കോഴിക്കോട് ജില്ലയില്‍ 1100 റേഷന്‍ കടകളില്‍ പ്രതിസന്ധി; സംസ്ഥാനത്ത് വീണ്ടും സര്‍വര്‍ തകരാര്‍ മൂലം റേഷന്‍ വിതരണം തടസപ്പെട്ടു


കോഴിക്കോട്: ഇപോസ് മെഷീന്‍ സെര്‍വര്‍ തകരാര്‍ കാരണം സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസ്സപ്പെട്ടു. കോഴിക്കോട് ജില്ലയിലെ 1100 റേഷന്‍ കടകളിലെ റേഷന്‍ വിതരണം സര്‍വര്‍ തകരാര്‍ മൂലം തടസപ്പെട്ടു.

സിസ്റ്റം തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്നും സാങ്കേതിക തകരാര്‍ അര മണിക്കൂറില്‍ പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പ്രതികരിച്ചു. സെര്‍വര്‍ തകരാര്‍ മൂലം കഴിഞ്ഞ മാസം പകുതിയിലേറെ കാര്‍ഡുടമകള്‍ക്കാണ് റേഷന്‍ മുടങ്ങിയത്.

പാലക്കാട് താലൂക്കില്‍ 167 റേഷന്‍ കടകളിലും വിതരണം തടസ്സപ്പെട്ടു. കോഴിക്കോടും തൃശൂരിലും റേഷന്‍ വിതരണം തടസ്സപ്പെട്ടു. ഇ പോസ് തകരാര്‍ കാരണം എറണാകുളത്തെ റേഷന്‍ കടകളിലും വിതരണം തടസ്സപ്പെട്ടു. 80 ശതമാനം കടകളിലും വിതരണം തടസ്സപ്പെട്ടെന്ന് വ്യാപാരികള്‍ വിശദമാക്കുന്നത്. 1300 ല്‍ അധികം റേഷന്‍ കടകളാണ് ജില്ലയിലുള്ളത്. വയനാട്ടിലും പലയിടങ്ങളിലും ഇ പോസ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ല.

ഏപ്രില്‍ മാസം മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും മഞ്ഞ കാര്‍ഡുടമകള്‍ 97 ശതമാനവും പിങ്ക് കാര്‍ഡുടമകള്‍ 93 ശതമാനവും റേഷന്‍ വിഹിതം കൈപ്പറ്റി. ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മെയ് അഞ്ച് വരെ നീട്ടുകയും മെയ് മാസത്തെ റേഷന്‍ വിതരണം മെയ് ആറിനാണ് ആരംഭിക്കുകയും ചെയ്തത്.