്‍, അനസ് കാരയാട്, എസ് മുരളീധരന്‍ , ടി മുത്തു കൃഷ്ണന്‍ , പി.എം മോഹനന്‍ എന്നിവര്‍ സംസാരിച്ചു.