വാട്ടർ ചാർജ്ജ് അടയ്ക്കാത്തവരുടെയും മീറ്ററുകൾ മാറ്റാത്തവരുടെയും കണക്ഷനുകൾ മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കും; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (10/02/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
അഭിമുഖം നടത്തുന്നു
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ 2022-23 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യുജിസി നെറ്റ് യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഫെബ്രുവരി 14 ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദമുളളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് : 04902346027, ഇ-മെയിൽ [email protected]
സെലക്ഷൻ ട്രയൽ നടത്തുന്നു
പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ കാസർഗോഡ് ജില്ലയിലെ കരിന്തളത്ത് പ്രവർത്തിക്കുന്ന ഏകലവ്യ സ്പോർട്സ് മോഡൽ റസിഡൻഷ്യൽ വിദ്യാലയത്തിൽ 6-ാം ക്ലാസിലേക്ക് പ്രവേശനം നൽകുന്നതിന് പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി സെലക്ഷൻ ട്രയൽ നടത്തുന്നു. കോഴിക്കോട് ഈസ്റ്റ്ഹിൽ, ഗവ.ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ഗ്രൗണ്ടിൽ ഫെബ്രുവരി 21 നാണ് സെലക്ഷൻ ട്രയൽ. നിലവിൽ 5-ാം ക്ലാസിൽ പഠിക്കുന്ന സ്പോർട്സിൽ മികവ് തെളിയിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുന്നത്. 30 വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകും. സി.ബി.എസ്.ഇ സിലബസിൽ ആയിരിക്കും പഠനം. നിലവിൽ സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർത്ഥികളെയും പരിഗണിക്കും. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 12-ാം ക്ലാസ് വരെ സ്ഥാപനത്തിൽ തുടരാം. സിലബസ് പ്രകാരമുള്ള പഠനത്തിന് പുറമെ അത് ലറ്റിക്സ്, വിവിധ ഗെയിംസ് എന്നിവയിൽ ശാസ്ത്രീയ പരിശീലനവും ലഭിക്കും. സെലക്ഷൻ ട്രയലിൽ പങ്കെടുക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. പട്ടികവർഗ്ഗക്കാരാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജനന തിയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, സ്കൂൾ ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ ആയതിന്റെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 9496070370, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കോടഞ്ചേരി, 9744233620 -ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, പേരാമ്പ്ര, 04952376364 ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കോഴിക്കോട്.
വൈഗ 2023 – ഹാക്കത്തോൺ ബി2ബി മീറ്റ് രജിസ്ട്രേഷൻ സമയം നീട്ടി
കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ അഗ്രി ഹാക്കത്തോണിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള തിയ്യതി ഫെബ്രുവരി 15-ന് ഉച്ചക്ക് 12 മണി വരെ നീട്ടി. കോളേജ് വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, കർഷകർ ഉൾപ്പെടുന്ന പൊതു വിഭാഗം എന്നീ മൂന്നു വിഭാഗങ്ങളിലായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കാർഷിക മേഖലയിലെ പ്രശ്നങ്ങളിൽ ഫലപ്രദമായ സാങ്കേതിക പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന എല്ലാ ടീമുകളും, പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചുള്ള ലഘുവിവരണവും പ്രസന്റേഷനും നിശ്ചിത സമയത്തിനകം വൈഗ അഗ്രിഹാക്ക് പോർട്ടലിൽ (vaigaagrihack.in) അപ്പ്ലോഡ് ചെയ്യണം. സംരംഭകർക്ക് www.vaigakerala.com വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 -2318186, 2317314
അറിയിപ്പ്
വാട്ടർ അതോറിറ്റിയുടെ ഉപഭോക്താക്കളിൽ വാട്ടർ ചാർജ് അടക്കുന്നതിന് വീഴ്ച വരുത്തിയിട്ടുള്ളവരുടെ കണക്ഷനുകൾ ഇനിയൊരറിയിപ്പുകൂടാതെ വിഛേദിക്കുന്നതാണെന്ന് വാട്ടർ അതോറിറ്റി എക്സിക്യുട്ടിവ് എഞ്ചിനീയർ അറിയിച്ചു. പ്രവർത്തന രഹിതമായ മീറ്ററുകൾ മാറ്റിവെക്കാത്ത കണക്ഷനുകളും വിഛേദിക്കും. വിഛേദിച്ച കണക്ഷനുകളിലെ കുടിശ്ശിക അടക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുന്നതാണ്. ആംനസ്റ്റി പദ്ധതിയുടെ ഭാഗമായി ഗഡുക്കൾ അനുവദിച്ചിട്ടുള്ള കണക്ഷനുകളിലെ ഗഡുകൾ വീഴ്ചവരുത്തിയാലും കണക്ഷൻ വിഛേദിക്കുന്നതാണ്. ഇതിനകം മൊബൈൽ ഫോൺ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉപഭോക്താക്കൾ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെന്നും എക്സിക്യുട്ടിവ് എഞ്ചിനീയർ അറിയിച്ചു.
