കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (12/06/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
അപേക്ഷ ക്ഷണിച്ചു
വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളേജിലെ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ഒഴിവുള്ള ലക്ചറർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ജൂൺ 16 ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളോടെ പ്രിൻസിപ്പളിന്റെ മുമ്പാകെ ഹാജരാകണം. ലക്ചറർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ്ക്ലാസ് ബി.ടെകും, ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും, ട്രേഡ്സ്മാൻ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ/ ടി.എച്ച്.എസ്.എൽ.സിയുമാണ്. കൂടുതൽ വിവരങ്ങൾക്ക് : 04952383924
അപേക്ഷ ക്ഷണിച്ചു
വെസ്റ്റ്ഹിൽ ഗവ.പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ, കെമിക്കൽ, ടൂൾ & ഡൈ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ഒഴിവുള്ള ലക്ചറർ, ട്രേഡ്സ്മാൻ തസ്തികകളിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ജൂൺ 15 ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളോടെ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ലക്ചറർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബി.ടെകും, ട്രേഡ്സ്മാൻ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ/ ടി.എച്ച്.എസ്.എൽ.സിയുമാണ്. കൂടുതൽ വിവരങ്ങൾക്ക് : 04952383924
സൗജന്യ കമ്പ്യൂട്ടർ പരിശീലനം
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ എസ് സി – എസ് ടി വിഭാഗത്തിന് പി ജി ഡി സി എ, സി ടി ടി സി, ഡി സി എ, പി ഡി എഫ് സി എ, പി ഡി ഡി ടി പി, പി ഡി ഡബ്ല്യൂ ഡി എന്നീ വിഷയങ്ങളിൽ സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. അപേക്ഷാ ഫോറം സിവിൽസ്റ്റേഷന് എതിർവശത്തായി പ്രവർത്തിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിൽ നിന്ന് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2370026, 8891370026
ഇന്റര്‍വ്യൂ
വെസ്റ്റ്ഹില്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള താത്കാലിക എച്ച് എസ് എ സോഷ്യല്‍ സയന്‍സ് അധ്യാപക തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ 12ന് രാവിലെ 10.30ന് നടക്കും. ബി എ, ബി എഡ്, കെ ടെറ്റ് അല്ലെങ്കില്‍ സെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ സഹിതം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 9895500499, 9400006490.
സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ എറണാകുളം സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആൻഡ് നെറ്റ്‌വർക്ക് മെയ്ന്റനന്‍സ് വിത്ത് ഇ- ഗാഡ്ജറ്റ് ടെക്‌നോളജി എന്ന കോഴ്‌സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. അവസാന തിയ്യതി : ജൂണ്‍ 20. പ്രായപരിധിയില്ല. വിദ്യാഭ്യാസയോഗ്യത : പ്ലസ് ടു. കുടുതല്‍ വിവരങ്ങള്‍ക്ക് : 04842971400, 8590605259
പ്രവേശനം ആരംഭിച്ചു
മാളിക്കടവ് ജനറല്‍ ഐടിഐയിൽ ഐ എം സിയുടെ ആഭിമുഖ്യത്തില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോര്‍ട്ടോട് കൂടിയ എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് : 7510481819
പി എസ് സി അറിയിപ്പ്
ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു പി എസ് ഫിഫ്ത് എൻ സി എ – എസ് സി ( കാറ്റഗറി നമ്പർ 634 / 2022 ), ഫിഫ്ത് എൻ സി എ – എസ് ടി ( കാറ്റഗറി നമ്പർ 635 / 2022 ) തസ്തികകളുടെ 30.12.2022 തിയ്യതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഒന്നും തന്നെ ലഭിക്കാത്തതിനാൽ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ തിരുവനന്തപുരം വഴുതക്കാടുള്ള നോളജ് സെന്ററില്‍ ഇന്ത്യയിലും വിദേശത്തും നിരവധി തൊഴില്‍ സാധ്യതകളുള്ള കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് : 8590605260,0471-2325154
കൂടിക്കാഴ്ച
കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കൻഡറി സ്കൂളില്‍ യു പി എസ് ടി തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 15 രാവിലെ 11.30 ന് ഓഫീസില്‍ നടക്കും. താല്പര്യമുള്ളവര്‍ അസൽ സര്‍ട്ടിഫിക്കറ്റ് (പകര്‍പ്പ് ഉള്‍പ്പെടെ) സഹിതം ഹാജരാകണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :0495 2323962
അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തുള്ള നോളേജ് സെന്ററിലേക്ക് പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ & നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, അനിമേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0494 2697288,8590605276
ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല. അപേക്ഷകള്‍ ഓണ്‍ലൈനായി www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം \അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 9388959192, 9447225524 അവസാന തിയ്യതി : ജൂണ്‍ 25
നിയമനം നടത്തുന്നു
ഗവ: മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച് ഡി എസ്സിന് കീഴിൽ അനസ്തറ്റിസ്റ്റിനെ നിയമിക്കുന്നു. ഒരു ലക്ഷം രൂപ മാസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം. യോഗ്യത : അനസ്‌തേഷ്യോളജിയിൽ എം ഡി അല്ലെങ്കിൽ അനസ്‌തേഷ്യോളജിയിൽ ഡി എൻ ബി അല്ലെങ്കിൽ ഡി എ യും പ്രവൃത്തി പരിചയവും. പ്രായപരിധി : 18 വയസ്സിനും 45 വയസ്സിനും മധ്യേ. താൽപ്പര്യമുള്ളവർ ജൂൺ 15ന് രാവിലെ 11.30ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
നികുതി അടയ്ക്കാൻ സാധിക്കാത്ത ഭൂമി പ്രശ്നങ്ങൾ ഈ വർഷം പരിഹരിക്കും- മന്ത്രി കെ രാജൻ
നികുതി അടയ്ക്കാൻ സാധിക്കാത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഈ വർഷം തന്നെ പരിഹരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഉടമസ്ഥാവകാശം തർക്കരഹിതമായി സ്ഥാപിക്കാൻ കഴിയുന്ന തരത്തിലുള്ള പദ്ധതികളും പരിപാടികളുമായി മുന്നോട്ടുപോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാതല പട്ടയമേള കണ്ടംകുളം ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിൽ ആദ്യമായി യുണീക് തണ്ടപ്പേര് നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറും. ആധാറും തണ്ടപ്പേരും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കൈവശക്കാർക്ക് ഭൂമി കൊടുക്കുക എന്നത് മാത്രമല്ല സർക്കാരിന്റെ ലക്ഷ്യമെന്നും അർഹരായ എല്ലാവർക്കും ഭൂമി നൽകണമെന്ന ചരിത്ര ലക്ഷ്യത്തിലേക്കാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ഡിജിറ്റൽ റീ സർവ്വേ നടപ്പാക്കാൻ പോകുകയാണ്. സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പട്ടയ മിഷനിലൂടെ ഭൂമി നൽകാനുള്ള തടസ്സങ്ങളെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. ജൂൺ ജൂലൈ മാസങ്ങളിൽ എല്ലാ മണ്ഡലങ്ങളിലും എം എൽ എ മാരുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഭൂമിയുടെ അവകാശികൾ അല്ലാത്തവരായി എത്ര പേരുണ്ടെന്ന് കണ്ടെത്തും. ഭൂമിയുടെ ക്രയവിക്രയങ്ങൾ വേഗത്തിലാക്കുന്നതിനായാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഭൂമി രജിസ്റ്റർ ചെയ്യുന്ന സമയത്ത് തന്നെ ഭൂമിയുടെ പോക്ക് വരവും ലൊക്കേഷനും സ്കെച്ചും അറിയാൻ കഴിയുന്ന വിധത്തിൽ രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പിന്റെ പോർട്ടലുകളായ പേളും, റെലീസും, ഇ മാപ്പും ഒത്തുചേർന്ന് എന്റെ ഭൂമി എന്ന പേരിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു. എല്ലാ സേവനങ്ങളും സ്മാർട്ടാക്കുക എന്നതാണ് സർക്കാരിന്റെ ലക്‌ഷ്യം. നവംബർ ഒന്നാം തിയതി കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന വകുപ്പായി റവന്യൂ വകുപ്പ് മാറുന്നതിനുള്ള അവസാന
ഒരുക്കങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. സമഗ്ര വികസന നയമാണ് സർക്കാരിന്റെ ലക്ഷ്യം. സ്വന്തം ഭൂമിയിൽ ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 2021 ന് ശേഷം 1,22,000 പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിച്ചതായും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ റഹീം, ലിന്റോ ജോസഫ്, കെ.കെ രമ, മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, ജില്ലാ പഞ്ചായത്ത് അംഗം പി. ഗവാസ്, ജില്ലാ കലക്ടർ എ.ഗീത, സബ്കലക്ടർ വി. ചെൽസാസിനി, എ.ഡി.എം സി മുഹമ്മദ് റഫീഖ്, അസി. കലക്ടർ സി. സമീർ കിഷൻ, ഡെപ്യൂട്ടി കലക്ടർ ഇ. അനിത കുമാരി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ചേലാംകുന്ന് കോളനിയിൽ 20 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു
കൊടിയത്തൂർ ചേലാംകുന്ന് കോളനിയിൽ 20 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. നാല് സെന്റ് കോളനിയിൽ കുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്. ജൂബിലി മിഷൻ ഹാളിൽ നടന്ന പട്ടയമേളയിലാണ് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജനിൽ നിന്ന് ഇവർ പട്ടയം ഏറ്റുവാങ്ങിയത്.
കോളനിയിലെ താമസക്കാരി സരോജിനിക്ക് 40 വർഷമായി താമസിക്കുന്ന സ്ഥലത്തിനാണ് പട്ടയം ലഭിച്ചത്. പട്ടയം ലഭിച്ചത്തോടെ ഇവരുടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്ന് സരോജിനി പറഞ്ഞു. സർക്കാരിനോടും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടും നന്ദി പറയുകയാണ് സരോജിനിയും കോളനിയിലെ മറ്റ് താമസക്കാരും.
കോളനിയിൽ നിന്ന് പട്ടയം വാങ്ങാൻ വന്ന 20 കുടുംബങ്ങൾക്കും പറയാനുള്ളത് സന്തോഷം നിറഞ്ഞ വാക്കുകൾ മാത്രം. ലിന്റോ ജോസഫ് എം. എൽ.എക്കൊപ്പം ഫോട്ടോയെടുത്തും സന്തോഷം പങ്കിട്ടുമാണ് 20 കുടുംബങ്ങളും തങ്ങൾക്ക് പട്ടയം കിട്ടിയ ഭൂമിയിലേക്ക് മടങ്ങിയത്.
ഭൂമിയുടെ അവകാശികളായി ആയിരങ്ങൾ; വിതരണം ചെയ്തത് 8,216 പട്ടയങ്ങൾ
സ്വന്തം ഭൂമിക്ക് പട്ടയമെന്ന സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിൽ ആയിരങ്ങൾ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ജില്ലയിൽ നടന്ന പട്ടയമേളയിൽ രേഖകൾ വാങ്ങാനായി നൂറുകണക്കിന് ആളുകളാണ് എത്തിയത്.
കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ 8,216 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 8007 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ, ഭൂപതിവ് ചട്ട പ്രകാരം 209 പട്ടയങ്ങൾ എന്നിവ വിതരണം ചെയ്തു.
കോഴിക്കോട് ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ-5100, വടകര ലാൻഡ് ട്രിബ്യൂണൽ 2,206, ദേവസ്വം -450, കോഴിക്കോട് സ്പെഷ്യൽ താഹസിൽദാർ റവന്യൂ റിക്കവറി-118, സ്പെഷ്യൽ തഹസിൽദാർ എൽ. എ കൊയിലാണ്ടി -133 എന്നിവയും മുനിസിപ്പൽ കോർപ്പറേഷൻ ഭൂപതിവ് ചട്ടപ്രകാരം 37 പട്ടയങ്ങൾ, മിച്ചഭൂമി പട്ടയങ്ങൾ 34, കോളനി പട്ടയങ്ങൾ 138 എന്നിവയുമാണ് വിതരണം ചെയ്തത്. പട്ടയ വിതരണത്തിനായി പ്രത്യേക കൗണ്ടറുകൾ മേളയിൽ ഒരുക്കിയിരുന്നു.
