തീരജനസമ്പർക്ക സഭ ജനുവരി ആറിന് കൊയിലാണ്ടിയിൽ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ(30/12/220 അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

ഫണ്ട് അനുവദിച്ചു

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ഒന്‍പത് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്നതിന് ഫണ്ട് അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം, ചാത്തമംഗലം, പൂളക്കോട്, മാവൂര്‍, പെരുവയല്‍, കുറ്റിക്കാട്ടൂര്‍, പെരുമണ്ണ, പന്തീരങ്കാവ്, ഒളവണ്ണ എന്നീ വില്ലേജ് ഓഫീസുകളിലേക്ക് ഇ-ഓഫീസ് ആവശ്യാര്‍ത്ഥം ഉപകരണങ്ങള്‍ വാങ്ങുന്നതിന് 7,81,380 രൂപയാണ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചത്.

കേളികൊട്ടുണര്‍ന്നു, കലോത്സവ നഗരിയില്‍ സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി വിവിധ വകുപ്പുകള്‍

കോവിഡ് മഹാമാരിയുടെ ഇടവേളക്ക് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി ഉണരുന്നു. കേരള സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണ കോഴിക്കോട് നഗരം ആതിഥ്യമരുളുമ്പോള്‍
ജില്ലയിലെ വിവിധ വകുപ്പുകള്‍ വിപുലമായ സൗകര്യങ്ങള്‍ ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട. കാരണം എല്ലാ വേദികളിലേക്കും മെഡിക്കല്‍ ടീമിനെ ഒരുക്കി ആരോഗ്യവകുപ്പ് കൂടെയുണ്ടാകും. ഒരു വിളിക്കപ്പുറം ആംബുലന്‍സുകളും. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സൗകര്യങ്ങള്‍ ഒരുക്കിയ ആംബുലന്‍സുകളാണ് മറ്റൊരു പ്രത്യേകത. ആരോഗ്യവകുപ്പിന്റെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും പ്രൈവറ്റ് ഹോസ്പിറ്റലുകളിലെയും മെഡിക്കല്‍ ടീമുകള്‍ കലാകാരന്‍മാരെയും കാണികളെയും നിരന്തരം വീക്ഷിക്കും. ഒരു ടീമില്‍ മിനിമം ഒരു ഡോക്ടറെങ്കിലും ഉണ്ടായിരിക്കും. ഒരു നഴ്സിംഗ് ഓഫീസറും ഒരു നഴ്സിംഗ് അസിസ്റ്റന്റും സംഘത്തില്‍ ഉള്‍പ്പെടും.

മുഖ്യ വേദിയായ വിക്രം മൈതാനില്‍ ഒന്നിലധികം മെഡിക്കല്‍ ടീമുകള്‍ സജ്ജമാണ്. കൂടാതെ എല്ലാ വേദികളിലും മെഡിക്കല്‍ ടീമിനെ നിരീക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി പബ്ലിക് ഹെല്‍ത്ത് വിഭാഗം പ്രവര്‍ത്തിക്കും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍ എന്നിവര്‍ അടങ്ങിയ ടീം എല്ലാ വേദികളിലും ഉണ്ടാകും. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള മരുന്നുകളും ഫസ്റ്റ് എയ്ഡ് സൗകര്യങ്ങളുമായി കലോത്സവ നഗരിയില്‍ ആരോഗ്യവകുപ്പ് നിറസാന്നിദ്ധ്യം അറിയിക്കും.

കലാ മാമാങ്കത്തിന് എത്തുന്നവര്‍ക്ക് കുടിവെള്ളം മുട്ടില്ലെന്ന് ഉറപ്പ്. വേദികളിലും പരിസരങ്ങളിലും ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ജലവിഭവ വകുപ്പ് ഒരുക്കുന്നത്. വേദികളിലെല്ലാം കുടിവെള്ള സൗകര്യമൊരുക്കും. കലാപ്രതിഭകള്‍ക്കായി ഭക്ഷണം തയ്യാറാക്കുന്ന ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ 5000 ലിറ്ററിന്റെ മൂന്ന് ടാങ്കുകള്‍ സ്ഥാപിക്കും. കുടിവെള്ളത്തിനായും മറ്റ് ആവശ്യങ്ങള്‍ക്കുമായി വെള്ളം ടാങ്കറുകളില്‍ വിതരണം നടത്തും.

കലോത്സവ നഗരിയിലെ എല്ലാ വേദികളിലും സുരക്ഷ ഏര്‍പ്പെടുത്താന്‍ അഗ്‌നിശമന സേനയും രംഗത്തുണ്ടാകും. കലോത്സവ നഗരിയിലെ പ്രധാന വേദിയായ വിക്രം മൈതാനിയില്‍ രണ്ട് യൂണിറ്റ് അഗ്‌നിശമന വാഹനങ്ങള്‍ ഏര്‍പ്പെടുത്തും. പ്രധാനപ്പെട്ട നാല് വേദികളിലും അഗ്‌നിശമന യൂണിറ്റുണ്ടാകും. എക്സിബിഷന്‍ ഹാളിലും ഊട്ടുപ്പുരയിലും പ്രത്യേക സുരക്ഷയും ഫയര്‍ഫോഴ്സ് ഏര്‍പ്പെടുത്തും. കൂടാതെ സുരക്ഷക്കായി എല്ലാ വേദികളിലും രണ്ട് വീതം ഫയര്‍മാന്‍മാരെയും സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാരെയും ഏര്‍പ്പെടുത്തും.

കലോത്സവ രാവുകള്‍ പ്രകാശ പൂരിതമാക്കാന്‍ കെഎസ്ഇബി പ്രവര്‍ത്തനസജ്ജമായി. മത്സരങ്ങള്‍ നടക്കുന്ന മുഴുവന്‍ വേദികളിലും തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കും. വേദികളിലും പരിസരപ്രദേശങ്ങളിലും വെളിച്ചം പകരുക എന്നതിനൊപ്പം കെഎസ്ഇബിയുടെ സ്റ്റാളും കലോത്സവ നഗരിയോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കെഎസ്ഇബിയുടെ വിവിധ പദ്ധതികളെക്കുറിച്ചും കെഎസ്ഇബിയുടെ സേവനങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമെല്ലാം ജനങ്ങളെ അറിയിക്കുന്നതിനുള്ള സ്റ്റാളാണ് ഒരുക്കിയിട്ടുണ്ട്.

കലോത്സവം നടക്കുന്ന വേദികളുടെയും സ്റ്റാളുകളുടെയും ബലവും സുരക്ഷയും ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് വകുപ്പും രംഗത്തുണ്ടാകും.
കലോത്സവ മൈതാനങ്ങളിലെ കുണ്ടും കുഴികളും അടക്കും. വേദിയിലേക്കുള്ള വഴിയുടെ നിലവാരവും പൊതുമരാമത്ത് വകുപ്പ് ഉറപ്പുവരുത്തും.

കേരള സ്‌കൂള്‍ കലോത്സവം പൂര്‍ണമായും ഹരിത ചട്ട പ്രകാരം നടക്കും. ഇതിന് നേതൃത്വം കൊടുക്കുന്നത് ശുചിത്വ മിഷനാണ്. ഇതിനായി ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി രൂപീകരിച്ചു എന്ന് മാത്രമല്ല 1000 കുട്ടികളെ ഗ്രീന്‍ ബ്രിഗേഡുകളായി ഇതിനോടകം സജ്ജരാക്കി കഴിഞ്ഞു. മൂന്ന് ബാച്ചുകളിലായി സെന്റ് ജോസഫ്സ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബി.ഇ.എം ജി.എച്ച്.എസ്.എസ്, ജി.ജി.എച്ച്.എസ്.എസ് നടക്കാവ് എന്നിവിടങ്ങളിലായിരുന്നു ബ്രിഗേഡുകള്‍ക്കായുള്ള ക്യാമ്പ് ഒരുക്കിയത്. പൂര്‍ണ്ണമായും ഹരിത പ്രോട്ടോകോള്‍ പ്രകാരമായിരിക്കും കലോത്സവം എന്ന് ഇവര്‍ ഉറപ്പുവരുത്തും. ശുചിത്വമിഷന്റെ ഭാരവാഹികള്‍ ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കും. കുപ്പിവെള്ളം ഒഴിവാക്കാന്‍ പാലക്കാട് നിന്നും ഇറക്കുമതി ചെയ്ത മണ്‍കൂജകള്‍ കലോത്സവ നഗരിയില്‍ എത്തിക്കഴിഞ്ഞു.