താൽപ്പര്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ 2022-23 വർഷത്തെ ക്രാഡിൽ അങ്കണവാടി നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി 1.75 കോടി രൂപ അടങ്കൽ തുക ഉപയോഗിച്ച് ജില്ലാ പഞ്ചായത്ത് പരിധിയിൽ വരുന്ന 140 അങ്കണവാടികളുടെ ഇന്റീരിയർ നവീകരണ പ്രവർത്തികൾ (ഒരു അങ്കണവാടിക്ക് 1.25 ലക്ഷം) ഏറ്റെടുക്കുന്നതിന് ഗവ:അംഗീകൃത ഏജൻസികളിൽ നിന്നും താൽപ്പര്യപത്രം ക്ഷണിക്കുന്നു. താല്പര്യപത്രം ഫെബ്രുവരി 23 ന് 5 മണിക്കകം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ :0495 -2370750
അഡ്മിഷന് അപേക്ഷ ക്ഷണിച്ചു
എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ/ സർക്കാർ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിൽ മെറിറ്റിലും റിസർവേഷനിലും പ്രവേശനം നേടിയ ഒ.ബി.സി/ എസ്.ഇ.ബി.സി/ ഒ.ഇ.സി/ ഒ.ബി.സി(എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥിനികൾക്കായി എറണാകുളം കാക്കനാട് പോലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാന ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുന്ന പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ അഡ്മിഷന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ഹൗസിംഗ് ബോർഡുമായി സഹകരിച്ച് പ്രവർത്തനമാരംഭിക്കുന്ന ഹോസ്റ്റലിൽ അഡ്മിഷൻ ലഭിക്കുന്നതിന് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസിൽ സമർപ്പിക്കണം. ഇത് സംബന്ധിച്ച വിശദ വിവരങ്ങടങ്ങിയ വിജ്ഞാപനം, അപേക്ഷാ ഫോറം എന്നിവ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സെറ്റുകളിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15. കൂടുതൽ വിവരങ്ങൾക്ക്: 0484-2429130
ദ്വിദ്വിന സഹവാസ ക്യാമ്പ്
കോഴിക്കോട് ജില്ലയിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്കായി ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ കൈറ്റിന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നൽകുന്നതിനായി ദ്വിദ്വിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ ഘട്ടങ്ങളിലായി ജില്ലയിലെ 164 ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. സ്വതന്ത്ര സോഫ്റ്റ് വെയർ ആയ ബ്ലെൻഡർ ഉപയോഗിച്ചാണ് ആനിമേഷൻ പരിശീലനം റോബോട്ടിക് കിറ്റായ ആർഡിനോ യൂനോ ഉപയോഗിച്ചാണ് പ്രോഗ്രാമിങ്ങിൽ പരിശീലനം നൽകുന്നത്. ഫെബ്രുവരി 11,12 തിയ്യതികളിൽ കാരപ്പറമ്പ് ഗവ ഹയർസെക്കണ്ടറി സ്കൂളിലാണ് ക്യാമ്പ്. ഫെബ്രുവരി 11 ന് രാവിലെ കൈറ്റ് സി ഇ ഒ അൻവർ സാദത്ത് കുട്ടികളുമായി ഓൺലൈനായി സംവദിക്കും.12 ന് വൈകുന്നേരം 3 മണി മുതൽ കുട്ടികൾ തയ്യാറാക്കിയ ആനിമേഷനുകളുടെയും പ്രോഗ്രാമുകളുടെയും പ്രദർശനവും ഉണ്ടായിരിക്കും.
