‘കൊയിലാണ്ടി ഭാഗത്ത് നിലനിന്നിരുന്ന ജന്മി, ഗുണ്ടാ അക്രമണത്തിനെ ചെറുത്തു നില്ക്കാൻ ശങ്കരന്റെ സംഘം എപ്പോഴും തയ്യാറായിരുന്നു, കർഷക സംഘത്തെ വളർത്താനും യുവാക്കളെ പ്രോത്സാഹിപ്പിക്കാനും എപ്പോഴും ഉത്സാഹവാനായിരുന്നു’; കൊയിലാണ്ടിയുടെ നിറവും നിഴലുമായിരുന്ന ശങ്കരേട്ടന്റെ ഓർമ്മകളിലേക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയുടെ പൊതു പ്രവർത്തന രംഗത്തെ ഓർമ്മകളിലെ മറക്കാനാവാത്ത മുഖമാണ് നാട്ടുകാരുടെയെല്ലാം പി.കെ.ശങ്കരേട്ടൻ. സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും കൊയിലാണ്ടി ഏരിയാ സെക്രട്ടറിയായി ദീർഘക്കാലം പ്രവർത്തിച്ച പാർട്ടി വിത്യാസമില്ലാതെ നാട്ടുകാർ സ്നേഹിച്ച പ്രവർത്തകനാണ് ഇദ്ദേഹം.
പാർട്ടി വളർന്നു വരുന്ന സമയത്ത് നിലനിന്നിരുന്ന ജാതി മേധാവിത്വത്തിനും അന്ധവിശ്വാസങ്ങൾക്കും എതിരെയുള്ള പോരാട്ടങ്ങൾക്കും കർഷകരെ സംഘടിപ്പിക്കുന്നതിനും തൊഴിലാളികളെ അവകാശ ബോധമുള്ളവരാക്കുന്നതിലും സന്നദ്ധതയും അത്മാർത്ഥതയും കാണിച്ചിരുന്ന പാർട്ടി പ്രവർത്തകരെ ഓരോത്തരെയും പ്രോത്സാഹിപ്പിക്കുന്നതിന് ശങ്കരേട്ടൻ പ്രത്യേകം ശ്രദ്ധ ചിലത്തിയിരുന്നു.
യുവാക്കളെ ഓരോരുത്തരെയും വ്യക്തിപരമായി മനസ്സിലാക്കി അവരുടെ കഴിവുകൾ അനുസരിച്ച് പുതിയ ചുമതലകൾ ഏൽപ്പിക്കാനും ശങ്കരേട്ടൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നേതാക്കൾക്ക് മാതൃകയാക്കി എടുക്കാവുന്ന ശാലീനമായ പ്രകൃതം. കാർക്കശ്യത്തിൽ ഒട്ടും കുറവ് വരുത്തില്ലെങ്കിലും സഖാക്കളെ വഴിതെറ്റാതെ നയിക്കാൻ ഈ വിപ്ലവകാരി ഇപ്പോഴും ശ്രദ്ധിക്കുമായിരുന്നു.
കൊയിലാണ്ടി ഭാഗത്ത് നിലനിന്നിരുന്ന ജന്മി, ഗുണ്ടാ അക്രമണത്തിനെ ചെറുത്തു നില്ക്കാൻ ശങ്കരന്റെ സംഘം എപ്പോഴും തയ്യാറായിരുന്നു. അങ്ങനെ നാട്ടിലെ എല്ലാ ആവശ്യങ്ങൾക്കും മുന്നിട്ടിറങ്ങിയ ചെറുപ്പക്കാരൻ പതിയെ നാടിൻറെ ശങ്കരേട്ടനായി, ഇതിനിടെയിൽ ജയിൽവാസവും.
പ്രവർത്തകരുമായി മാത്രമല്ല അവരുടെ കുടുംബമായും സ്നേഹബന്ധം പുലർത്താൻ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. സന്തോഷത്തിന്റെയും സങ്കടത്തിനെയും ഭാഗവാക്കാവാൻ അദ്ദേഹം ഇപ്പോഴും മുന്പന്തിയിലുണ്ടായിരുന്നു. നാടിനെ തൊട്ടറിഞ്ഞ പ്രവർത്തകരുടെ പിൻബലമായിരുന്ന ശങ്കരേട്ടന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമമർപ്പിക്കുകയാണ് ആ സ്നേഹം ഏറ്റു വാങ്ങിയിട്ടുള്ള പ്രവർത്തകർ. കൊയിലാണ്ടിയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിനു നേതൃത്വം നൽകിയ സഖാവിനെ ഓർമിച്ചു കൊണ്ട് അശോകൻ കൊട്ട് എഴുതിയ കുറിപ്പ് വായിക്കാം.
