മീഞ്ചന്ത മുതൽ രാമനാട്ടുകര വരെയുള്ള റോഡിൽ ഗതാഗത നിയന്ത്രണം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (04/05/2023)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ആട് വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മെയ് 12ന് രാവിലെ 10.00 മുതൽ വൈകീട്ട് നാല് മണി വരെ ആട് വളർത്തലിൽ പരിശീലനം നൽകും. താല്പര്യമുള്ളവർ 9188522713, 0491 2815454 എന്ന നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ തിരുവനന്തപുരം നോളജ് സെന്ററിൽ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കോഴ്‌സുകൾക്കും കൂടുതൽ വിവരങ്ങൾക്കും : 8590605260, 0471 2325154

ഗതാഗതം നിയന്ത്രിക്കും

പഴയ എൻ എച്ച് 17 ന്റെ മീഞ്ചന്ത മുതൽ രാമനാട്ടുകര വരെയുള്ള (കി.മീ. 251/000 മുതൽ 261/580 വരെ) ബി.സി ഓവർലെ പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി മെയ് 8 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. രാമനാട്ടുകര ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്കു പോകുന്ന വാഹനങ്ങൾ പുതിയ എൻ.എച്ച്. വഴിയും (എൻ.എച്ച് ബൈപാസ്) കോഴിക്കോട്ട് നിന്ന് രാമനാട്ടുകര വശത്തേക്ക് വരുന്ന വാഹനങ്ങൾ പതിവുപോലെ ഈ റോഡിലൂടെയും പോകാവുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ലേലം നോട്ടീസ്

കോഴിക്കോട് ഫാമിലി കോടതിയുടെ 2016 ജൂൺ 21 തീയതി യിലെ CMP (Exe)442/2015 in MC-89/2013 നമ്പർ വാറണ്ട് പ്രകാരം വളയനാട് വില്ലേജിൽ റീസർവെ നമ്പർ 40, റീ സർവെ സബ് ഡിവിഷൻ നമ്പർ 6 ൽ പ്പെട്ട 0.0248 ഹെക്ടർ (06.123 സെന്റ്) സ്ഥലത്തിലെ നാലിലൊന്ന് ഓഹരിയായ 0.0062 ഹെക്ടർ (01.53 സെന്റ്)സ്ഥലം, 2023 മെയ് 31ന് പകൽ 11 മണിക്ക് വളയനാട് വില്ലേജ് പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ പ്രസ്തുത തിയ്യതി ലേലസമയത്തിന് മുമ്പായി വളയനാട് വില്ലേജ് ഓഫീസിൽ നേരിട്ടോ, അധികാരസ്ഥൻ മുഖേനയോ ഹാജരാകേണ്ടതും തഹസിൽദാർ / അധികാരോദ്യോഗസ്ഥൻ നിർദേശിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതുമാണെന്ന് തഹസിൽദാർ അറിയിച്ചു.

അറിയിപ്പ്

മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്ന പദ്ധതി പ്രകാരം ജില്ലയിൽ മികച്ച സ്ഥാപനങ്ങളെ എംപാനൽ ലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ പരിശീലന സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത പ്രൊഫോർമയിൽ താൽപ്പര്യപത്രം ക്ഷണിച്ചു. നിലവിൽ എംപാനൽ ചെയ്യപ്പെട്ട സ്ഥാപനങ്ങളും വിശദാംശങ്ങൾ നൽകേണ്ടതാണ്. വിവരങ്ങൾ മെയ് പന്ത്രണ്ടിന് അഞ്ച് മണിക്ക് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭ്യമാക്കേണ്ടതാണെന്ന് അസി. ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2370379,2370657 / [email protected]

നിയമനം നടത്തുന്നു

ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സായാഹ്ന ഒപിക്കായി ഡോക്ടർ (എം ബി ബി എസും ടി സി എം സി രജിസ്‌ട്രേഷനും) നഴ്സിംഗ് ഓഫീസർ (ജി എൻ എം അല്ലെങ്കിൽ ബി എസ്‌ സി നഴ്സിംഗും കെ എൻ എം സി രജിസ്‌ട്രേഷനും) എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ താൽക്കാലികമായി നിയമിക്കുന്നു. ഇന്റർവ്യൂ മെയ് 15 രാവിലെ 11നു ആശുപത്രി ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2430074

