ഇന്ന് മുതല്‍ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: ന്യുനമര്‍ദ്ദ പാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായും കേരളത്തില്‍ ജൂണ്‍ 15 മുതല്‍ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.മഴ കണക്കിലെടുത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നിലവില്‍ വടക്കന്‍ ജില്ലകളിലെ പല പ്രദേശങ്ങളിലും ആകാശം മോഘാവൃതമാണ്. കോഴിക്കോട് ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

വ്യാഴാഴ്ച കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ച മഴ വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ടതാണെങ്കിലും പെയ്തു തുടങ്ങി. ഇടവേളക്ക് ശേഷം കാലവര്‍ഷം വടക്കന്‍ ജില്ലകളില്‍ ഞായറാഴ്ച ലഭിക്കുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം.

ശനിയാഴ്ച പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിലും ഞായറാഴ്ച വടക്കന്‍ കേരളത്തില്‍ പലയിടത്തും ശക്തമായ മഴ ലഭിച്ചു. കാലവര്‍ഷം മഹാരാഷ്ട്ര കൊങ്കണ്‍ മേഖലയില്‍ പ്രവേശിക്കുകയും മഴ സജീവമാകുകയും ചെയ്തതിനു പിന്നാലെ വടക്കന്‍ കേരളം, തെക്കന്‍ തീരദേശ കര്‍ണാടക, ഗോവ, കൊങ്കണ്‍ എന്നിവിടങ്ങളിലും മധ്യകിഴക്കന്‍ അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ ഭാഗമായി മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം.