കൊല്ലത്ത് വിവാഹവീട്ടില്‍വെച്ച് സി.പി.എം പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം; ആര്‍.എസ്.എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ റിമാന്‍ഡില്‍


കൊയിലാണ്ടി: കൊല്ലത്തെ വിവാഹവീട്ടില്‍വെച്ച് സി.പി.എം പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ റിമാന്‍ഡില്‍. കണിയാംകുളത്ത് അതുല്‍ബാബു, കണിയാംകുന്നുമ്മല്‍ അരുണ്‍ ജ്യോതി, ഹിരണ്‍ പടിഞ്ഞാറെ വളപ്പില്‍ എന്നിവരെയാണ് കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

കേസില്‍ പ്രതിയായ ആനന്ദ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. മറ്റൊരു പ്രതിയായ അശ്വിന്‍ ബാബു ഒളിവിലാണ്. റിമാന്‍ഡിലായ അതുല്‍ ബാബുവിന്റെ സഹോദരങ്ങളാണ് ആനന്ദും അശ്വിനും.

ഏപ്രില്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലത്ത് കല്ല്യാണ വീട്ടില്‍വെച്ച് സി.പി.എം ബ്രാഞ്ച് മെമ്പര്‍ സുഭീഷ് പൂണാട്ടില്‍, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അരുണ്‍ അരവീട്ടില്‍ എന്നിവരെ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നാണ് കേസ്.

പ്രതികള്‍ ഒരുമാസത്തോളമായി ഒളിവിലായിരുന്നു. ഇതിനിടെ പ്രതികള്‍ ഹൈക്കോടതിയിലടക്കം മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ മറ്റു പല കേസുകളിലും പ്രതിയായതിനാല്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.