എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പും മൂന്ന് യാത്രക്കാരുടെ മരണവും; 2023ല്‍ കൊയിലാണ്ടിയില്‍ നിന്നുവന്ന ഏറ്റവും ഞെട്ടിച്ച വാര്‍ത്ത


കൊയിലാണ്ടി: 2023ല്‍ കൊയിലാണ്ടി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത, ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായ വിഷയം, അത് എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് ആണ്. 2023 ഏപ്രില്‍ രണ്ടാം തിയ്യതി അവസാനിച്ചത് ഈ ഞെട്ടിക്കുന്ന സംഭവത്തോടെയായിരുന്നു.

ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ ഡി1 റിസര്‍വ്ഡ് കോച്ചില്‍ അജ്ഞാതനായ യാത്രക്കാരന്‍ യാത്രക്കാര്‍ക്കുനേരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പരിഭ്രാന്തിയില്‍ ട്രെയിനില്‍ നിന്ന് ചാടിയ ഒരു കുട്ടിയടക്കം മൂന്നുപേര്‍ മരിക്കുകയും ഒമ്പതുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവം തീവ്രവാദി ആക്രമണമായി ചിത്രീകരിക്കപ്പെട്ടു.

സംഭവത്തില്‍ കേരളാ പൊലീസിന്റെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും സമയോചിത ഇടപെടലുണ്ടായി. ഈ ആക്രമണം ആസൂത്രിതമാണെന്ന് ആദ്യമേ തന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സംഭവസ്ഥലത്തിന് അടുത്തുള്ള ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണങ്ങള്‍ ആരംഭിച്ചു. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗ് റെയില്‍വേ ട്രാക്കില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് പ്രതിയെ കണ്ടെത്താന്‍ സഹായകമായി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി നോയ്ഡ സ്വദേശിയായ ഫാറൂഖ് സെയ്ഫിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. സംഭവം നടന്ന് മൂന്നാം ദിവസം മഹാരാഷ്ട്രയിലെ രത്‌നഗിരി റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ച് പ്രതിയെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘത്തിന്റെ സഹായത്തോടെ കേരള പൊലീസ് പിടികൂടി..

തുടര്‍ന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയ്ക്ക് കേസ് കൈമാറി. 2023 അവസാനിക്കുമ്പോള്‍ ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കൊച്ചി എന്‍.ഐ.എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു, വിചാരണ കാത്തിരിക്കുകയാണ്.

നടന്നത് ജിഹാദി പ്രവര്‍ത്തനമാണെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായ പ്രതി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ഉദ്ദേശത്തോടെ മാര്‍ച്ച് 30ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. ഏപ്രില്‍ രണ്ടിന് ഷൊര്‍ണൂരില്‍ എത്തി അവിടെ നിന്നും പെട്രോളും ലൈറ്ററും വാങ്ങിയശേഷം ട്രയിനില്‍ കയറി. തന്നെ പരിചയമില്ലാത്ത സ്ഥലമായതിനാലാണ് ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതെന്നാണ് പ്രതിയുടെ മൊഴി. തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിലെ സന്തോഷം ഉള്‍ക്കൊണ്ട് തിരിച്ച് ഡല്‍ഹിയിലെത്തി സാധാരണ ജീവിതം നയിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൃത്യത്തില്‍ മറ്റാര്‍ക്കും നേരിട്ട് പങ്കില്ലെന്നാണ് എന്‍.ഐ.എ കണ്ടെത്തിയിട്ടുള്ളത്. എന്തായാലും ഈ കേസിലെ മറ്റുനടപടികളും വിധി പ്രസ്താവവുമെല്ലാം വരുംവര്‍ഷമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.