തിയ്യതി നീട്ടി

മത്സ്യഫെഡ് ദ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി ചേർന്ന് മത്സ്യത്തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ്‌ വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി 2023- 24 ൽ അംഗമായി ചേരുന്നതിനുള്ള അവസാന തിയ്യതി 2023 ഏപ്രിൽ 28 ൽ നിന്നും മെയ് 31 വരെ നീട്ടി. എന്നാൽ 2023 ഏപ്രിൽ 29 മുതൽ മെയ് 31 വരെ അംഗമാകുന്നവർക്ക് 2023 ആഗസ്റ്റ് ഒന്ന് മുതൽ 2024 മാർച്ച് 31 വരെ മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളൂവെന്നും മത്സ്യഫെഡ് ജില്ലാ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2380344, [email protected]

തിയ്യതി നീട്ടി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി കുടിശ്ശിക അടക്കുവാനുള്ള അവസാന തിയ്യതി മെയ് 31 വരെ ദീർഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

താലൂക്ക് വികസന സമിതി യോഗം

മെയ് മാസത്തെ താലൂക്ക് വികസന സമിതി യോഗം മെയ് ആറിന് രാവിലെ 11 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.

ശാരദാ ഭായിക്ക് കരുതലും കൈത്താങ്ങുമാവാൻ അനന്യക്കൊപ്പം സർക്കാരും

ജീവിതയാത്രയിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ടുപോയ ഒരു അമ്മയെ തനിക്കുള്ളതിന്റെയെല്ലാം പങ്ക് നൽകി സംരക്ഷിക്കുന്നൊരു യുവതിയുണ്ട് ഉണ്ണികുളത്ത്. പേര് അനന്യ. ദുഃഖം പേറുന്ന മുഖവുമായി കരുതലും കൈത്താങ്ങും അദാലത്തിനെത്തിയ അനന്യ പുഞ്ചിരിക്കുന്ന മുഖവുമായാണ് വീട്ടിലേക്ക് മടങ്ങിയത്. 35 വർഷമായി അനന്യ ആരോരുമില്ലാത്ത 70 കാരി ശാരദാ ഭായിയെ സംരക്ഷിക്കാൻ തുടങ്ങിയിട്ട്. ഇവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ നേടിയെടുക്കാനാണ് അനന്യയുടെ പോരാട്ടം.

എല്ലാം ശരിയാക്കാം എന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ് അനന്യക്ക് ഉറപ്പ് നൽകി. അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട ശാരദാ ഭായിക്ക് വീടും സ്ഥലവും നൽകാനുള്ള നടപടികൾ അദാലത്തിലൂടെ വേഗത്തിലാവും. ഭർത്താവും അമ്മയും മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്ന അനന്യയുടെ കുടുംബത്തിനൊപ്പം ഒരു അംഗത്തെ പോലെയാണ് ശാരദാ ഭായി താമസിക്കുന്നത്. അവിവാഹിതയായ ശാരദാഭായിക്ക് പലകാരണങ്ങളാൽ സഹായങ്ങൾ ലഭ്യമായിരുന്നില്ല. ഷീറ്റ് കെട്ടിമറച്ച വീട്ടിലാണ് അനന്യയും കുടുംബവും താമസിക്കുന്നത്.

ശാരദാ ഭായിയെ അടച്ചുറപ്പുള്ള വീട്ടിൽ നല്ല ആഹാരവും മരുന്നും നൽകി സംരക്ഷിക്കണമെന്ന അനന്യയുടെ ആഗ്രഹത്തിനാണ് അദാലത്ത് പ്രതീക്ഷയേകുന്നത്. അനന്യയും കുടുംബവും ആത്മബന്ധത്തിന്റെയും മനുഷ്യത്വത്തിന്റെയും പേരിൽ ശാരദാ ഭായിയോട് കാണിക്കുന്ന അതേ കരുതലാണ് സർക്കാരും അദാലത്തിൽ എടുത്ത നിലപാട്.

തീരജനതയെ കേൾക്കാൻ തീരസദസ്സുകൾ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് തീരദേശ ജനതയുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും തീരസദസ്സ് സംഘടിപ്പിക്കുന്നു. മെയ് 14 മുതൽ മെയ് 20 വരെയാണ് ജില്ലയിൽ തീരസദസ്സുകൾ നടക്കുക.

സംസ്ഥാനത്തെ 47 തീരദേശ നിയോജകമണ്ഡലങ്ങളിലും തീരസദസ്സുകൾ നടക്കും. ആദ്യത്തെ ഒരു മണിക്കൂർ ജനപ്രതിനിധികളുമായുള്ള ചർച്ചകളും തുടർന്നുള്ള മൂന്ന് മണിക്കൂർ മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹാരവുമാണ് നടത്തുക.

