സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി പത്ത് ദിവസത്തെ പരിശീലന പരിപാടി; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (21/10/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

വനിതാ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന വനിതാ കമ്മീഷന്‍ സിറ്റിങ് കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 26 ന് നടക്കും.

ഹാജരാകണം

പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്‌സിന് അപേക്ഷ നല്‍കിയ അര്‍ഹരായ മുഴുവന്‍ പേരും ഒക്‌ടോബര്‍ 25 ന് രാവിലെ 9 മണിക്ക് വെസ്റ്റ്ഹില്ലിലെ ഗവ. പോളിടെക്‌നിക് കോളേജില്‍ ഹാജരാകണം. ഏകദേശം 20,000 രൂപയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ടി.സി യും അന്നേ ദിവസം ഹാജരാക്കണം. മതിയായ അപേക്ഷകള്‍ (40എണ്ണം)ഉണ്ടെങ്കില്‍ മാത്രമേ അന്നേ ദിവസം അഡ്മിഷന്‍ നടക്കുകയുളളു. ഫീസ് എ.ടി.എം കാര്‍ഡ് വഴി അടയ്‌ക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് 0495 2383924.

അഭിമുഖം

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടിച്ചര്‍ (അറബിക്) എല്‍.പി.എസ് മൂന്ന് എന്‍സിഎ-എസ്‌സി (കാറ്റഗറി നമ്പര്‍ 133/2022) തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം നവംബര്‍ 2 ന് രാവിലെ 11 മണിക്ക് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡം പാലിക്കണം. ഇന്റര്‍വ്യൂവിന് ഹാജരാവുന്ന ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി വെബ്‌സൈറ്റില്‍ നിന്നും കോവിഡ് 19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം. പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമോ അയക്കുന്നതല്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാകാത്തവര്‍ പി.എസ്.സിയുടെ കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. വിവരങ്ങള്‍ക്ക് 0495 2371971.

വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രനര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ 15 മുതല്‍ 25 വരെ കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സൗജന്യമായാണ് പരിശീലനം. താല്പര്യമുമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2532890, 2550322, 7012376994.

ദ്വിദീന പരിശീലനം

കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം കക്കാട് റോഡിലുളള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്‌ടോബര്‍ 27,28 തിയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ദ്വിദീന പരിശീലനം നടത്തുന്നു. പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ഒക്‌ടോബര്‍ 26 ന് മുന്‍പായി 9446471454 എന്ന നമ്പറില്‍
രജിസ്റ്റര്‍ ചെയ്യണം.വിവരങ്ങള്‍ക്ക് 04972763473.

ടെണ്ടര്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള ജി.എല്‍.പി സ്‌കൂള്‍ ടോയ്‌ലറ്റ് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്‌ടോബര്‍ 28 വൈകീട്ട് അഞ്ച് വരെ. വിവരങ്ങള്‍ക്ക് 0496 2630800.

സീറ്റൊഴിവ്

കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ യു ജി കോഴ്സുകളില്‍ എസ്.സി, എസ്.ടി, എല്‍.സി, ഒ.ബി.എക്‌സ് വിഭാഗങ്ങളില്‍ സീറ്റൊഴിവ്. അര്‍ഹരായ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 25 ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി അതാത് വകുപ്പ് തലവന്മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകരില്ലാത്ത സാഹചര്യത്തില്‍ യൂണിവേഴ്സിറ്റി നിയമങ്ങള്‍ക്കനുസൃതമായി സീറ്റുകള്‍ പരിവര്‍ത്തനം ചെയ്യുന്നതാണ്. വിവരങ്ങള്‍ക്ക് 0495 2320694.

ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍ പരിശീലനം

ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍ പരിശീലനം നാളെ നടക്കാവ് ഗവ: ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിക്കും. മൂന്നു ദിവസങ്ങളിലായി ഒക്ടോബര്‍(22,23,24)) നടക്കുന്ന പരിശീനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സാക്ഷരതാമിഷന്‍ നോഡല്‍ പ്രേരക്മാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. തുടര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സന്നദ്ധ അധ്യാപകര്‍ക്ക് ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ ഏകദിന പരിശീലനം നല്‍കും. പരിശീലനത്തിന് ശേഷം 3 മാസം ക്ലാസുകള്‍ നല്‍കി, മികവുത്സവത്തിലൂടെ പഠിതാക്കള്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കും. പദ്ധതിയുടെ ഒന്നാം ഘട്ടം മാര്‍ച്ച് മാസം അവസാനിക്കും.