കുട്ടികൾക്ക് മതിയായ പഠനദിനങ്ങൾ ഉറപ്പാക്കും – മന്ത്രി വി ശിവൻകുട്ടി
കുട്ടികൾക്ക് മതിയായ പഠനദിനങ്ങൾ ഉറപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വെള്ളിപറമ്പ് ഗവ. എല്‍.പി സ്കൂള്‍ കെട്ടിട ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാർവത്രിക ഗുണമേന്മ വിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. മതിയായ പഠന ദിനങ്ങള്‍ ഉറപ്പാക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. കുട്ടികളുടെ വിദ്യാഭ്യാസ അവകാശവും ചര്‍ച്ചചെയ്യപ്പെടണമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി അനുവദിച്ച 1.11 കോടി രൂപ ചെലവിലാണ് സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. രണ്ട് നില കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളും ടോയ്ലെറ്റ് സൗകര്യവുമാണ് ഉണ്ടാവുക.
ചടങ്ങിൽ പി ടി എ റഹീം എം എൽ എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എഞ്ചിനീയര്‍ പി അനീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി മാധവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ സുഹറാബി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം ധനീഷ്ലാല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനീഷ് പാലാട്ട്, വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സീമ ഹരീഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി സൈദത്ത്, സുസ്മിത വിത്താരത്ത്, ബിജു ശിവദാസ്, പ്രസീത്കുമാര്‍, കെ.ടി മിനി, കോഴിക്കോട് റൂറല്‍ എ.ഇ.ഒ ഗീത റെജി, മാവൂർ ബി.പി.സി ജോസഫ് തോമസ്, കെ.എം. ഗണേശന്‍, പി.പി ആനന്ദ്, മുളയത്ത് മുഹമ്മദ്, മെഹബൂബ് കുറ്റിക്കാട്ടൂര്‍, കോളോട്ട് ശശി, എന്‍.എം ശശി, വേണു മാക്കോലത്ത് ,എന്‍.വി കോയ, ബക്കര്‍ വെള്ളിപറമ്പ്, എം.പി ബിന്ദു, സല്‍മ എന്നിവർ സംസാരിച്ചു. പി.ടിഎ പ്രസിഡന്‍റ് പി നിധീഷ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ എന്‍ അജയകുമാര്‍ നന്ദിയും പറഞ്ഞു.
വെള്ളയിൽ ബീച്ചിലെ 19 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു
വെള്ളയിൽ ബീച്ചിലെ 19 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇനി സ്വസ്ഥമായി അന്തിയുറങ്ങും. വർഷങ്ങളായി പട്ടയം കിട്ടാതിരുന്ന ഈ കുടുംബങ്ങൾ ജൂബിലി മിഷൻ ഹാളിൽ നടന്ന പട്ടയമേളയിലാണ് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജനിൽ നിന്ന് പട്ടയം ഏറ്റുവാങ്ങിയത്.
നാല് സെന്റ് വരെയുള്ള ഭൂമിക്കാണ് പട്ടയം നൽകിയത്. പലവിധ കാരണങ്ങളാലാണ് ഈ കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാതിരുന്നത്. പട്ടയം സ്വീകരിച്ച് മന്ത്രിക്കൊപ്പം ഫോട്ടോയുമെടുത്താണ് ഇവർ മടങ്ങിയത്. മത്സ്യത്തൊഴിലാളികളായ ബഷീറിനും ഹനീഫക്കുമെല്ലാം പങ്കുവെക്കാനുള്ളത് ഹൃദയം നിറഞ്ഞ സന്തോഷം. റവന്യൂ വകുപ്പും സർക്കാരും നൽകിയ സഹായത്തിനും സന്തോഷത്തിനും നന്ദി പറയുകയാണ് വെള്ളയിൽ ബീച്ചിലെ 19 കുടുംബങ്ങളും.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പട്ടയം ലഭിച്ച സന്തോഷത്തിൽ നാരായണിയും ബാബുവും
കാത്തിരിപ്പിനൊടുവിൽ ഭൂമിയുടെ അവകാശികളാവുന്നതിന്റെ സന്തോഷത്തിലാണ് കൊടിയത്തൂർ വില്ലേജിലെ ചേലാംകുന്ന് കോളനി നിവാസിയായ നാരായണിയും ബാബുവും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പട്ടയ മേളയിലാണ് നാരായണിയ്ക്കും ബാബുവിനും 25 വർഷമായി താമസിക്കുന്ന ഭൂമിയുടെ പട്ടയം സ്വന്തം പേരിൽ ലഭിച്ചത്.
