കേരള തീരത്ത് ന്യൂനമര്‍ദ്ദപാത്തി: കോഴിക്കോട് അടക്കം അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കോഴിക്കോട് അടക്കം അഞ്ച് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയും കിട്ടിയേക്കും.

കോഴിക്കോടിന് പുറമേ തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള, കര്‍ണാടക തീരങ്ങളിലും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നിലവില്‍ മധ്യപ്രദേശിന് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്ര തീരം മുതല്‍ കേരളാ തീരം വരെയായി ന്യൂനമര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നുണ്ട്. ആഗോള മഴപ്പാത്തിയുടെ സ്വാധീനവും ഈ ദിവസങ്ങളില്‍ കാലവര്‍ഷം സജീവമാകാന്‍ കാരണമാണ്. വരും മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.