അറിയിപ്പ്

മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളജില്‍ 2022-23 വര്‍ഷത്തെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിച്ചവരില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ത്ഥിനികള്‍ക്കും
നാളെ(ക്ടോബര്‍ 22)് ഈ സ്ഥാപനത്തില്‍ നടക്കുന്ന പ്രവേശന നടപടികളില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥിനികള്‍ക്ക് രാവിലെ 9.30 മുതല്‍ 10.30 വരെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിദ്യാര്‍ത്ഥിനികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആവശ്യമായ ഫീസ് (ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്) എന്നിവ കയ്യില്‍ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370714.

സീറ്റൊഴിവ്

ഗവ കോളേജ് തലശ്ശേരി ചൊക്ലിയില്‍ ബി.സി.എ കോഴ്‌സില്‍ പി.ഡബ്ല്യു.ഡി വിഭാഗത്തിലും എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സില്‍ എസ്.സി വിഭാഗത്തിലും സീറ്റൊഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അപേക്ഷ ഒക്‌ടോബര്‍ 25 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിലേക്ക് എസ്.സി വിഭാഗത്തില്‍ അപേക്ഷകരില്ലെങ്കില്‍ എസ്.ടി/ ഒ.ഇ.സി/എസ്.ഇ.ബി.സി വിഭാഗങ്ങളുടെ അപേക്ഷകള്‍ പരിഗണിക്കും. വിവരങ്ങള്‍ക്ക് 0490 2966800.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് എന്‍വിയോണ്‍മെന്റ് ലാബിലെ വെയിങ് ബാലന്‍സ് റിപ്പയര്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്നഅവസാന തിയതി നവംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ട് മണി വരെ. വിവരങ്ങള്‍ക്ക് 0495 2383220, 2383210

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍/കുടുംബപെന്‍ഷന്‍ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ടെലഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാക്കിയിട്ടുളള വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍ ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ മാസം 15 ന് മുമ്പായി സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോപ്ലക്‌സ്, പി.ഒ
എരഞ്ഞിപ്പാലം, കോഴിക്കോട് -673 006 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. നിശ്ചിത തിയതിക്കകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തപക്ഷം തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. 60 വയസ്സില്‍ താഴെ പ്രായമുള്ള കുടുംബപെന്‍ഷന്‍കാര്‍ പുനർവിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രം സമര്‍പ്പിക്കണം.വിവരങ്ങള്‍ക്ക് 0495 2360720.

വെറ്ററിനറി ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല ചികിത്സ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടറെ താല്കാലികമായി ദിവസവേതനാടിസ്ഥാത്തില്‍ നിയമിക്കുന്നു. കോഴിക്കോട് ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുളളവരും വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ആവശ്യമാണ്. താല്പര്യമുളളവര്‍ ഒക്‌ടോബര്‍ 26 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. 0495 2768075.

സ്‌പോട്ട് അഡ്മിഷന്‍

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചീനിയറിങ് കോളേജില്‍ ഒഴിവുളള ബി-ടെക്, എം-ടെക് സീറ്റുകളില്‍ ഒക്‌ടോബര്‍ 24 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്പര്യമുളളവര്‍ അന്നേദിവസം രാവിലെ 11 മണിക്ക് മുന്‍പായി കോളേജില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.വിവരങ്ങള്‍ക്ക് 0495 2383210, 0495 2383220 എന്ന നമ്പറില്‍ ബന്ധപ്പെടാം. www.geckkd.ac.in സന്ദര്‍ശിക്കുക.

മുട്ടക്കോഴി വളർത്തൽ പരിശീലനം

കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം കക്കാട് റോഡിലുളള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്‌ടോബര്‍ 27,28 തിയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ദ്വിദിന പരിശീലനം നടത്തുന്നു.പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ഒക്‌ടോബര്‍ 26 ന് മുന്‍പായി 9446471454 രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.വിവരങ്ങള്‍ക്ക് 04972-763473