നിയമനം നടത്തുന്നു
ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതി പ്രകാരം ജില്ലയില്‍ ആരംഭിക്കുന്ന ജില്ലാ തല റിസോഴ്‌സ് സെന്ററിലെ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. വുമൺ സ്റ്റഡീസ്, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25 വയസ്സിനും 45 വയസ്സിനുമിടയിൽ. വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ വനിത ശിശു വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ ഫെബ്രുവരി 14 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370750
നിയമനം നടത്തുന്നു
ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിലുള്ള ആലപ്പുഴ ജില്ലയിലെ കളർകോട് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ നിലയത്തിലേക്ക് കാഷ്വൽ പ്രൊഡക്ഷൻ അസിസ്റ്റൻറ് തസ്തികയിൽ 1075/- രൂപ ദിവസവേതന നിരക്കിൽ കരാർ നിയമനം നടത്തുന്നു. മാർച്ച് 9 ന് ആലപ്പുഴ കളർകോട് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ, വിത്തു പരിശോധന കേന്ദ്രത്തിൽ അഭിമുഖം നടത്തും. 8 ഒഴിവുകളിലേക്കാണ് അഭിമുഖം. (കുട്ടനാട് റേഡിയോ നിലയത്തിൽ പരിപാടികൾ തയ്യാറാക്കുന്നതിനും അവതരിപ്പിക്കുന്നതിനും 15 കാഷ്വൽ പ്രൊഡക്ഷൻ അസിസ്റ്റൻറുമാരുടെ പാനൽ തയ്യാറാക്കുന്നതിലേക്ക് വാക്-ഇൻ-ഇൻറർവ്യൂ മുഖേനയും തെരെഞ്ഞടുക്കുന്നതാണ്.) ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലഭിച്ചിട്ടുള്ള ബിരുദമാണ് യോഗ്യത. റേഡിയോ പരിപാടികൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം/അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയ അഭിരുചികൾ ഉണ്ടായിരിക്കണം. വാണി സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾ മാർച്ച് 9 ന് രാവിലെ 9 മണി മുതൽ 11 മണി വരെ സർട്ടിഫിക്കേറ്റ് പരിശോധനയ്ക്ക് ഹാജരാകേണ്ടതാണ്. എസ്.എസ്.എൽ.സി. ബുക്ക്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിയ്ക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയവയുടെ പകർപ്പുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2318186
പ്രമാണ പരിശോധന നടത്തുന്നു
പോലിസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (എ.പി.ബി) (കാറ്റഗറി നമ്പർ 530/2019) തസ്തികയുടെ ശാരീരിക അളവെടുപ്പ് കായിക ക്ഷമതാ പരീക്ഷ എന്നിവ വിജയിച്ച ഉദ്യോഗാർത്ഥികളുടെ പ്രമാണ പരിശോധന കോഴിക്കോട് ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് പി. എസ്.സി കോഴിക്കോട് റീജ്യണൽ ഓഫീസിലും മാറ്റ് ഉദ്യോഗാർത്ഥികൾക്ക് പി എസ് സി മലപ്പുറം ജില്ലാ ഓഫീസിൽ വെച്ചും ഫെബ്രുവരി 16 മുതൽ 28 വരെയുളള ദിവസങ്ങളിൽ രാവിലെ 8.15 മണി മുതൽ നടത്തുന്നതാണ്. ഉദ്യോഗാർഥികൾ പ്രമാണ പരിശോധനയ്ക്ക് ഹാജരാകേണ്ട തിയ്യതിയും സ്ഥലവും അവരുടെ പ്രൊഫൈലിൽ അറിയിച്ചിട്ടുണ്ടെന്ന് പിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.
പരിശീലനം നടക്കുന്നു
ഉത്തര മേഖലാ പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ നടത്തുന്ന ‘ഫാം കാർണിവൽ-സഫലം 2023’ നോടനുബന്ധിച്ച് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുളളവർ പേര് രജിസ്റ്റർ ചെയ്യണം. ഫെബ്രുവരി 21 ന് ശാസ്ത്രീയ കശുമാവ് കൃഷിയിൽ പരിശീലനം നടക്കും(ഫോൺ: 7012389920 ). കശുമാവ് കൃഷി ഭാവിയിലേക്കുളള വിള എന്ന വിഷയത്തിൽ ഫെബ്രുവരി 23 നാണ് പരിശീലനം. (ഫോൺ: 7907277748) ഫെബ്രുവരി 25 ന് കാർഷിക യന്ത്രങ്ങളുടെ പ്രായോഗിക പരിശീലനം, സുഗന്ധവ്യജ്ഞന വിളകൾ എന്നീ വിഷയങ്ങളിൽ പരിശീലനം നടക്കും. (ഫോൺ 9846334758, 7907741584 ) തെങ്ങിലെ കൃഷി രീതികൾ വിഷയത്തിൽ 27 നും പരിശീലനം നടക്കും( 8281307144 ).
