സതീശന്‍ മരിച്ചെന്ന വാര്‍ത്ത കേട്ടതും എന്റെ കൈകാലുകള്‍ മരവിച്ചു, എന്റെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ ആ വിസയിലേക്ക് അടര്‍ന്നുവീണു; കണ്ണുകളെ ഈറനണിയിക്കുന്ന ഓര്‍മ്മക്കുറിപ്പ് സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ പ്രശാന്ത് തിക്കോടി എഴുതുന്നു


പ്രശാന്ത് തിക്കോടി

‘സാറെ ഇത് മൂന്നാമത്തെ വിസിറ്റിംഗ് വിസ ആണ്. കഴിഞ്ഞ രണ്ടു കമ്പനികളിലും മൂന്നു മാസം വീതം ജോലി ചെയ്തു. വിസ കാലാവധി കഴിയാറായപ്പോൾ എംപ്ലോയ്മെന്റ് വിസ തരാമെന്നു പറഞ്ഞു നാട്ടിലയച്ചു. കാത്തിരുന്ന് കണ്ണ് കഴച്ചതല്ലാതെ ആരും വിസയൊന്നും അയച്ചു തന്നില്ല. ഇതിപ്പോ മൂന്നാമത്തെ കമ്പനിയാണ്. വിസ കിട്ടുമോ സാറേ?’

സതീശൻ എന്റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.

‘വിസ തീരാൻ ഇനിയും കുറെ ദിവസങ്ങൾ കൂടി ഉണ്ടല്ലോ സതീശാ. പിന്നെ എന്തിനാ ഇത്ര ധൃതി?’ എന്ന് ഞാൻ ചോദിച്ചപ്പോൾ സതീശൻ തല കുനിച്ചിരുന്നു. എന്നിട്ട് പറഞ്ഞു,

‘സാറേ, ഏകദേശം രണ്ടു ലക്ഷത്തോളം രൂപ ഇപ്പോൾ വിസിറ്റിംഗ് വിസയ്ക്കും ടിക്കറ്റിനുമായി. ഇപ്രാവശ്യവും വിസ കിട്ടിയില്ലെങ്കിൽ ഇനിയൊരു വരവുമുണ്ടാകില്ല. കാരണം ഇനി എന്തെങ്കിലും വിൽക്കാനോ പലിശയ്ക്ക് കടം വാങ്ങാനോ എനിക്ക് കഴിയില്ല. അച്ഛൻ കിടപ്പിലാണ് സാർ. വീട്ടിൽ എനിക്ക് താഴെ രണ്ടു പെൺകുട്ടികളാണ് ഉള്ളത്. ഒരാൾ ഡിഗ്രിക്കും മറ്റെയാൾ പ്ലസ് ടുവിനും പഠിക്കുന്നു. അച്ഛന്റെ ചികിത്സയ്ക്കും അനിയത്തിമാരുടെ പഠിപ്പിനും ഒക്കെ ഞാൻ തന്നെ ചോര നീരാക്കണം സാർ. മൂന്നു വിസിറ്റില് വന്നിട്ടും ഇതുവരെ സ്ഥിരമായ ജോലിയോ വിസയോ കിട്ടാത്ത ഞാൻ ഒരു ഭാഗ്യമില്ലാത്തവനാ. ഈ കമ്പനിയിലെ ജോലി എനിക്ക് അവസാനത്തെ ഒരു കച്ചിത്തുരുമ്പാണ്.’

ഇതെന്നോട് പറഞ്ഞപ്പോൾ സതീശന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

സതീശൻ ഈയടുത്തു കമ്പനിയിൽ ജോലിക്ക് ചേർന്നതാണ്. സതീശന്റെ വിഷമങ്ങളൊക്കെ അറിയാവുന്ന റൂം മേറ്റായ കാദറിക്ക അവനോടു സി.വിയുമായി ഞങ്ങളുടെ കമ്പനിയിലേക്കു വരാൻ പറഞ്ഞതാണ്. കിച്ചണിൽ ഒരു ഹെൽപ്പറുടെ ഒഴിവുള്ളത് കൊണ്ട് സതീശനെ കമ്പനി ആ ഒഴിവിലേക്ക് നിയമിച്ചു. താമസവും ഭക്ഷണവും ട്രാൻസ്പോർട്ടേഷനും കമ്പനി കൊടുക്കും. ശമ്പളമായി ആയിരത്തി ഇരുനൂറു ദിർഹമും. ഓഫർ ലെറ്ററിൽ ഒപ്പു വയ്ക്കാൻ വന്ന സതീശന്റെ കണ്ണിലെ തിളക്കം എനിക്ക് കാണാമായിരുന്നു.

‘സതീശാ പേടിക്കേണ്ട നമ്മുടെ കമ്പനി ഇതുവരെ ആരെയും വിസ കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ചിട്ടില്ല. അത് കൊണ്ട് സതീശൻ പോയി ജോലി ചെയ്യൂ. എക്സിക്യൂട്ടീവ് ഷെഫിന്റെ ശുപാർശ കിട്ടിയാൽ മാത്രമേ എംപ്ലോയ്മെന്റ് വിസക്കുള്ള നടപടികൾ തുടങ്ങാൻ പറ്റൂ . അത് കൊണ്ട് പോയി ജോലിയിൽ ശ്രദ്ധിക്കൂ.’

‘ശരി സാർ’ എന്ന് പറഞ്ഞ് ഓഫീസിൽ നിന്ന് സതീശൻ ഇറങ്ങി.


‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിലേക്ക് നിങ്ങൾക്കും ഓർമ്മകൾ എഴുതാം. വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


സതീശന്റെ ട്രയൽ പിരിയഡിലെ പെർഫോമൻസിന് അനുസരിച്ചാണ് വിസ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. കഠിനാധ്വാനിയായ സതീശന് ജോർദാനി ഷെഫിന്റെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടാൻ അധിക സമയം വേണ്ടി വന്നില്ല. വിസയ്ക്കുള്ള ഫോർമാലിറ്റികൾ തുടങ്ങാൻ കമ്പനി മംദൂപിനോട് (പി.ആർ.ഒ) ഞാൻ പറഞ്ഞു.

ദിവസങ്ങൾ കഴിഞ്ഞു പോയി ഭക്ഷണം കഴിക്കാൻ കഫ്റ്റീരിയയിൽ പോയി വരുമ്പോൾ സതീശനെ ഞാൻ വീണ്ടും കണ്ടു. തലയിൽ നെറ്റ് ക്യാപ് വച്ച് കറുത്ത പാന്റും കറുത്ത, വലിയ കുടുക്കുള്ള വെളുത്ത ഹാഫ് കൈ ഷർട്ടും ധരിച്ചിട്ടുണ്ട് സതീശൻ. അതാണ് സതീശന്റെ യൂണിഫോം.

‘എന്തൊക്കെയാ സതീശാ ജോലിയൊക്കെ എങ്ങനെ പോകുന്നു?’ എന്ന എന്റെ ചോദ്യത്തിന് ‘എല്ലാം ഉഷാറായി പോകുന്നു സാർ..’ എന്ന് മറുപടി പറഞ്ഞു സതീശൻ നടന്നകന്നു.

സതീശന് എന്നോട് വേറെ എന്തോ ചോദിക്കണം എന്നുണ്ടായിരുന്നു എന്ന് എന്റെ മനസ്സ് പറഞ്ഞു. വിസയുടെ കാര്യം ആയിരിക്കണം. കൂടെ കൂടെ ചോദിച്ച് എന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിക്കാണും പാവം.

വിസിറ്റിങ് വിസ തീരാൻ ഒരാഴ്ചയേ ഉള്ളൂ. ലേബർ അപ്രൂവൽ കിട്ടിയിട്ടിയിട്ടില്ല. ഇനിയിപ്പോൾ വിസയൊക്കെ കിട്ടാൻ രണ്ടാഴ്ച ഒക്കെ ആവും. അത് കൊണ്ട് സതീശനെ നാട്ടിലേക്ക് അയക്കാൻ കമ്പനി തീരുമാനിച്ചു.

വിസ തീരുന്നതിന്റെ അവസാന ദിവസം സതീശൻ വീണ്ടും ഓഫീസിൽ വന്നു. അന്ന് വരെയുള്ള സാലറി അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ പോയി വാങ്ങി വരാൻ പറഞ്ഞു. അതും വാങ്ങി സതീശൻ പിന്നെയും ഓഫീസിൽ എത്തി.