അശോകൻ കോട്ടിന്റെ ഓർമ്മകുറിപ്പിലേക്ക്:
സഖാവ് പി കെ ശങ്കരേട്ടൻ ഓർമദിനമാണിന്ന്. സഖാവിന്റെ കീഴിൽ രണ്ട് ദശാബ്ദത്തിലേറേകാലം പാർട്ടി പ്രവർത്തനത്തിൽ പങ്കുകൊണ്ട സഖാവാണ് ഞാൻ. അദ്ദേഹം പാർട്ടി ഏരിയ സെക്രട്ടറി ആയിരിക്കുമ്പോൾ ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. അതിന്റെ ഒരുപാട് നല്ല ഓർമ്മകൾ ഈ ഓർമദിനത്തിൽ എന്റെ മനസിലേക്ക് ഓടിയെത്തുന്നു.
തൂവെള്ള വസ്ത്രധാരിയായി മുറുക്കി ചുവപ്പിച്ച ചുണ്ടും, കണ്ണിനെ മുഴുവൻ മൂടുന്ന കണ്ണടയും, കയ്യിലൊരു നീളൻകുടയും, മുഖത്ത് നിറഞ്ഞ ചിരിയുമായി സഖാക്കളുടെ അടുത്തേക്ക് ഇറങ്ങിവന്ന് കുടുംബംകാര്യവും, രാഷ്ട്രീയവും അന്വേഷിക്കുന്ന കാരണവർ. പുതു തലമുറ നേതാക്കൾക്ക് മാതൃകയാക്കി എടുക്കാവുന്ന ശാലീനമായ പ്രകൃതം.
പാർട്ടി കമറ്റികളിൽ മേൽകമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കാനും, അതിനിടൊപ്പം സഖാക്കളെ അണിനിരത്താനുമുള്ള അസാമാന്യ കഴിവ് ശങ്കരേട്ടന് മാത്രം അവകാശപ്പെട്ടത്. തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിനു പകരം ബോധ്യപ്പെടുത്തി സഖാക്കളെ പ്രവർത്തനത്തിലിറക്കാനുള്ള നേതൃ ഗുണം പുതിയ സഖാക്കൾക്ക് മാതൃകയാക്കാവുന്നതാണ്. പാർടികമ്മിറ്റികളിൽ സഖാക്കളുടെ ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും കൃത്യമായി മറുപടി നൽകാനും, അറിയാത്ത വിഷയങ്ങൾ അടുത്ത കമ്മിറ്റിയിൽ മറുപടി പറയാമെന്ന്പറഞ്ഞ് അടുത്ത യോഗത്തിൽ
മറക്കാതെ മറുപടി പറയുന്നത് ശീലമാക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ്.(നമ്മൾ മറന്നുപോയ ശീലം).
കാർക്കശ്യത്തിൽ ഒട്ടും കുറവ് വരുത്താതെ സഖാക്കളെ വഴിതെറ്റാതെ നയിക്കാൻ പ്രാപ്തി നേടിയ വിപ്ലവകാരി. വ്യക്തി ജീവിതത്തിൽ ഒരു കമ്മ്യൂണിസ്റ്റ് എന്തായിരിക്കണമെന്ന് അണികൾക്ക് മാതൃകയായ നേതാവ്. തത്വ ശാസ്ത്രത്തിന്റെ തലക്കനം പേറാത്ത ആദർശധീരൻ അന്ധവിശ്വാസങ്ങൾക്കും, അനാ ചാരങ്ങൾക്കും എതിരെ പോരാടിച്ച, അവകാശപോരാട്ടങ്ങൾക്ക് നേടുനായകത്വം വഹിച്ച പോരാളി. അമിതാധികാര ശക്തികളുടെ തേർവാഴ്ച്ചക്കെതിരെ പടനയിച്ച് കാരാഗൃഹം വരിച്ച പടയാളി. ഒരു കാലഘട്ടത്തിന്റെ നിറവും, നിഴലുമായി
ജനങ്ങളിൽ ജീവശ്വാസമായി അലിഞ്ഞുചേർന്ന സഖാവിന്റെ സ്മരണക്കുമുൻപിൽ ആദരാജ്ഞലികൾ.