ഫെബ്രുവരി 28 ന് കശുമാങ്ങ സംസ്കരണം വിഷയത്തിൽ ഏകദിന പരിശീലനം നടക്കും. ( ഫോൺ :9846334758 )
അഭിമുഖം നടത്തുന്നു
ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സായാഹ്ന ഒ.പി യ്ക്കായി ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നീ പോസ്റ്റിലേക്കും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി വഴി ഫാർമസിസ്റ്റ് ഇസിജി ടെക്നീഷ്യൻ എന്നീ പോസ്റ്റിലേക്കും ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഫെബ്രുവരി 15 ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ലാബ് ടെക്നീഷ്യന് ഡിഎംഎൽടി ആണ് യോഗ്യത. ഫാർമസിസ്റ്റിന് ഡി ഫാമാണ് യോഗ്യത. ഇസിജി ടെക്നീഷ്യന് അപ്രൂവ്ഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
അപേക്ഷ ക്ഷണിച്ചു
അസംഘടിത മേഖലയിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുളള ആശ്വാസ ക്ഷേമപദ്ധതിയിൽ ഒറ്റത്തവണ സഹായധനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മറ്റു ക്ഷേമ പദ്ധതികളിൽ അംഗമല്ലാത്തതും പക്ഷാഘാതം അർബുദം, ക്ഷയം, ട്യൂമർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി മരണകാരണമായേക്കാവുന്ന രോഗങ്ങൾ എന്നിവ മൂലം അവശതയനുഭവിക്കുന്നവർക്കുമാണ് സഹായധനം ലഭിക്കുക. അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം ജില്ലാ ലേബർ ഓഫീസിലോ അസിസ്റ്റന്റ് ലേബർ ഓഫീസിലോ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ലേബർ ഓഫീസ്- 0495 2370538 , അസിസ്റ്റന്റ് ലേബർ ഓഫീസ്, ഒന്നാം സർക്കിൾ – 0495 2370019, അസിസ്റ്റന്റ് ലേബർ ഓഫീസ്, രണ്ടാം സർക്കിൾ – 0495 2370025 , അസിസ്റ്റന്റ് ലേബർ ഓഫീസ്, മൂന്നാം സർക്കിൾ – 0495 2370042 , അസിസ്റ്റന്റ് ലേബർ ഓഫീസ്, ഫറോക്ക് – 0495 2484825 , അസിസ്റ്റന്റ് ലേബർ ഓഫീസ്, താമരശ്ശേരി – 0496 2224731, അസിസ്റ്റന്റ് ലേബർ ഓഫീസ്, കൊയിലാണ്ടി – 0496 2630153 അസിസ്റ്റന്റ് ലേബർ ഓഫീസ്, വടകര 0496 – 2515288.
ഗതാഗതം നിരോധിച്ചു
തിരുവമ്പാടി മണ്ഡലത്തിലെ അടിവാരം നൂറാംതോട് റോഡിൽ പേത്തുണ്ടി പാലം നിർമ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതിനാൽ യാത്രാ സൗകര്യത്തിനായി ഉപയോഗിക്കുന്ന താൽക്കാലിക പാലത്തിൽ കൂടിയുളള വാഹന ഗതാഗതം ഫെബ്രുവരി 13 മുതൽ നിരോധിച്ചിരിക്കുന്നതായിഎക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ കൈതപ്പൊയിൽ- വെഞ്ചേരി -പാലക്കൽ വഴി പോകേണ്ടതാണ്.
ഭരണഭാഷ: ജില്ലാതല ഏകോപനസമിതി യോഗം ചേർന്നു
ഭരണഭാഷയുമായി ബന്ധപ്പെട്ട് എ ഡി എം സി.മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയിൽ ജില്ലാതല ഏകോപനസമിതി യോഗം ചേർന്നു. ഔദ്യോഗികഭാഷാ വകുപ്പിലെ ഭാഷാവിദഗ്ധൻ ഡോ. ആർ ശിവകുമാർ വിവിധ വകുപ്പുകളിലെ ഭാഷാമാറ്റപുരോഗതി അവലോകനം ചെയ്തു.