ജില്ലയിൽ ബേപ്പൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, എലത്തൂർ, കൊയിലാണ്ടി, വടകര മണ്ഡലങ്ങളിലാണ് തീരസദസ്സുകൾ സംഘടിപ്പിക്കുന്നത്. മെയ് 14 ന് രാവിലെ ഒൻപതിന് ബേപ്പൂർ ഹയർസെക്കന്ററി സ്കൂൾ, മെയ് 15 ന് രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഭട്ട് റോഡ് സമുദ്ര ഓഡിറ്റോറിയം, അന്നേ ദിവസം ഉച്ചയ്ക്ക് മൂന്ന് മണി മുതൽ ഏഴ് മണിവരെ പയ്യാനക്കൽ ഹയർ സെക്കന്ററി സ്ക്കൂൾ, മെയ് 16 ന് രാവിലെ ഒൻപത് മണി മുതൽ പുതിയാപ്പ ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ, മെയ് 17 ന് രാവിലെ ഒൻപത് മണി മുതൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ (ബോയ്സ് ഹൈസ്ക്കൂൾ), മെയ് 20 ന് രാവിലെ ഒൻപത് മണി മുതൽ വടകര ടൗൺഹാൾ എന്നിവിടങ്ങളിലാണ് തീരസദസ്സുകൾ നടക്കുക.

മുഹമ്മദിന് മെയ് മാസം തന്നെ പട്ടയം ലഭിക്കും : ഉറപ്പ് നൽകി റവന്യൂ മന്ത്രി

മുഹമ്മദിന് മെയ് മാസത്തിൽ തന്നെ പട്ടയം ലഭിക്കും. പട്ടയമേളയിൽ ഇദ്ദേഹത്തിന് പട്ടയം കൈമാറാനുള്ള നടപടികൾ സ്വീകരിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ വാക്കുകൾ പുല്ലാഞ്ഞിമേട് കെ മുഹമ്മദിന് നൽകുന്ന ആശ്വാസം ചെറുതല്ല. കട്ടിപ്പാറ പഞ്ചായത്ത് ഒൻപതാം വാർഡിൽ സീറോലാൻഡ് ഭൂമിയിൽ 16 വർഷമായി താമസിക്കുകയാണ് മുഹമ്മദ്.

ശരീരം തളർന്ന് വീൽചെയറിലാണ് മുഹമ്മദ് അദാലത്തിനെത്തിയത്. എങ്കിലും കൂടുതൽ ആവശ്യങ്ങൾ ഒന്നുമില്ല. താൻ താമസിക്കുന്ന മൂന്നു സെന്റ് സ്ഥലത്തിന്റെ പട്ടയം ലഭിക്കണം. പരാതി കേട്ട ഉടനെ റവന്യൂ മന്ത്രി ഉറപ്പും നൽകി. നിയമപരമായ പരിശോധന പരാതിയിൽ നടത്തിയ ശേഷം പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കാനാണ് ജില്ലാ കലക്ടർക്ക് മന്ത്രി നിർദേശം നൽകിയത്.

താലൂക്ക് അദാലത്ത്: പരിഹരിക്കപ്പെടുന്നത് ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ – മന്ത്രി മുഹമ്മദ് റിയാസ്

താലൂക്ക് അദാലത്തുകൾ വഴി സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങളാണ് പരിഹരിക്കുന്നതെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കരുതലും കൈത്താങ്ങും ‘ താമരശ്ശേരി താലൂക്ക് തല അദാലത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അദാലത്തിന്റെ ഉദ്ഘാടന പരിപാടി മുതൽ ഇതുവരെയുള്ള വൻ ജനപങ്കാളിത്തം സർക്കാരിനോടുള്ള ജനങ്ങളുടെ ഐക്യദാർഢ്യമായിട്ടാണ് കാണുന്നത്. മെയ് ആറാം തിയ്യതി കൊയിലാണ്ടി താലൂക്കിലും എട്ടാം തിയ്യതി വടകര താലൂക്കിലുമാണ് അദാലത്തുകൾ നടക്കുന്നത്. ജനങ്ങൾ അദാലത്തിന് വൻ സ്വീകാര്യതയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവ പരിഹരിക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. പരാതികളിൽ വലിയൊരു ശതമാനം തീർപ്പ് കൽപ്പിച്ചു. മറ്റുള്ളവ പരിശോധിച്ച് തീരുമാനങ്ങൾ കൈകൊള്ളുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

താമരശ്ശേരി താലൂക്ക് തല അദാലത്തിലേക്ക് 600 പരാതികളാണ് ലഭിച്ചത്. ഇരുനൂറ്റമ്പതോളം പുതിയ പരാതികളും ലഭിച്ചു. 298 പരാതികൾ അദാലത്തിൽ പരിഗണിച്ചു. 276 പരാതികളിൽ അദാലത്തിൽ പരിഹാരമായി. 302 പരാതികൾ വിവിധ വകുപ്പുകളിലേക്ക് പരിഹാരം കാണുന്നതിനായി അയച്ചു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലാണ് കൂടുതൽ പരിഹാരം നൽകാൻ സാധിച്ചത്.