പട്ടയം ലഭിച്ചതോടെ ലോണിനും മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾക്കും ഉപകാരമാവും. പട്ടയം ലഭിച്ചതിൽ സർക്കാരിനോട് അത്യധികം നന്ദിയും അതിലേറെ സന്തോഷവും ഉണ്ടെന്ന് നാരായണിയും കുടുംബവും പറഞ്ഞു.
സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമ്പോൾ വില്ലേജുകൾ സ്മാർട്ടാകും – മന്ത്രി കെ രാജന്‍
വില്ലേജ് ഓഫീസിലേക്ക് കയറി വരുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമ്പോഴാണ് വില്ലേജ് ഓഫീസുകള്‍ യഥാര്‍ത്ഥത്തില്‍ സ്മാട്ട് ആകുന്നതെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. കാന്തലാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാര്‍ഗ്ഗം നിയമ വഴിയിലൂടെ കണ്ടെത്തി ബോധ്യപ്പെടുത്തണം. അപ്പോൾ ഓഫീസുകള്‍ സ്മാര്‍ട്ടാകും. കേരളത്തിലെ എല്ലാ ഓഫീസുകളെയും സ്മാര്‍ട്ടും ഡിജിറ്റലൈസും ആക്കുന്ന വിധത്തില്‍ നവീകരിക്കണമെന്നാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2020-21 വര്‍ഷത്തെ റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം കാന്തലാട് വില്ലേജ് ഓഫീസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പഴയ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടം പൊളിച്ച് സ്ഥല പരിമിതി കാരണം പുതിയ രണ്ട് നില കെട്ടിടം നിര്‍മ്മിക്കുകയായിരുന്നു. 1500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ വെയിറ്റിംഗ് ഏരിയ, ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസര്‍ റൂം, ഓഫീസ്, റെക്കോര്‍ഡ് റൂം, മീറ്റിംഗ് റൂം, സ്റ്റാഫുകള്‍ക്കും അംഗപരിമിതര്‍ക്കും വേണ്ടി പ്രത്യേക ശൗചാലയം , ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫര്‍ണിച്ചറുകള്‍, ഇലക്ട്രിഫിക്കേഷന്‍, ലാന്റ് കേബിളിങ്ങ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ചടങ്ങില്‍ അഡ്വ. കെ എം സച്ചിന്‍ ദേവ് എം എല്‍ എ അധ്യക്ഷത വഹിച്ചു. നിര്‍മ്മിതി കേന്ദ്രം റീജിയണല്‍ എഞ്ചിനിയര്‍ ശശി കെ.എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കുട്ടികൃഷ്ണന്‍ , വൈസ് പ്രസിഡന്റ് ഇ.വി ഖദീജക്കുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി കെ പണിക്കര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റംസീന നരിക്കുനി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, എ.ഡി.എം എ മുഹമ്മദ് റഫീഖ്, ഉദ്യോഗസ്ഥര്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കലക്ടര്‍ എ ഗീത സ്വാഗതവും താമരശ്ശേരി തഹസില്‍ദാര്‍ സുബൈര്‍ സി നന്ദിയും പറഞ്ഞു.
ദേശീയപാത വികസനം 2025 ഓടെ പൂർത്തീകരിക്കും : മന്ത്രി മുഹമ്മദ് റിയാസ്
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ വികസന പ്രവർത്തികൾ 2025 ഓടെ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് .
