എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: മൊഴി നല്‍കാനെത്തിയ ഡല്‍ഹി സ്വദേശിയുടെ അച്ഛന്‍ കൊച്ചിയില്‍ മരിച്ച നിലയില്‍


കൊച്ചി: ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ മൊഴി നല്‍കാനെത്തിയ യുവാവിന്റെ അച്ഛന്‍ മരിച്ച നിലയില്‍. കൊച്ചിയിലെ ഹോട്ടലിലെ ശുചിമുറിയിലാണ് ഡല്‍ഹി സ്വദേശിയെ തുങ്ങി മരിച്ച നിലയില്‍ കണ്ടത്. ഷഹീന്‍ ബാഗ് സ്വദേശി മുഹമ്മദ് ഷാഫിക്കാണ് മരിച്ചത്.

ഇയാളുടെ മകന്‍ മുഹമ്മദ് മോനിസിനെ എന്‍.ഐ.എ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്നു രാവിലെ വീണ്ടും എന്‍.ഐ.എ ഓഫീസില്‍ എത്താനിരിക്കെയാണ് മരണം.

എലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ് കേസുമായി ബന്ധപ്പെട്ട് ദില്ലിയില്‍ ഒമ്പത് ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. പ്രതി ഷാറൂഖ് സെയ്ഫിയുടെ വീട്ടിലും, സമീപ സ്ഥലങ്ങളിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. ചോദ്യം ചെയ്യലില്‍ നിന്നും, ഫോണ്‍ രേഖകളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

ഏപ്രില്‍ രണ്ടിനായിരുന്നു എലത്തൂരിലെ തീവെപ്പ്. കേരള പോലീസ് യു.എ.പി.എ. ചുമത്തിയതിന് പിന്നാലെയാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തത്.