എം എൽ എ മാരായ കെ.എം സച്ചിൻ ദേവ് , ലിന്റോ ജോസഫ്, ജില്ലാ കലക്ടർ എ.ഗീത, സബ് കലക്ടർ വി ചെൽസാസിനി, എ. ഡി.എം സി മുഹമ്മദ് റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

ആശ്വാസമായി അദാലത്ത്; ബിന്ദുവിനും പത്മിനിക്കും വീട് ലഭിക്കും

സ്വന്തമായി ഒരു വീടെന്നത് ബിന്ദുവിന്റെയും പത്മിനിയുടെയും സ്വപ്നമായിരുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാനാവശ്യമായ നടപടി പ്രതീക്ഷിച്ചാണ് പത്മിനി മാനസിക വെല്ലുവിളി നേരിടുന്ന സഹോദരി ബിന്ദുവിനോടൊപ്പം കരുതലും കൈത്താങ്ങും താലൂക്ക് അദാലത്ത്‌ വേദിയിൽ എത്തിയത്.

പുതുപ്പാടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കിനാലൂർ എസ്റ്റേറ്റ് പാടിയിലെ ക്ഷയിച്ച് പൊളിയാറായ വീട്ടിലാണ് വർഷങ്ങളായി പത്മിനിയും കുടുംബവും മാനസിക വെല്ലുവിളി നേരിടുന്ന സഹോദരി ബിന്ദുവുമായി കഴിയുന്നത്. സർക്കാരിൽനിന്ന് സഹായം കിട്ടിയാൽ മാത്രമേ ഇവർക്ക് സ്വന്തമായി വീട് നിർമിക്കാൻ സാധിക്കൂ.

അടച്ചുറപ്പുളള വീടെന്ന മോഹവുമായി എത്തിയ ബിന്ദുവിനും പത്മിനിക്കും വീട് ലഭിക്കും. കുടുംബത്തിന്‍റെ സ്ഥിതി ചോദിച്ചറിഞ്ഞ റവന്യു വകുപ്പ് മന്ത്രി കെ രാജൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. തങ്ങൾക്ക് പുതിയ വീട് നൽകാനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പത്മിനി പറഞ്ഞു.

കാത്തിരിപ്പിന് അറുതി; ദേവിക്ക് ഇനി നികുതി അടയ്ക്കാം

വർഷങ്ങളായി സ്വന്തം സ്ഥലത്തിന് നികുതി ഒടുക്കാന്‍ കഴിയാതിരുന്ന കാന്തലാട് വില്ലേജിലെ ദേവിക്ക് ഇനി നികുതി അടച്ച് ആനുകൂല്യങ്ങള്‍ നേടാം. കരുതലും കൈത്താങ്ങും താമരശ്ശേരി താലൂക്ക്തല അദാലത്തിലാണ് പ്രശ്നത്തിന് പരിഹാരമായത്.

ഇയ്യാട് സ്വദേശി ദേവിയുടെ കൈവശമുളള 65 സെന്റ് സ്ഥലത്തിന് നികുതി ഒടുക്കാന്‍ കഴിയാത്തതിനാല്‍ വിവിധ ആനുകൂല്യങ്ങളും ഔദ്യോഗിക ഇടപാടുകളും നടത്താനാകാതെ കഷ്ടപ്പെടുകയായിരുന്നു ഇതുവരെയും.
പരാതി പരിശോധിച്ച ശേഷം കാന്തലാട് വില്ലേജ് ഓഫീസർക്ക് തഹസിൽദാരുടെ ശുപാർശയനുസരിച്ച് നികുതിയൊടുക്കാനുളള അനുമതി നല്‍കാൻ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി.

ലൈഫ് ഭവന പദ്ധതി : കുറ്റ്യാടിയിൽ നിർമ്മാണം പൂർത്തീകരിച്ച വീടുകൾ കൈമാറി

കേരള സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിൽ നിർമ്മാണം പൂർത്തിയായ കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ വീടുകൾ കൈമാറി.

ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി കുറ്റ്യാടി പഞ്ചായത്തിൽ 55 കുടുംബങ്ങൾക്കാണ് ഭവന നിർമ്മാണം ആരംഭിച്ചത്. അതിൽ നിർമ്മാണം പൂർത്തിയായ വീടുകളുടെ താക്കോൽദാനം പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീത എ.ടി, സുമിത്ര സി.കെ, ഹാഷിം നമ്പാട്ടിൽ, ശോഭ കെ.പി, ജുഗുനു തെക്കയിൽ, കരീം എം.പി, പഞ്ചായത്ത് സെക്രട്ടറി ഒ.ബാബു, അസി.സെക്രട്ടറി ജ്യോതി ലക്ഷ്മി, വി. ഇ.ഒ ബിനില എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നാദാപുരത്ത് ലൈഫ് പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറി

സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 20,000 വീടുകളുടെ താക്കോൽ കൈമാറുന്നതിനോട് അനുബന്ധിച്ച് നാദാപുരം ഗ്രാമ പഞ്ചായത്തിൽ അതിദരിദ്ര ഗുണഭോക്താവിന്റെ വീട് നിർമാണം പൂർത്തീകരിച്ച് താക്കോൽ കൈമാറി.

എട്ടാം വാർഡിലെ വളളിയാട്ട് കണ്ണൻ ,ജാനു എന്നിവരുടെ പണിപൂർത്തീകരിച്ച വീടിന്റെ താക്കോൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖിലാ മര്യാട്ട് കൈമാറി. അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട അഞ്ചു ഗുണഭോക്താക്കൾക്കും ലൈഫ് പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിൽ വീട് ലഭിക്കും. നാല് ലക്ഷം രൂപയാണ് ലൈഫ് പദ്ധതിയിലൂടെ ഗുണഭോക്താവിന് ധനസഹായം നൽകിയത് .

വാർഡ് മെമ്പർ എ കെ ബിജിത്ത് അധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി കെ നാസർ, എം സി സുബൈർ, ജനീത ഫിർദൗസ് ,മെമ്പർ പി പി ബാലകൃഷ്ണൻ, നിർവഹണ ഉദ്യോഗസ്ഥൻ വി ഇ ഒ ഐ അവിനാഷ്‌, വാർഡ് വികസന സമിതി കൺവീനർ സി അശോകൻ മാസ്റ്റർ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് എന്നിവർ സംസാരിച്ചു.

ലൈഫ് ഭവന പദ്ധതി : താക്കോൽദാനം നിർവഹിച്ചു

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട നിർവഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽദാനവും നിർവഹിച്ചത്. വാര്‍ഡ് മെമ്പര്‍ ആന്‍സമ്മ, വി ഈ ഒ മാരായ വിശ്വന്‍ ഉന്തുമ്മല്‍, റജുല്‍ വി എന്നിവര്‍ പങ്കെടുത്തു.

ലൈഫ് ഭവന പദ്ധതി: താക്കോൽദാനം നിർവഹിച്ചു

നരിക്കുനി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സലീം നിർവഹിച്ചു. അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയായ കുയ്യൊടിയിൽ അഫ്സത്തിനാണ് താക്കോൽ കൈമാറിയത്.
ജനകീയ ഇടപെടലിലൂടെയാണ് അഫ്സത്തിന് വീട് വെക്കാനുള്ള സ്ഥലം ലഭിച്ചത്.

ചടങ്ങിൽ വൈസ് പ്രസിഡന്റ് മിനി പുല്ലൻകണ്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻകണ്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വി.ഇ.ഒമാരായ സുസ്മിത. സി, പ്രതിഷ കെ. ടി തുടങ്ങിയവർ പങ്കെടുത്തു.

കരുതലും കൈതാങ്ങും: താമരശ്ശേരി താലൂക്ക് അദാലത്തിൽ പരാതികൾ കേട്ടറിഞ്ഞ് മന്ത്രിമാർ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിന്റെ ഭാഗമായി താമരശ്ശേരി താലൂക്ക് അദാലത്ത് താമരശ്ശേരി ഗവ. യുപി സ്കൂളിൽ വൻ ജനപങ്കാളിത്തത്തോടെ നടന്നു. പൊതുജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും മന്ത്രിമാർ കേട്ടറിഞ്ഞ് പരിഹാരം കണ്ടെത്തിയത് പുതിയ അനുഭവമായി.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് താമരശ്ശേരി താലൂക്ക് അദാലത്ത് നടന്നത്.

രാവിലെ പത്ത് മണിക്ക് ആരംഭിച്ച അദാലത്തിൽ നേരത്തെ ലഭിച്ച പരാതികൾക്ക് പുറമേ പുതിയ പരാതികളും സ്വീകരിച്ചിരുന്നു. വേഗത്തിൽ തീരുമാനം കാണേണ്ട പരാതികൾ നടപടി എടുക്കുന്നതിനായി അപ്പോൾ തന്നെ ഉദ്യോഗസ്ഥർക്ക് കൈമാറി. പരാതികൾ വളരെ വേഗം പരിഹരിക്കാനായത് ജനങ്ങൾക്ക് ഏറെ ആശ്വാസമായി.