നമ്പാംവയല്‍-കാക്കുനി റോഡിന്റെ നവീകരണത്തിന്റെയും പൊക്ലാരത്ത് താഴെ-മാണിക്കോത്ത് താഴെ-പള്ളിയത്ത് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും കാക്കുനി ബാങ്ക് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .
സംസ്ഥാന സർക്കാറിന്റെ നിശ്ചയദാർഢ്യമുള്ള നിലപാടിന്റെ വിജയമാണ് ദേശീയപാത വികസന പ്രവൃത്തികളുടെ പിന്നിൽ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പ്രവൃത്തി അതിവേഗത്തിൽ പുരോഗമിക്കുകയാണ്.
ആറുവരി പാത യാഥാർത്ഥ്യമാകുന്നതോടെ 50 കിലോ മീറ്റർ ദൂരം സഞ്ചരിക്കാൻ 30 – 35 മിനുട്ടുകൾക്കൊണ്ട് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മലയാര ഹൈവേ, തീരദേശ ഹൈവേ തുടങ്ങിയവയുടെ പ്രവർത്തികളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും ഇവയെല്ലാം പൂർത്തീകരിക്കുന്നതോടെ കേരളത്തിന്റെ വികസന കുതിപ്പിൽ വലിയ മാറ്റമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേന്ദ്രന്‍ മാസ്റ്റര്‍,കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, വേളം പഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതില്‍, വേളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി ബാബു മാസ്റ്റർ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, സറീന നടുക്കണ്ടി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ സി മുജീബ് റഹ്മാൻ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.
കോഴിക്കോട് റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.കെ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു.
കോഴിക്കോട് നോർത്ത് സർക്കിൾ സുപ്രണ്ടിംഗ് എഞ്ചിനീയർ ഇ.ജി വിശ്വപ്രകാശ് സ്വാഗതവും വടകര സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിധിൻ ലക്ഷമണൻ നന്ദിയും പറഞ്ഞു.
ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം- മന്ത്രി വി ശിവൻകുട്ടി
സേവസ് പദ്ധതി നടപ്പാക്കുക 14 ജില്ലകളിലെ 14 പാർശ്വവത്കൃത പഞ്ചായത്തുകളിൽ
ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സേവസ് പദ്ധതിയിലൂടെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകി അവരെ മുന്നോട്ട് നയിക്കാൻ സാധിക്കും. വിദ്യാഭ്യാസം, സംസ്കാരികാവബോധം, തൊഴിൽ നൈപുണി മേഖലകളിൽ മികവ് നേടാൻ അവരെ പ്രാപ്തരാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പാർശ്വവത്കൃത മേഖലകളിലെ സമഗ്ര വികസനം മുന്നിൽ കണ്ട് എല്ലാ ഏകോപന സാധ്യതകളും പ്രയോജനപ്പെടുത്തി നിശ്ചിത പാർശ്വവൽകൃത മേഖല ദത്തെടുക്കുന്ന പ്രക്രിയയാണ് സേവാസ് പദ്ധതി വിഭാവനം ചെയ്യുന്നത്. സമഗ്ര ശിക്ഷാ കേരളം ആക്സസ് ഫോക്കസ്ഡ് ഇന്നവേറ്റീവ് പ്രോഗ്രാം എന്ന ഇന്റർവെൻഷനിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയിൽ സംസ്ഥാനത്തെ 14 ജില്ലകളിലെ 14 പാർശ്വവത്കൃത പഞ്ചായത്തുകൾ തെരഞ്ഞെടുത്തിട്ടുണ്ട്.
അഞ്ച് വർഷം കൊണ്ട് എല്ലാ മേഖലകളിലും ഉന്നതിയിലെത്തുന്ന ഒരു സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുക, വിവിധതരം പരിമിതികൾ അനുഭവിക്കുന്ന കുട്ടികൾക്ക് സാമൂഹിക പങ്കാളിത്തത്തോടെ ആത്മവിശ്വാസവും, ജീവിത നൈപുണിയും നേടത്തക്ക വിധത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ആദിവാസി-പട്ടിക വർഗ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന പേരാമ്പ്ര ബി.ആർ.സി പരിധിയിലുള്ള മലയോര പ്രദേശമായ ചക്കിട്ടപാറ പഞ്ചായത്തിനെയാണ് കോഴിക്കോട് ജില്ലയിൽ പദ്ധതിക്കായി ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തിട്ടുള്ളത്.
