ടുണീഷ്യയില്‍ നിന്നുള്ള കരകൗശല വസ്തുക്കള്‍ മാത്രമല്ല, കൈകളില്‍ ‘ടാറ്റൂ’ കൂടി ചെയ്തുതരും; സര്‍ഗാലയയില്‍ മനംമയക്കും ഗന്ധമുള്ള ചിത്രപ്പണികളുമായി മേളയ്‌ക്കെത്തുന്നവരെ കയ്യിലെടുക്കുകയാണ് ഈ യുവതി


ജിന്‍സി ബാലകൃഷ്ണന്‍

ഇരിങ്ങല്‍: ടുണീഷ്യയില്‍ നിന്നുള്ള മനോഹരമായ വസ്ത്രങ്ങളും മറ്റ് കരകൗശല വസ്തുക്കളും കൊണ്ട് മാത്രമല്ല, പ്രത്യേകതരം ‘ടാറ്റൂ’ കൊണ്ടും മേളയ്‌ക്കെത്തുന്നവരെ കയ്യിലെടുക്കുകയാണ് രാജയെന്ന യുവതി. ടുണീഷ്യയിലെ പ്രത്യേകതരം സസ്യത്തില്‍ നിന്നെടുക്കുന്ന ഉല്പന്നം ഉപയോഗിച്ചാണ് രാജയുടെ ചിത്രപ്പണി.

അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ ചെറിയൊരു ചെപ്പ്, അതില്‍ പച്ചനിറത്തില്‍ നമ്മുടെ മൈലാഞ്ചിപോലെ തോന്നുന്നൊരു വസ്തു അതുപയോഗിച്ചാണ് ഈ വര. വളരെ നേര്‍ത്ത മുനയുള്ള കമ്പ് ഉപയോഗിച്ച് ഈ വസ്തുവില്‍ കുത്തിയശേഷം ശരീരഭാഗത്ത് വരയ്ക്കുകയാണ് ചെയ്യുന്നത്. വരച്ച് അല്പം നേരം കൊണ്ടുതന്നെ ഇത് ഉണങ്ങും. മൈലാഞ്ചി നമ്മള്‍ കഴുകി കളയുകയാണെങ്കില്‍ ഇത് കഴുകുകയൊന്നും വേണ്ട, പച്ചനിറത്തില്‍ ഈ ചിത്രം കൈകളില്‍ പതിഞ്ഞിട്ടുണ്ടാവും. ചിത്രത്തിന്റെ ഭംഗിമാത്രമല്ല, മനോഹരമായ ഒരു ഗന്ധം കൂടിയുണ്ട് ഇതിന്.

രണ്ടാഴ്ചയോളം ഇവ മായാതെ കിടക്കുമെന്നാണ് രാജ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. സര്‍ഗാലയയും ഇവിടെ എത്തുന്നവരെയും ഏറെ ഇഷ്ടമായെന്നും അവര്‍ പറയുന്നു. വളരെ സ്‌നേഹത്തോടെ പെരുമാറുന്നവരാണ് മലയാളികള്‍. കുശലാന്വേഷണം നടത്തിയും കൂടെനിന്ന് ഫോട്ടോയെടുത്തുമാണ് പലരും മടങ്ങുന്നത്. ചൂട് കാലാവസ്ഥയും അല്പം എരിവ് കൂടിയ ഭക്ഷണരീതിയും ഒഴിച്ചാല്‍ കേരളം ഏറെ ഇഷ്ടമായെന്നും രാജ പറയുന്നു.