എംഎൽഎമാരായ ലിന്റോ ജോസഫ്, കെ. എം. സച്ചിൻദേവ്, ജില്ലാ കലക്ടർ എ ഗീത, സബ് കലക്ടർ വി ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ സമീർ കിഷൻ, എ.ഡി.എം സി മുഹമ്മദ്‌ റഫീഖ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മെയ് എട്ട് വരെയാണ് ജില്ലയിൽ താലൂക്ക് തല അദാലത്തുകൾ നടക്കുക. കൊയിലാണ്ടി താലൂക്ക് അദാലത്ത് മെയ് ആറിന് കൊയിലാണ്ടി ടൗൺഹാളിലും വടകര താലൂക്ക് അദാലത്ത് മെയ് എട്ടിന് വടകര ടൗൺഹാളിലും നടക്കും.

സാംസ്കാരിക നിലയത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു

മുക്കം നഗരസഭയിൽ നീലേശ്വരം ഡിവിഷനിൽ സാംസ്കാരിക നിലയത്തിൻ്റെ ശിലാസ്ഥാപനം നഗരസഭ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു. കൗൺസിലർ എം.ടി വേണുഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ 18 ലക്ഷം രൂപ വകയിരുത്തിയാണ് ഒന്നാം ഘട്ടം നിർമ്മാണം പൂർത്തികരിക്കുക.

വൈസ് ചെയർപേഴ്സൻ കെ.പി. ചാന്ദ്നി, മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ്ബാബു, റൂബിന കെ.കെ, കൗൺസിലർ വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, സക്കീന, പി.ഗിരീഷ് സി.ടി.ജയപ്രകാശ്, കേശവൻ നമ്പൂതിരി ,വിബി ഷ് ഇ.കെ, പ്രഹ്ലാദൻ കെ.,രജിത കുപ്പോട്ട് എന്നിവർ സംസാരിച്ചു.

ലൈഫ് ഭവന പദ്ധതി : നരിപറ്റ പഞ്ചായത്തിൽ വീടുകൾ കൈമാറി

ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച നരിപ്പറ്റ പഞ്ചായത്തിലെ വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി.
നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നരിപ്പറ്റ പഞ്ചായത്തിൽ എട്ട് വീടുകളാണ് പണി പൂർത്തിയായത്.

അഞ്ചാം വാർഡിലെ ചീളുപറമ്പത്ത് കുമാരന്റെ വീട്ടിന്റെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി നിർവഹിച്ചു. ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

ലൈഫ് ഭവന പദ്ധതി; താക്കോൽ കൈമാറി

പുറമേരി ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാന ചടങ്ങ് സംഘടിപ്പിച്ചു. തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വനജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. വാർഡ് ഏഴ് നടേമ്മലിൽ വലിയ പറമ്പത്ത് കല്യാണിയുടെ വീട്ടിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ 139 വീടുകളാണ് ഉടമ്പടി പൂർത്തീകരണത്തിലേക്ക് എത്തുന്നത്. ലൈഫ് മിഷൻ പദ്ധതി പ്രകാരം നിലവിലുള്ള മുഴുവൻ അപേക്ഷകരെയും പാർപ്പിടമുള്ളവരാക്കി മാറ്റാൻ സംസ്ഥാന സർക്കാർ നിശ്ചയിച്ച ഹുഡ്‌കോ വായ്പ കൂടി ഉപയോഗപ്പെടുത്തി സാധിക്കും എന്ന് പഞ്ചായത്ത് പ്രതിനിധികൾ അറിയിച്ചു.

പുറമേരി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി എം വിജയൻ മാസ്റ്റർ, ബിന്ദു പുതിയോട്ടിൽ, വിജിഷ കെ എം, ഗീത എം എം, രവി കൂടത്താം കണ്ടി, വി ടി ഗംഗാധരൻ, സമീർ മാസ്റ്റർ, വി ഇ ഓ അനീഷ് പി ടി കെ, മീന സി കെ എന്നിവർ സംസാരിച്ചു. പുറമേരി പഞ്ചായത്ത്‌ സെക്രട്ടറി സിന്ധു പി ജി സ്വാഗതവും പഞ്ചായത്ത്‌ അംഗം പി ശ്രീലത നന്ദിയും രേഖപ്പെടുത്തി.