ചക്കിട്ടപാറയിൽ നടന്ന ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കേരളം എ എസ് പി ഡി ആർ എസ് ഷിബു പദ്ധതി വിശദീകരിച്ചു. കുട്ടികൾക്കുള്ള സൈക്കിൾ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണം ചെയ്തു. എസ് എസ് കെ ജില്ലാ പ്രാെജക്ട് കോഡിനേറ്റർ ഡോ.എ.കെ അബ്ദുൽ ഹക്കീം സേവാസ് പദ്ധതിയുടെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള മൊമന്റോ മന്ത്രി കെെമാറി. മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
ചടങ്ങിൽ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഉണ്ണി വേങ്ങേരി, വി.കെ പ്രമോദ്, കെ.കെ ബിന്ദു, ചക്കിട്ടപാറ പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ.യു.കെ അബ്ദുൾ നാസർ, ബി.ആർ.സി പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധകൾ, വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ സ്വാഗതവും ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ നിത വി.പി നന്ദിയും പറഞ്ഞു.
ഭൂപ്രശ്നങ്ങൾ പരിഹരിച്ച് എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കും – മന്ത്രി കെ രാജൻ
സംസ്ഥാനത്തെ ഭൂപ്രശ്നങ്ങൾ പരിഹരിച്ച് എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുമെന്ന് റവന്യു -ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. വാവാട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടയ മിഷന്റെ ഭാഗമായി കൊടുവള്ളി നിയോജക മണ്ഡലം ഉൾപ്പെടെ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും സാധാരണക്കാരായ ജനങ്ങൾക്ക് ഇനിയെത്ര പട്ടയം വിതരണം ചെയ്യാനുണ്ടെന്ന് കണ്ടെത്തും. പട്ടയ വിതരണം വേഗത്തിലാക്കാൻ മണ്ഡലം കേന്ദ്രീകരിച്ചു കൊണ്ടുള്ള യോഗങ്ങൾ ചേരുമെന്നും മന്ത്രി പറഞ്ഞു.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 51,98,000 രൂപ ചെലവിട്ടാണ് വാവാട് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം പൂർത്തിയാക്കിയത്. നിലവിലുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ലോഡ് ബിയറിംങ് സ്ട്രക്ചറിലാണ് രണ്ട് നിലയുള്ള വില്ലേജ് ഓഫീസിന്റെ പണി പൂർത്തിയാക്കിയത്. താഴത്തെ നിലയിൽ പൊതുജനങ്ങൾക്കായി വെയിറ്റിങ്ങ് ഏരിയ, വില്ലേജ് ഓഫീസറുടെ റൂം, സ്പെഷ്യൻ വില്ലേജ് ഓഫീസറുടെ റൂം, വരാന്ത, രണ്ട് ടോയ്ലെറ്റുകളും, ഒന്നാം നിലയിൽ റെക്കോർഡ് റൂമും, ഡൈനിങ്ങ് റൂമും ക്രമീകരിച്ചിട്ടുണ്ട്.
എം കെ മുനീർ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ നിർമിതി കേന്ദ്രം അസിസ്റ്റന്റ് എൻജിനീയർ സീന ഇ റിപ്പോർട്ട് അവതരിപ്പിച്ചു. കൊടുവള്ളി നഗരസഭ ചെയർമാൻ അബ്ദു വെള്ളറ, വൈസ് ചെയർമാൻ സുഷിനി കെ. എം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ കെ അനിൽകുമാർ, മുൻ എം എൽ എ കാരാട്ട് റസാഖ്, കൗൺസിലർ പ്രീത കെ കെ, എ ഡി എം സി മുഹമ്മദ് റഫീഖ്, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കളക്ടർ എ ഗീത സ്വാഗതവും , തഹസിൽദാർ സുബൈർ സി നന്ദിയും പറഞ്ഞു.