ഗോവയെ അടിച്ചുപറത്തി കൊയിലാണ്ടിക്കാരന്‍ രോഹന്‍ എസ്.കുന്നുമ്മല്‍; വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ജയം; രോഹന് സെഞ്ച്വറി
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്‌ക്കെതിരായ മത്സരത്തില്‍ കൊയിലാണ്ടി സ്വദേശി രോഹന്‍ എസ്.കുന്നുമ്മലിന് സെഞ്ച്വറി. 101 ബോളില്‍ 134 റണ്‍സെടുത്ത രോഹന്‍ സിദേഷ് ലാദിന്റെ ബോളില്‍ ലാക്ഷെ ഗാര്‍ഗ് ക്യാച്ചെടുത്ത് പുറത്താവുകയായിരുന്നു. നാല് സിക്‌സും 17 ഫോറും അടങ്ങിയ രോഹന്റെ ഇന്നിങ്‌സാണ് സ്‌കോര്‍ ഉയര്‍ത്താന്‍ കേരളത്തിന് തുണയായത്.
ആദ്യം ബാറ്റ് ചെയ്ത ഗോവ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗോവയെ മൂന്ന് വിക്കറ്റ് നേടിയ അകില്‍ സ്‌കറിയയാണ് തകര്‍ത്തത്. 69 റണ്‍സ് നേടിയ ദര്‍ശന്‍ മിഷാലാണ് ഗോവയുടെ ടോപ് സകോറര്‍.
മോശം തുടക്കമായിരുന്നു ഗോവയ്ക്ക്. സ്‌കോര്‍ബോര്‍ഡില്‍ 52 റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. വൈഭവ് ഗോവെകര്‍ (4), സ്നേഹല്‍ കൗന്തന്‍കര്‍ (14), ഏക്നാദ് (22) എന്നിവരാണ് മടങ്ങിയത്. 20-ാം ഓവറില്‍ സിദ്ധേഷ് ലാഡ് (12) റണ്ണൗട്ടായതോടെ നാലിന് 79 എന്ന നിലയിലായി ഗോവ. പിന്നീട് സുയഷ് പ്രഭുദേശായ് (34), ദര്‍ശന്‍ (69), ദീപക് ഗവോങ്കര്‍ എന്നിവരുടെ ഇന്നിംഗ്സാണ് ഗോവയെ കരകയറ്റിയത്. മോഹിത് റെദ്കകര്‍ (23), അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ (2) എന്നിവര്‍ പുറത്താവാതെ നിന്നു. ലക്ഷയ് ഗാര്‍ഗ് (3) പുറത്താവാതെ നിന്നു. അഖിലിന് പുറമെ എന്‍ പി ബേസില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. വിനൂപ്, കെ എം ആസിഫ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
ഗോവ ഉയര്‍ത്തിയ 242 റണ്‍സ് പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
നേരത്തെ ഹിമാചലിനെതിരേയും രോഹന്റെ ഇന്നിംഗ്സാണ് കേരളത്തെ ജയിപ്പിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഹിമാചല്‍ 29.3 ഓവറില്‍ 102ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ കേരളം 10.3 ഓവറില്‍ ലക്ഷ്യം മറികടന്നു. രാഹുലിന്റെ വിക്കറ്റ് മാത്രമാണ് കേരളത്തിന് നഷ്ടമായത്. രോഹന്‍ 28 പന്തില്‍ 77 റണ്‍സുമായി പുറത്താവാതെ നിന്നു.
കേരളത്തിന്റെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ കേരളം, ഹിമാചല്‍ പ്രദേശിനെതിരെ പത്ത് വിക്കറ്റിന് ജയിച്ചിരുന്നു. ബിഹാറിനെ 88 റണ്‍സിന് തോല്‍പ്പിച്ചാണ് ഗോവയെത്തുന്നത്.