ജനുവരി 3 മുതല്‍ 7 വരെ ഏഷ്യയിലെ ഏറ്റവും വലിയ കാലാമാമാങ്കം കോഴിക്കോട് നഗരിയില്‍ അരങ്ങേറുമ്പോള്‍ ജില്ലാ ഭരണകൂടത്തോടൊപ്പം മുഴുവന്‍ വകുപ്പുകളും അക്ഷീണം പ്രവര്‍ത്തിക്കാന്‍ തയാറെടുക്കുകയാണ്.

തീരജനസമ്പര്‍ക്ക സഭ: പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

ജില്ലാ ഭരണകൂടത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബേപ്പൂര്‍ തീരസഭ അദാലത്ത് ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസിൽ നടന്നു.152 പരാതികൾ പരിഗണിച്ചു. കടലുണ്ടി
മുതല്‍ മാറാട് വരെയുള്ള തീരദേശ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പരിഹാരമാകാതെ കിടന്ന നൂറോളം പരാതികള്‍ തീരസഭയിലൂടെ പരിഹരിച്ചു.

സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവച്ചു. ലോണ്‍ സംബന്ധമായവ, പുനര്‍ഗേഹം, ലൈഫ്മിഷന്‍, റവന്യൂ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് തുടങ്ങി നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു.

അദാലത്ത് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം ഗിരിജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ രജനി, കൊല്ലരത്ത് സുരേശന്‍, വാടിയില്‍ മുഹമ്മദ് നവാസ്, വിവിധ തൊഴിലാളി സംഘടന നേതാക്കള്‍ പ്രസംഗിച്ചു.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ കിഷന്‍ സ്വാഗതവും ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ് പ്രധാനധ്യാപിക ജയലളിത നന്ദിയും പറഞ്ഞു. അടുത്ത തീരസഭ അദാലത്ത് ജനുവരി ആറിന് കൊയിലാണ്ടിയില്‍ നടക്കും.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് അവധി

61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന ജനുവരി മൂന്നു മുതല്‍ ഏഴു വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് മണിയൂര്‍ അറിയിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ഹയര്‍ സെക്കന്ററി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടറും വി.എച്ച്.എസ്.സി അസിസ്റ്റന്റ് ഡയറക്ടറും അറിയിച്ചു.

റേഡിയോളജിസ്റ്റ് ഒഴിവ്

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത എംഡി/ഡിഎന്‍ബി/ഡിഎംആര്‍ഡി(പ്രവര്‍ത്തി പരിചയം അഭികാമ്യം) താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ആറിന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖത്തിന് എത്തിച്ചേരണം.

ടെണ്ടര്‍ ക്ഷണിച്ചു

തലക്കുളത്തൂര്‍ സിഎച്ച്‌സിയിലേക്ക് ആവശ്യമായ ദന്തല്‍ എക്‌സറേ, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടറുകള്‍ ക്ഷണിച്ചു. അടങ്കല്‍ത്തുക 3,60,000/. ടെണ്ടര്‍ ഫോറം വില്‍ക്കുന്ന അവസാന ദിവസം ജനുവരി 16 ഉച്ചക്ക് 1 മണി വരെ. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 16 രണ്ടു മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്കായി തലക്കുളത്തൂര്‍ സിഎച്ച്‌സി മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടുക.

അങ്കണവാടികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു

അത്തോളി ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികള്‍ക്ക് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തു.
മിക്‌സി, പ്രഷര്‍ കുക്കര്‍ തുടങ്ങിയ ഉപകരണങ്ങളാണ് നല്‍കിയത്. വിതരണോദ്ഘാടനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സന്ദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്‌സണ്‍ ബിന്ദുരാജന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുനീഷ് നടുവിലയില്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്‌സണ്‍ എ.എം സരിത മെമ്പര്‍മാരായ ഫൗസിയ, ജുനൈസ്, പി.എം രമ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ശാന്തി എന്നിവര്‍ പങ്കെടുത്തു.