ചാത്തുക്കുട്ടി നായർക്ക് കൈത്താങ്ങായി താമരശ്ശേരി താലൂക്ക് അദാലത്ത്

സ്വന്തമായ വീട് എന്ന ആവശ്യവുമായാണ് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ എഴുപത്തി നാലുകാരൻ ചാത്തോത്ത് പുത്തൂർ ചാത്തുക്കുട്ടി നായർ താമരശ്ശേരി താലൂക്ക് അദാലത്തിൽ എത്തിയത്. 2020 ലൈഫ് പദ്ധതിയിൽ കൊടുത്ത അപേക്ഷയിൽ പ്രായം രേഖപ്പെടുത്താൻ വിട്ടുപോയതായിരുന്നു മുൻഗണന ലിസ്റ്റിൽ ഉൾപ്പെടാതെ പോയതിന്റെ കാരണം എന്ന് മനസിലാക്കിയ അദ്ദേഹം പരാതിയുമായി അദാലത്തിലേക്ക് എത്തുകയായിരുന്നു.

കട്ടകൊണ്ട് കെട്ടിയ നിലംപൊത്താറായ വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന ചാത്തുകുട്ടി നായർക്ക് ആശ്വാസകമാകുന്നതായിരുന്നു കരുതലും കൈത്താങ്ങും അദാലത്ത്.
പരാതി അനുഭാവപൂർവം പരിഗണിച്ച അധികൃതർ അപേക്ഷയിൽ വയസ്സ് ചേർക്കാനും പ്രായാധിക്യം പരിഗണിച്ച് ലൈഫ് പദ്ധതിയിലെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്താനും തീരുമാനിച്ച വിവരം അദ്ദേഹത്തെ അറിയിച്ചു. മന്ത്രിമാർ ചേർന്ന് സ്മാർട്ട്‌ കാർഡും ചാത്തുകുട്ടി നായർക്ക് കൈമാറി.

കരുതലും കൈത്താങ്ങും അദാലത്ത്: സെബാസ്റ്റ്യന് തുണയായി സർക്കാർ

ഭിന്നശേഷിക്കാരനായ മകൻ ഷലേഹ് സെബ്സ്റ്റ്യന്റെ കൈപിടിച്ചാണ് മറിയാമ്മയും ഭർത്താവ് സെബാസ്റ്റ്യനും താമരശ്ശേരി കരുതലും കൈത്താങ്ങും അദാലത്തിനെത്തിയത്. മുൻഗണന റേഷൻ കാർഡ് ലഭിക്കണമെന്ന സെബാസ്റ്റ്യന്റെ ആവശ്യം അദാലത്തിൽ സാധ്യമായി. അദാലത്ത് വേദിയിൽ വച്ചുതന്നെ മകൻ
ഷലേഹിന് മന്ത്രി മുഹമ്മദ് റിയാസ് മുൻഗണന റേഷൻകാർഡ് കൈമാറി. ഈ കുടുംബത്തെ ചേർത്തുപിടിച്ച് എല്ലാം ശരിയാവും സർക്കാർ കൂടെയുണ്ട് എന്ന മന്ത്രിയുടെ വാക്ക് സെബാസ്റ്റ്യന് വലിയകരുത്താണ് നൽകിയത്.

ഏഴ് വർഷം മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റ സെബാസ്റ്റ്യന് സഹായമില്ലാതെ നടക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. വാക്കറിന്റെ സഹായത്തോടെയാണ് സെബാസ്റ്റ്യൻ താമരശ്ശേരി താലൂക്ക് അദാലത്തിൽ‍ എത്തിയത്. ഭാര്യ മറിയാമ്മ തൊഴിലുറപ്പ് തൊഴിലാളിയാണ്. ഭിന്നശേഷിക്കാരനായ 28 വയസ്സുകാരൻ ഷലേഹ് പ്ലസ്ടു വിദ്യാർത്ഥിയാണ്.

സ്വപ്ന സാക്ഷാത്കാരം; സര്‍ക്കാരിന്റെ കരുതലില്‍ ഒരുങ്ങിയത് ജില്ലയില്‍ 965 വീടുകള്‍

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 965 വീടുകള്‍ പൂര്‍ത്തീകരിച്ചു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ജില്ലയിലെ വീടുകളുടെ താക്കോല്‍ദാനവും പൂര്‍ത്തീകരണ പ്രഖ്യാപനവും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി നടന്നു. വിവിധ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ പൂര്‍ത്തിയാക്കപ്പെട്ട ഓരോ വീടുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ താക്കോലുകള്‍ കൈമാറിയും പാലുക്കാച്ചിയും ലൈഫ് ഭവന കൈമാറ്റ ചടങ്ങുകള്‍ സംഘടിപ്പിച്ചു.

ജില്ലയില്‍ ലൈഫ് വിവിധ ഘട്ടങ്ങളിലുൾപ്പെടുത്തി കരാറിലേർപ്പെട്ട ജനറല്‍ വിഭാഗത്തില്‍ 347 വീടുകളും, എസ്.സി വിഭാഗത്തില്‍ 525 വീടുകളും, എസ്.ടി വിഭാഗത്തില്‍ 37 വീടുകളും, മത്സ്യത്തൊഴിലാളികള്‍ക്കായി 41 വീടുകളും, അതിദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി 15 വീടുകളുമാണ് നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി പൂര്‍ത്തീകരിച്ച് നല്‍കിയത്.