സതീശന്റെ കയ്യിൽ റിട്ടേൺ ടിക്കറ്റ് ഉണ്ട്. ഞാൻ പാസ്പോർട്ട് സൂക്ഷിക്കുന്ന സേഫിൽ നിന്ന് പാസ്പോർട്ട് എടുത്ത് സതീശന് കൊടുത്തു. സതീശന്റെ നാട്ടിലെ നമ്പറും ഇ-മെയിൽ ഐ.ഡിയും വാങ്ങി.

‘സതീശാ, വിസ കിട്ടിയാൽ ഞാൻ വിളിക്കാം. വിസ മെയിൽ ഐ.ഡിയിൽ അയച്ചു തരികയും ചെയ്യാം.’ എന്ന് ഞാൻ പറഞ്ഞു.

‘വിസ കിട്ടുമല്ലോ സാറേ?’ സതീശൻ വീണ്ടും ചോദിച്ചു.

‘കിട്ടും സതീശാ. നാട്ടിൽ പോയി കുടുംബത്തെ ഒക്കെ കണ്ടു കുറച്ചു ദിവസം ചിലവഴിക്കൂ. അപ്പോഴേക്കും വിസ ശരിയാവും.’

‘എനിക്ക് നാട്ടിലേക്കു പോകണം എന്നില്ല സാറേ. ഇതിപ്പോൾ മൂന്നാമത്തെ പ്രാവശ്യമാണ് നാട്ടിലേക്കു തിരിച്ചു പോകുന്നത്. വിസ വരും എന്ന് നാട്ടുകാരോടും കൂട്ടുകാരോടും പറയുമ്പോൾ കുറച്ചു ചമ്മലാണ്. കാരണം കഴിഞ്ഞ രണ്ടു തവണയും കാത്തിരുന്ന് മടുത്തിട്ടാ വീണ്ടും വിമാനം കയറിയത്.’

‘ഇപ്രാവശ്യം എന്തായാലും വിസ കിട്ടും സതീശാ.’

ഞാൻ സതീശനെ സമാധാനിപ്പിച്ചു. പാസ്പോർട്ടും വാങ്ങി സതീശൻ ഓഫീസിൽ നിന്നിറങ്ങി.

സതീശൻ നാട്ടിൽ പോയി. നാട്ടിൽ എത്തിയതിന് ശേഷം സതീശൻ വിസയുടെ കാര്യങ്ങൾ അന്വേഷിക്കാൻ വിളിച്ചതൊന്നുമില്ല. ദിവസങ്ങൾ കടന്നു പോയി. ഒടുവിൽ സതീശന്റെ വിസ കിട്ടി. മംദൂപ് അതെന്നെ ഏൽപ്പിച്ചു.

വിസ സ്കാൻ ചെയ്ത് അത് സതീശൻ തന്ന മെയിൽ ഐ.ഡിയിലേക്ക് അയച്ചു. അതിന് ശേഷം സതീശൻ തന്ന മൊബൈൽ നമ്പറിലേക്ക് വിളിച്ചു. മൊബൈൽ സ്വിച്ച് ഓഫ് ആണ് എന്നുള്ള മെസേജ് ആണ് എനിക്ക് കിട്ടിയത്.

സതീശന് ഏറ്റവും സന്തോഷം നൽകുന്ന വാർത്ത പറയാൻ വിളിച്ചപ്പോൾ അയാളുടെ മൊബൈൽ സ്വിച്ച്ഡ് ഓഫ്. ‘ഈ സതീശൻ എവിടെ പോയി കിടക്കുകയാ?’ എന്ന് മനസ്സിൽ പറഞ്ഞ് ആ നമ്പറിലേക്ക് ഒന്ന് കൂടി ഡയൽ ചെയ്തു. ഫലം ഒന്നും ഉണ്ടായില്ല. അപ്പോഴും സ്വിച്ച്ഡ് ഓഫ് തന്നെ.

അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു.

അടുത്ത ദിവസം ഞാൻ വീണ്ടും വിളിച്ചു. വിസ റെഡി ആണ് എന്ന് ഞാൻ പറയുമ്പോഴുള്ള സതീശന്റെ സന്തോഷം നിറഞ്ഞ വാക്കുകൾ കേൾക്കാനായി പക്ഷെ നിരാശ ആയിരുന്നു ഫലം. അടുത്തടുത്ത ദിവസങ്ങളിൽ മാറി മാറി വിളിച്ചിട്ടും സതീശന്റെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് തന്നെ.

