ആദ്യം വീട്ടില്‍ നിന്ന് ‘കുടിയിറക്കി’, ഇപ്പോള്‍ കുടിവെള്ളവും മുട്ടിച്ചു; കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ തടയാനുള്ള പ്രവൃത്തി കാരണം കുഴല്‍കിണര്‍ ഉപയോഗശൂന്യമായി


കൊല്ലം: ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ തടയാനുള്ള പ്രവൃത്തി കാരണം കുന്ന്യോറമലയില്‍ കുഴല്‍ കിണര്‍ ഉപയോഗശൂന്യമായി. കുന്ന്യോറമല പുഷ്പയുടെ വീട്ടിലെ കുഴല്‍ കിണറാണ് ഉപയോഗശൂന്യമായത്. പ്രദേശവാസികളായ നിരവധി പേര്‍ക്ക് ആശ്രയമായിരുന്ന കിണര്‍ ജീവനക്കാരുടെ അശ്രദ്ധകാരണമാണ് നാശമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

വലിയ തോതില്‍ മണ്ണിടിച്ചലുണ്ടായ ഭാഗത്ത് ബലപ്പെടുത്തല്‍ പ്രവൃത്തിയാണ് നടക്കുന്നത്. ഏറ്റവും ഉയര്‍ന്ന ഭാഗത്തെ രണ്ടുവശത്തെയും കൂറ്റന്‍ മതിലുകള്‍ ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. മതിലിനുള്ളില്‍ ഇരുമ്പ് കമ്പികള്‍ യന്ത്രം അടിച്ചുകയറ്റി കോണ്‍ക്രീറ്റ് സ്‌പ്രേ ചെയ്ത് നിറക്കുകയാണ് ചെയ്യുന്നത്. ഇതിനായി 11മീറ്ററോളമാണ് കമ്പി കയറ്റുന്നത്. കുഴല്‍ കിണറുള്ള ഭാഗങ്ങളില്‍ ഇത് ആറുമീറ്ററായി ചുരുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കിണറില്‍ നിന്നും അല്പം മാറിയുള്ള ഭാഗത്തുവരെ കമ്പി കയറ്റാന്‍ സ്ഥലം മാര്‍ക്കു ചെയ്യുകയും ചെയ്തിരുന്നു.

മുകള്‍ ഭാഗത്തുണ്ടായിരുന്ന കിണറുകളുടെ അടുത്ത് ഈ രീതിയില്‍ ചെയ്തതിനാല്‍ അവയ്ക്ക് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പുഷ്പയുടെ വീട്ടുകാരുടെ ശ്രദ്ധയൊന്നു തെറ്റിയപ്പോള്‍ തൊഴിലാളികള്‍ കമ്പി 11 മീറ്റര്‍ ആഴത്തില്‍ കയറ്റുകയായിരുന്നെന്നും ഇതേത്തുടര്‍ന്ന് കിണറിലേക്ക് ചെളി ഇറങ്ങി വെള്ളം മോശമായെന്നും പ്രദേശവാസികള്‍ പറയുന്നു. അപ്പോള്‍ തന്നെ തൊഴിലാളികളെയും വാഗാഡ് അധികൃതരെയും ഇക്കാര്യം അറിയിച്ചിരുന്നു. എന്നിട്ടും പണി നിര്‍ത്തിവെക്കാതെ ഇവര്‍ ഈ കമ്പിയ്ക്കുള്ളിലൂടെ കോണ്‍ക്രീറ്റിന്റെ മിക്‌സ് കയറ്റുകയായിരുന്നെന്നും ഇതോടെ കിണര്‍ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയായെന്നും പ്രദേശവാസികള്‍ പറയുന്നു.

ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടുത്തുകാരുടെ ആശ്രയം കുഴല്‍ കിണറുകളാണ്. പുഷ്പയുടെ വീട്ടിലെ കിണറ്റില്‍ നിന്നും ഇപ്പോള്‍ വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. ഏതുവേനലിലും ധാരാളം വെള്ളം ലഭിക്കുന്ന കിണറായിരുന്നു ഇതെന്നും നിരവധി വീട്ടുകാരുടെ ആശ്രയമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെട്ട പുഷ്പയും കുടുംബവും ഇപ്പോള്‍ വാടകവീട്ടിലാണ് കഴിയുന്നത്. മണ്ണിടിച്ചില്‍ നേരിടാന്‍ ബലപ്പെടുത്തല്‍ ജോലികള്‍ നടന്നാല്‍ തന്നെ തിരികെ ഇവിടെ തന്നെ താമസിക്കണമെങ്കില്‍ കുടിവെള്ളത്തിന് എവിടെപ്പോകുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. ഒന്നരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കുഴല്‍കിണര്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇനിയും ഇത്രയും തുക ചെലവഴിച്ച് മറ്റൊരു കിണര്‍ നിര്‍മ്മിക്കുകയെന്നത് ബുദ്ധിമുട്ടാണ്. നിര്‍മ്മിച്ചാലും വെള്ളം ലഭിക്കണമെന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.