സീറ്റൊഴിവ്

മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ 2022-23 വര്‍ഷത്തില്‍ എം.എസ്.സി ഫിസിക്‌സില്‍ എസ്.സി/എല്‍.സി ഒ.ബി.എക്‌സ് വിഭാഗത്തിലും എല്ലാ ബിരുദ ബിരുദാനന്തര കോഴ്‌സിലും ലക്ഷദ്വീപ് വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ക്യാപ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് അസ്സല്‍ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 25 ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 3 മണി വരെ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ഈ വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ഒഴികെയുള്ള മറ്റു കോഴ്‌സുകളിലെ സീറ്റുകള്‍ യൂണിവേഴ്‌സിറ്റി ഓര്‍ഡര്‍ പ്രകാരം മറ്റ് വിഭാഗങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതാണ്.
വിവരങ്ങള്‍ക്ക് 9061734918

മെഡിക്കല്‍ ഓഡിറ്റര്‍ നിയമനം

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് (കാസ്പ്) സ്‌കീമിനു കീഴില്‍ മെഡിക്കല്‍ ഓഡിറ്റര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ജി.എന്‍.എം/ബി എസ്.സി നഴ്‌സിങ്, കമ്പ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി. അപേക്ഷ അയക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31. വിവരങ്ങള്‍ക്ക് 0495 2350055.

ഫ്ലാഷ്‌മോബും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

ലഹരിമുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെയൂം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ചില്‍ ഫ്ലാഷ്‌മോബും ബോധവല്‍ക്കരണക്ലാസും സംഘടിപ്പിച്ചു. ‘ലഹരിയെന്ന സാമൂഹ്യ വിപത്തിനെതിരെ നമുക്കൊരുമിച്ചു കൈകോര്‍ക്കാം’ എന്ന മുദ്രാവാക്യവുമായി നടത്തിയ പരിപാടിയില്‍ വിമുക്തി പദ്ധതി മാനേജര്‍ ബെഞ്ചമിന്‍ ക്ലാസ് നയിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫിസര്‍ അബ്ദുല്‍ ബാരി, ജില്ലാ ശിശു സംരക്ഷണ വകുപ്പ് ജീവനക്കാര്‍, സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദുരിതാശ്വാസ കിറ്റ് കൈമാറി

ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശാഭവനുകള്‍ക്കുള്ള കിച്ചന്‍ സെറ്റുകളും ഹൈജീന്‍ കിറ്റുകളും കൈമാറി. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി സൊസൈറ്റി ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥനില്‍ നിന്ന് കിറ്റ് ഏറ്റുവാങ്ങി. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി ജില്ലാ സെക്രട്ടറി കെ ദീപു മാസ്റ്റര്‍, വൈസ് ചെയര്‍മാന്‍ എ ടി അശോകന്‍, ഷാജി പി, ആശാഭവന്‍ പ്രതിനിധികളായ ജിന്‍സി, ദേവസ്യ, കെ സി ഗംഗാധരന്‍ വളണ്ടിയര്‍മാരായ ഋതുല്‍ എന്‍ ആര്‍, കാര്‍ത്തിക് കൃഷ്ണ മനോജ് എന്നിവര്‍ പങ്കെടുത്തു.

ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലിയുമായി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്

നാടിനെയും യുവതലമുറയേയും നശിപ്പിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലി നടത്തി. ‘ലഹരി വിമുക്ത കാമ്പസ് ‘ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് റാലി നടത്തിയത്. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. എച്ച് സുരേഷ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ആരംഭിച്ച റാലി കൂട്ടാലിട അങ്ങാടിയില്‍ സമാപിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ വിലാസിനി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സിജിത്ത് കെ.കെ ലഹരി വിരുദ്ധ സന്ദേശം നല്‍കി. എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അംഗങ്ങള്‍ റാലിയില്‍ പങ്കെടുത്തു.

വാകയാട്, തൃക്കറ്റിശ്ശേരി, പൂനത്ത്, അവിടനല്ലൂര്‍ എന്‍.എന്‍ കക്കാട് സ്മാരക സ്‌കൂള്‍ എന്നിവിടങ്ങളില്‍ ശ്രദ്ധേയമായ സ്വീകരണമാണ് റാലിക്ക് ലഭിച്ചത്. നരയംകുളം, കോട്ടൂര്‍ എ.യു.പി സ്‌കൂളുള്‍ എന്നിവിടങ്ങളില്‍ ലഹരി വിരുദ്ധ സന്ദേശം നല്കി.

ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ.ഷൈന്‍, പഞ്ചായത്ത് അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങളായ പി.ബാലന്‍, സി. കെ വിനോദ് മാസ്റ്റര്‍, പഞ്ചായത്ത് അസി.സെക്രട്ടറി രവി,
ബാലുശ്ശേരി സബ് ഇന്‍സ്പക്ടര്‍ റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൃഷിഭവന്‍ നിര്‍മ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്‍ കെട്ടിട നിര്‍മ്മാണ പ്രവർത്തി ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസിന്റെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ ഉപയോഗിച്ചുള്ള ആദ്യ ഘട്ട നിര്‍മ്മാണ പ്രവർത്തിയാണ് ആരംഭിച്ചത്. മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൃഷിയില്‍ ഡ്രോണുകള്‍ വഴി വളപ്രയോഗം: പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കൃഷിയിടങ്ങളില്‍ വളമിടാന്‍ കാര്‍ഷിക ഡ്രോണുകളെ പരിചയപ്പെടുത്തി മാവൂര്‍ പാടശേഖരത്തില്‍ കാര്‍ഷിക ഡ്രോണ്‍ പ്രദര്‍ശനത്തിന് തുടക്കമായി. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വളപ്രയോഗത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കാനിസേഷന്‍ പദ്ധതി പ്രകാരമാണ് പാടശേഖരങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വിലവരുന്ന ഡ്രോണുകള്‍ വ്യക്തിഗത കര്‍ഷകര്‍ക്ക് 40 ശതമാനം മുതല്‍ 50 ശതമാനം വരെ സബ്‌സിഡിയിലും പാടശേഖരങ്ങള്‍, എഫ്.പി.ഒ കള്‍ തുടങ്ങിയ കര്‍ഷക ഗ്രുപ്പുകള്‍ക്ക് 75 ശതമാനം വരെയും സബ്‌സിഡി ലഭ്യമാക്കുന്നുണ്ട്.

പദ്ധതിയുടെ പ്രചരണാര്‍ത്ഥം ജില്ലകള്‍ തോറും കൃഷിയിടങ്ങളില്‍ കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവർത്തിപരിചയവും നടത്തുന്നതിന്റെ കോഴിക്കോട് ജില്ലതല ഉദ്ഘാടനമാണ് മാവൂര്‍ പാടശേഖരത്തില്‍ നടന്നത്. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുട്ടിയറയില്‍ ഇനി ഉപ്പുവെള്ളം കയറില്ല; നവീകരിച്ച മുട്ടിയറ ചീര്‍പ്പ് ഒക്ടോബര്‍ 23ന് നാടിന് സമര്‍പ്പിക്കും

വേനല്‍ക്കാലത്തു പുല്ലിപ്പുഴയില്‍ നിന്നും മുട്ടിയറയില്‍ ഉപ്പുവെള്ളം കയറുമെന്ന ആശങ്ക ഇനിയില്ല. രാമനാട്ടുകര നഗരസഭയുടെ 2020- 21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി സ്റ്റീല്‍ ഷട്ടര്‍ ഘടിപ്പിച്ചു നവീകരിച്ച മുട്ടിയറ ചീര്‍പ്പ് ഒക്ടോബര്‍ 23 ന് നാടിന് സമര്‍പ്പിക്കുന്നതോടെ പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് നിറവേറുന്നത്. വേനല്‍ക്കാലത്തു ഉപ്പു വെള്ളം കയറി ഈ പ്രദേശത്തെ കൃഷി നശിക്കുകയും കുടിവെള്ളം മലിനമാവുകയും ചെയ്യുന്ന അവസ്ഥയ്ക്കാണ് ഇതോടെ പരിഹാരമാവുക.

39 ലക്ഷം രൂപ ചെലവിട്ടാണ് ജല വിഭവ വകുപ്പ് മെക്കാനിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചീര്‍പ്പിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. തുരുമ്പിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അഞ്ച് സ്റ്റീല്‍ ഷട്ടറുകളാണ് ചീര്‍പ്പില്‍ ഒരുക്കിയിരിക്കുന്നത്. ചീര്‍പ്പ് പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേക ഗിയര്‍ബോക്‌സ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