കിച്ചണിൽ ജോലി ചെയ്യുന്ന ബാബു ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വന്നപ്പോൾ ഞാൻ സതീശന്റെ കാര്യം പറഞ്ഞു. വിസ കിട്ടിയെന്നും അത് പറയാൻ അവനെ വിളിച്ചിട്ടു കിട്ടുന്നില്ലെന്നും പറഞ്ഞു.


‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


‘സാർ ഞാൻ നിങ്ങളെ വിളിക്കാനിരിക്കുകയായിരുന്നു. നാട്ടിൽ നിന്ന് ഒരു സുഹൃത്ത് വിളിച്ചിരുന്നു. അവനാണ് സതീശന് ഒരു അപകടം പറ്റിയ കാര്യം പറഞ്ഞത്. നാട്ടിലെത്തിയ സതീശൻ ജോലിക്കു പോയി തുടങ്ങിയിരുന്നു. സുഹൃത്തായ വിനോദിന്റെ ചെങ്കൽ ക്വാറിയിൽ നിന്ന് കയറ്റിയ കല്ലുമായി പോയ ലോറിയിൽ സതീശനും ഉണ്ടായിരുന്നു. ആ ലോറിയും ബസ്സും കൂട്ടിമുട്ടി ലോറി ഡ്രൈവർ മരിച്ചു. സതീശൻ ഒരാഴ്ചയായി ഐ.സി.യുവിൽ ആണ്.’

പാവം വിസയ്ക്കായി കാത്തിരിക്കുകയായിരുന്നു. എന്ത് പറയണം എന്നറിയാതെ ഞാൻ തിരിച്ചു ഓഫീസിലേക്ക് നടന്നു.

അന്ന് വൈകീട്ട് തന്നെ ബാബു വീണ്ടും വിളിച്ചു.

‘സാർ സതീശൻ മരിച്ചു.’

ബാബു പറഞ്ഞത് കേട്ടതും എന്റെ കൈകാലുകൾ മരവിച്ചു. കണ്ണുകൾ നിറഞ്ഞു. ഓഫീസിലെ വലിപ്പിൽ വച്ചിരുന്ന സതീശന്റെ വിസ ഞാൻ എടുത്തു. അതിൽ എനിക്ക് സതീശന്റെ മുഖം കാണാമായിരുന്നു.

‘ഇനി വിസയൊന്നും വേണ്ട സാർ. വിസയൊന്നും വേണ്ടാത്ത ആർക്കും എപ്പോഴും കേറി ചെല്ലാൻ കഴിയുന്ന ഒരു ലോകത്തേക്ക് പോവുകയാണ് ഞാൻ’ എന്ന് അവൻ എന്നോട് ചിരിച്ചു കൊണ്ട് പറയുന്നത് പോലെ എനിക്ക് തോന്നി. എന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ആ വിസയിലേക്കു അടർന്നു വീണു…


പ്രശാന്ത് തിക്കോടി എഴുതിയ ഈ ഓർമ്മക്കുറിപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. അഭിപ്രായത്തിനൊപ്പം നിങ്ങളുടെ പേരും സ്ഥലവും കൂടി എഴുതാൻ മറക്കല്ലേ…


പ്രശാന്ത് തിക്കോടി

2003 മുതല്‍ ദുബായില്‍ പ്രവാസിയാണ്. സ്വകാര്യ കമ്പനിയില്‍ ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നു. കുഞ്ഞിക്കണ്ണന്‍ നായരുടെയും സുശീലയുടെയും മകനാണ്. ഭാര്യ അശ്വതി. ഏകമകള്‍ ദക്ഷ. ശശിധരനും അംബികയുമാണ് സഹോദരങ്ങള്‍. ‘ചിമ്മാനി നനയുമ്പോള്‍’ എന്ന കവിതാ സമാഹാരം 2021 ല്‍ പുറത്തിറക്കി.


‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിലേക്ക് നിങ്ങൾക്കും ഓർമ്മകൾ എഴുതാം. വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.