ലൈഫ് 2020 പുതിയ ലിസ്റ്റിൽ ഉൾപ്പെട്ട 4544 ഗുണഭോക്താക്കൾ വീട് നിർമ്മാണത്തിനായി ഗ്രാമപഞ്ചായത്തിൽ കരാറിലേർപ്പെട്ടതിൽ 60 വീടുകളുടെ നിര്‍മ്മാണം നൂറു ദിനത്തിലുൾപ്പെടുത്തി അതിവേഗം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കി 4475 വീടുകളുടെ പ്രവൃത്തി പൂര്‍ത്തീകരണ ഘട്ടത്തിലാണ്.

നീന്തൽ പരിശീലനം ആരംഭിച്ചു

മുക്കം നഗരസഭ എസ് എസ് എൽ സി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായി നീന്തി വാ മക്കളേ എന്ന പേരിൽ അഗ്സത്യ മുഴി കടവിൽ നീന്തൽ പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടി നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ അധ്യക്ഷത വഹിച്ചു.

യൂണിവേഴ്സിറ്റി കായാക്കിംഗ് ദേശീയ താരം സൂര്യ സി.ബി, മുക്കം ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ജയേഷ്, മിഥുൻ, ചാക്കോ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്പോട്സ് കൗൺസിലിൻ്റെ സർട്ടിഫിക്കറ്റ് നൽകും. പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർ ഡിവിഷൻ കൗൺസിലർമാരുമായി ബന്ധപ്പെടണം.
കൗൺസിലമാരായ പി.ജാഷില, എം.ടി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

ലൈഫ് ഭവന പദ്ധതി: താക്കോൽദാനം നിർവഹിച്ചു

ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനവും പൂർത്തീകരണ പ്രഖ്യാപനവും കെ.എം സച്ചിൻദേവ് എംഎൽഎ നിർവഹിച്ചു. 10 വീടുകളുടെ താക്കോൽദാനമാണ് നിർവഹിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര എറാടിയിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 100 ദിനകര്‍മ്മപരിപാടിയിലൂടെ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനമാണ് നടത്തിയത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽ രാജ് എം. കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ഥിരം സമിതി ചെയർമാന്മാരായ ബിച്ചു ചിറക്കൽ, അബ്ദുള്ള മാസ്റ്റർ, ഷബ്ന ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ലൈഫ് ഭവന പദ്ധതി: താക്കോൽ കൈമാറി

സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ലൈഫ് വീടിൻ്റെ താക്കോൽദാനം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ നിർവഹിച്ചു. 16ാം വാർഡിൽ നടന്ന ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ വി.പി ബിജു അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ, സുരേഷ് ഓടയിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

ലൈഫ് ഭവന പദ്ധതി: പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം നിർവ്വഹിച്ചു

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച
വീടുകളുടെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. എൽസമ്മ ജോർജ് അധ്യക്ഷത വഹിച്ചു.

രണ്ടാം ഘട്ടത്തിൽ വീട് നിർമ്മാണം ആരംഭിച്ചതിൽ ഏഴ് വീടുകളുടെ പണിയാണ് പൂർത്തീകരിച്ചത്.

ചടങ്ങിൽ വികസന സ്ഥിരം സമിതി അധ്യക്ഷൻ ജോസ് തോമസ്, ക്ഷേമകാര്യ അധ്യക്ഷ റോസ്‌ലി ജോസ്, വാർഡ് മെമ്പർ മാരായ ജെറീന റോയ്, ബാബു മൂട്ടോളി, ഊര് മൂപ്പൻ ഗോപാലൻ, വി. ഇ. ഒ ബിജി പി. എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒതയോത്ത് കണ്ണോറ വളപ്പില്‍പീടിക റോഡ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ഒതയോത്ത് കണ്ണോറ വളപ്പില്‍പീടിക റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ആക്കോളി റോഡില്‍ നിന്ന് ആരംഭിച്ച് കണ്ണോറ ദേവി ക്ഷേത്രം, വളപ്പില്‍പീടിക ഭാഗങ്ങളിലേക്ക് പോവുന്ന ഈ റോഡ് ഫ്ളഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 4 ലക്ഷം രൂപ ചെലവിലാണ് നവീകരിച്ചത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി ശിവാനന്ദന്‍ സ്വാഗതവും എം.കെ സുഭാഷ് നന്ദിയും പറഞ്ഞു.