ഭരണഭാഷ മലയാളത്തിൽ ആകണമെന്നാണ് സർക്കാരിന്റെ നയം. ഓഫീസുകളിൽനിന്ന് പുറത്തേക്ക് നൽകുന്ന കത്തുകളിലും ഉത്തരവുകളിലും ഏറ്റവും മെച്ചപ്പെട്ട ഭാഷയാണുപയോഗിക്കേണ്ടത്. അത് വളരെ ലളിതവുമായിരിക്കണം. ജനങ്ങളും ഭരണവും തമ്മിലുള്ള അകലം കുറയ്ക്കാൻ ഇത് ഉപകരിക്കുമെന്ന് ഡോ. ആർ ശിവകുമാർ പറഞ്ഞു. മലയാളത്തിന് ഏകീകൃത എഴുത്തുരീതി അത്യാവശ്യമാണ്. അതിനു വേണ്ടി ഔദ്യോഗികഭാഷാ വകുപ്പ് ‘മലയാളത്തിന്റെ എഴുത്തുരീതി’ എന്ന പേരിൽ കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമപ്രകാരം ഇംഗ്ലീഷിൽ കത്തിടപാടുകൾ നടത്തേണ്ട സാഹചര്യങ്ങളിൽ അവയുടെ കുറിപ്പു ഫയൽ മലയാളത്തിൽ ആകണമെന്ന് അദ്ദേഹം നിർദേശിച്ചു.
വകുപ്പുതലത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ വളരെ ശ്രദ്ധയോടെ പരിശോധിക്കണം. 26 ഭരണഭാഷ നടപ്പാക്കൽ എന്ന അക്കൗണ്ടു ഹെഡിൽ ലഭിക്കുന്ന തുക ഫലപ്രദമായി ചെലവാക്കാൻ വകുപ്പുകൾ ശ്രദ്ധിക്കണം. ഭരണഭാഷാപരിശീലനം, മലയാളം ടൈപ്പിങ് പരിശീലനം എന്നിവയ്ക്കായി ഐ എം ജിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. 2022 -ലെ ലിപിപരിഷ്കരണനിർദേശപ്രകാരമുള്ള ഫോണ്ടുകൾ എല്ലാവരും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഭാഷയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നേരിടുന്ന ആശങ്കകളും പ്രശ്നങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഉദ്യോഗസ്ഥ- ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് തയ്യാറാക്കിയ ‘മലയാളത്തിന്റെ എഴുത്തുരീതി’ എന്ന കൈപ്പുസ്തകം ഡോ. ആർ ശിവകുമാർ എ ഡി എമ്മിന് കൈമാറി. ഓരോ വകുപ്പിലെയും ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ഗിരീഷ് പുത്തഞ്ചേരി സംഗീതത്തെ ഉപാസിച്ച എഴുത്തുകാരൻ- വി ടി മുരളി
സംഗീതത്തെ ഉപാസിച്ച എഴുത്തുകാരനായിരുന്നു ഗിരീഷ് പുത്തഞ്ചേരിയെന്ന് ചലച്ചിത്ര പിന്നണി ഗായകനും എഴുത്തുകാരനുമായ വി ടി മുരളി. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ‘സ്‌മൃതി’ യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ നർമ്മബോധമുള്ള ഗിരീഷ് പുത്തഞ്ചേരി എല്ലാ എഴുത്തുകാരോടും അടുപ്പം സൂക്ഷിച്ചിരുന്നു. ഭാസ്കരൻ മാസ്റ്റർ, ഒഎൻവി, യൂസഫലി കേച്ചേരി തുടങ്ങി എല്ലാവരെയും സസൂക്ഷ്മം നിരീക്ഷിച്ച കലാകാരനായിരുന്നു. ഉത്തരേന്ത്യൻ സംഗീത സമ്പ്രദായത്തെയും ഗിരീഷ് ഏറെ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാട്ടിനോട് ആവേശമായിരുന്ന പുത്തഞ്ചേരിക്ക് ഓരോ പാട്ടുകളും മന:പാഠമായിരുന്നു. സാരംഗി എന്ന ഉപകരണത്തിന്റെ തേങ്ങൽ സംഗീതത്തിലൂടെ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഗിരീഷ്. സംഗീത ഉപകരണങ്ങളിൽ നിന്ന് ഉതിരുന്ന നാദത്തിന്റെ സവിശേഷത തന്റെ ഗാനങ്ങളിൽ ഉൾക്കൊള്ളിക്കാൻ ഗിരീഷിന് സാധിച്ചിട്ടുണ്ടെന്നും വി ടി മുരളി അനുസ്മരിച്ചു. അകാലത്തിൽ വേർപിരിഞ്ഞ ഗിരീഷ് പുത്തഞ്ചേരിക്ക് ആത്മശാന്തി നേർന്ന അദ്ദേഹം പുത്തഞ്ചേരിയുടെ പാട്ടുകളെ ഏറെ തന്മയത്വത്തോടെ വിശകലനം ചെയ്തു.