രാമനാട്ടുകര പൂവന്നൂര്‍ പള്ളി, ഫറോക്ക് ചുങ്കം മേഖലകളിലെ മഴവെള്ളം ചെത്തുപാലം തോട്ടിലൂടെ എത്തി മുട്ടിയറ വഴിയാണ് പുലിപ്പുഴയില്‍ ചേരുന്നത്. മുട്ടിയറയിലെ ചീര്‍പ്പ് പ്രവര്‍ത്തനരഹിതമായതോടെ വേനല്‍ക്കാലത്ത് വേലിയേറ്റത്തില്‍ തോട്ടിലൂടെ ജനവാസ കേന്ദ്രത്തിലേക്ക് ഉപ്പുവെള്ളം കയറുക പതിവായിരുന്നു. ഇത് പ്രദേശത്ത് കിണറുകള്‍ മലിനമാക്കുകയും വന്‍തോതില്‍ കൃഷിനാശത്തിന് ഇടയാക്കുകയും ചെയ്തു. താല്‍ക്കാലിക തടയണ കെട്ടി സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പൂര്‍ണ്ണമായും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ സ്ഥിരം സ്റ്റീല്‍ ഷട്ടര്‍ ഘടിപ്പിച്ചു ചീര്‍പ്പ് പുനര്‍ നിര്‍മ്മിക്കാന്‍ നഗരസഭ പദ്ധതിയിട്ടത്. ഇതോടെ വേനല്‍ക്കാലത്ത് ചീര്‍പ്പിന്റെ സമീപം താല്‍ക്കാലിക ബണ്ടൊരുക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.

ലഹരിക്കെതിരായ ചിന്തകള്‍ വാര്‍ത്ത് ലഹരിവിരുദ്ധ പ്രചരണം

വിദ്യാര്‍ത്ഥികളില്‍ ലഹരിക്കെതിരായ ചിന്തകള്‍ വാര്‍ത്തെടുത്ത് കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ലഹരിവിരുദ്ധ പ്രചരണം. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രചരണ പരിപാടി വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ലഹരിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അവരുടെ അറിവുകളും ധാരണകളും പങ്കുവെച്ചു. ലഹരിയുടെ ദൂഷ്യവശങ്ങള്‍, അവയുണ്ടാക്കുന്ന ശാരീരിക-മാനസിക-സാമൂഹിക പ്രയാസങ്ങള്‍ എന്നിവയെ കുറിച്ച് റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥന്‍ എ.സി കരുണാകരന്‍ ക്ലാസ് അവതരിപ്പിച്ചു.

ലഹരിക്കെതിരായ ബോധവത്കരണം, ജാഗ്രത, കരുതല്‍, സുരക്ഷാ മാര്‍ഗങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ പ്രചരണത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. ലഹരി അവബോധ മൊബൈല്‍ എക്‌സിബിഷന്‍ വാഹനവും ഇതിന്റെ ഭാഗമായി സ്‌കൂളില്‍ എത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്ന വിവരണങ്ങളും ലഹരി അവബോധ വീഡിയോ പ്രദര്‍ശനവും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തില്‍ ഒരുക്കിയ എക്‌സിബിഷന്‍ കണ്ടിറങ്ങിയ വിദ്യാര്‍ത്ഥികള്‍ അവരവരുടെ ആരോഗ്യപരമായ ലഹരികളെ കണ്ടെത്താന്‍ പരിശ്രമിക്കുകയും ലഹരി വിരുദ്ധ സമൂഹത്തിനായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപ, പ്രധാനാധ്യാപിക ഷൈനി ജോസഫ്, മറ്റ് അധ്യാപകര്‍ തുടങ്ങിയവര് പങ്കെടുത്തു.

ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം: ബ്ലോക്ക് തല സംഘാടക സമിതി രൂപീകരിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ബ്ലോക്ക് തല സംഘാടക സമിതി രൂപീകരിച്ചു. പരിപാടിയോടനുബന്ധിച്ച് കേരള ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ദഫ്മുട്ട് ആചാര്യനും മലബാര്‍ സെന്റര്‍ ഫോര്‍ ഫോക്‌ലോർ സ്റ്റഡീസ് ഡയറക്ടറുമായ ഡോ. കോയ കാപ്പാടിനെയും വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പ്രിസണ്‍ കറക്ഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയ കണ്ണൂര്‍ ജില്ലാ ജയില്‍ പ്രിസണ്‍ ഓഫീസര്‍ കെ.ചിത്രനെയും അനുമോദിച്ചു. ചടങ്ങ് ബ്ലോക്ക് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ബിന്ദു മഠത്തില്‍ അധ്യക്ഷത വഹിച്ചു. നോഡല്‍ പ്രേരക് എസ് ശ്രീജിത്ത് കുമാര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ദുല്‍ഖിഫ്, സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ജീവാനന്ദന്‍ മാസ്റ്റര്‍, ഷീബശ്രീധരന്‍, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.എം കോയ സ്വാഗതവും നോഡല്‍ പ്രേരക് എം ദീപ നന്ദിയും പറഞ്ഞു.

കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു; വൊക്കേഷണൽ എക്സ്പോ നാളെയും തുടരും

കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. ജില്ലാ പഞ്ചായത്തംഗം ഐ.പി രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക് വിതരണം ചെയ്തു.

ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി., സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയമേളകളും വൊക്കേഷണല്‍ എക്സ്‌പോയുമാണ് മൂന്നുദിനങ്ങളിലായി റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ നടക്കുന്നത്. ശാസ്ത്രമേള സമാപിച്ചെങ്കിലും വൊക്കേഷണൽ എക്സ്പോ നാളെയും തുടരും

നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളായിരുന്നു പ്രധാനവേദി. ശാസ്ത്ര, ഗണിതശാസ്ത്ര മേളകള്‍ കോക്കല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പ്രവൃത്തിപരിചയ, സാമൂഹികശാസ്ത്രമേളകള്‍ നന്മണ്ട ഹയര്‍സെക്കന്‍ഡറിയിലും ഐ.ടി. മേള നന്മണ്ട 14-ലെ സരസ്വതി വിദ്യാമന്ദിര്‍ സ്‌കൂളിലുമാണ് നടന്നത്. ശാസ്ത്രോത്സവത്തിൽ 157 ഇനങ്ങളിലായി 5700 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിഡിഇ സി.മനോജ് കുമാർ മുഖ്യാതിഥിയായി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ സർജസ് കുനിയിൽ, നന്മണ്ട എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ അബുബക്കർ സിന്ദീഖ്, പ്രിൻസിപ്പൽ പി.ബിന്ദു, പിടിഎ പ്രസിഡന്റ് ടി.എം സുരേഷ് എന്നിവർ സംസാരിച്ചു. ഡിഇഒ മനോഹരൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി ദേവാനന്ദൻ നന്ദിയും പറഞ്ഞു.

തൊഴിലില്ലായ്മ പൂർണമായും പരിഹരിക്കുക സർക്കാർ ലക്ഷ്യം – മന്ത്രി ഡോ. ആര്‍ ബിന്ദു

തൊഴിലില്ലായ്മ പ്രശ്നം പൂർണമായും പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. ഭാവിയില്‍ തൊഴില്‍ ഇല്ലാത്തവരായി ആരും ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവർ പറഞ്ഞു. വെള്ളിമാട്കുന്ന് ഗവ: ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിക്കുന്ന പ്ലേസ്‌മെന്റ് സെല്‍, ഡേ കെയര്‍ സെന്റര്‍ എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ സ്വച്ഛം അവാര്‍ഡ് ദാനവും അനുച്ഛേദം 15 റിപ്പോര്‍ട്ട് സമര്‍പ്പണവും മന്ത്രി നിര്‍വ്വഹിച്ചു.

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തുക എന്ന പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി അക്കാദമിക് ഉള്ളടക്കത്തിന്റെ മാറ്റത്തിന് സര്‍ക്കാര്‍ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന അസാപിന്റെ നേതൃത്വത്തില്‍ 133 സ്‌കില്‍ കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നുണ്ട്. ലീഗല്‍ കോഴ്‌സുകളും നിയമവുമായി ബന്ധപ്പെട്ട കോഴ്‌സുകളും ഇതില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. പ്ലേസ്‌മെന്റ് സെല്‍ അസാപിന്റെ യൂണിറ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഫെനിഷ കെ.സന്തോഷ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എന്‍ കൃഷ്ണകുമാര്‍,
എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ലോവല്‍മാന്‍ പി, പ്ലേസ്‌മെന്റ് സെല്‍ ഫാക്കല്‍റ്റി സിസി ജോസഫ്, പ്ലേസ്‌മെന്റ് സെല്‍ സ്റ്റുഡന്റ് സെക്രട്ടറി മഷൂദ് കെ, എന്‍.എസ്.എസ് സെക്രട്ടറി നിഖില്‍ ആനന്ദ് , അലൂമിനി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ശ്യാം പത്മന്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.