ഗിരീഷ് പുത്തഞ്ചേരിയുടെ പത്നി ബീന പുത്തഞ്ചേരി സന്നിഹിതയായിരുന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിക്കേഷൻസ് വകുപ്പ് കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ അധ്യക്ഷനായിരുന്ന ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായകൻ പി കെ സുനിൽകുമാർ ഗാനാഞ്ജലി അർപ്പിച്ചു.
മൊയ്തു മൗലവി ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയം അങ്കണത്തിൽ നടന്ന പരിപാടിയിൽ ജില്ല ഇൻഫർമേഷൻ ഓഫീസർ കെ ദീപ, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആർ ശൈലേന്ദ്ര വർമ്മ, സംവീധായകൻ കെ പി സുനിൽ,ഗായിക വേദ അഭിലാഷ് തുടങ്ങിയവർ പുത്തഞ്ചേരിയുടെ ഗാനങ്ങൾ ആലപിച്ചു കൊണ്ട് ആശംസകൾ അറിയിച്ചു. ഗിരീഷ് പുത്തഞ്ചേരി ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി കെ രമേശ് ബാബു സ്വാഗതവും സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസറും ചരിത്ര വിഭാഗം മേധാവിയുമായ ശ്രീലത കെ നന്ദിയും പറഞ്ഞു. ഗിരീഷ് പുത്തഞ്ചേരി ഫൗണ്ടേഷന്റേയും സാമൂതിരി ഗുരുവായൂരപ്പൻ കോളേജിന്റേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മുൻ എംഎൽഎ സി. പി കുഞ്ഞുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
സിപിഐ എമ്മിന്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ സി പി കുഞ്ഞുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആകർഷകമായ പ്രസംഗങ്ങളിലൂടെ ജനങ്ങൾക്ക് പ്രിയങ്കരനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
മുൻ എം എം.എൽ.എ സി. പി കുഞ്ഞുവിന്റെ വിയോഗത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചിച്ചു.
മുൻ എം.എൽ.എ സി. പി കുഞ്ഞുവിന്റെ വിയോഗത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചിച്ചു.
കോഴിക്കോട് രണ്ട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന സി പി കുഞ്ഞ് ജനകീയ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. കോഴിക്കോട് കോർപറേഷൻ കൗൺസിലർ, വഖഫ് ബോർഡ് അംഗം, കെഎസ്ഇബി കൺസെൾറ്റീവ് കമ്മിറ്റിയംഗം എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ പ്രവർത്തിച്ച് ജനപക്ഷ നിലപാടുകൾ ഉയർത്തി പിടിച്ചു. മികച്ച പ്രാസംഗികൻ എന്ന നിലയിലും പൊതു രംഗത്ത് അദ്ദേഹം നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഖ:ത്തിൽ പങ്കു ചേരുന്നതായും മന്ത്രി പറഞ്ഞു.
സഹപാഠിക്കൊരു വീട്: താക്കോൽ കൈമാറ്റം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും
ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സഹപാഠിക്കൊരു വീടിന്റെ താക്കോൽ കൈമാറ്റം നാളെ (ഫെബ്രുവരി 11 ന്) വൈകുന്നേരം 3 മണിക്ക്
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ഇ കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
എൻ.എസ്.എസ് ദത്തു ഗ്രാമമായ എടച്ചേരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ സ്നേഹ ഭവനം നിർമിച്ചിട്ടുള്ളത്. എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ
സ്കൂൾ സ്റ്റാഫും മാനേജ്മെന്റും പൂർവ വിദ്യാർത്ഥികളും പ്രദേശവാസികളും ചേർന്ന് പതിനൊന്നു ലക്ഷത്തിൽ പരം രൂപ ചെലവിലാണ് വീടിന്റെ പണി പൂർത്തിയാക്കിയത്.