കാസർകോട്ട് കുഴിമന്തി കഴിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ വഴിത്തിരിവ്; അഞ്ജുശ്രീ പാർവ്വതിയുടേത് ആത്മഹത്യയെന്ന് പോലീസ്


കാസർകോട്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവ്വതിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്. അഞ്ജുശ്രീയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. അഞ്ചുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയല്ലെന്നും വിഷം ഉള്ളിൽ ചെന്നാണെന്നും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. വിഷം എങ്ങനെ ഉള്ളിൽ ചെന്നു, എന്താണ് കാരണം തുടങ്ങിയവയാണ് അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നത്.

ഇന്നലെ പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പെൺകുട്ടി ഉപയോഗിക്കുന്ന മൊബൈൽ ഫോൺ അടക്കം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ കെമിക്കൽ അനാലിസിസ് പരിശോധന ഫലത്തിനായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം. ഈ ഫലം വന്നതിന് ശേഷം കുടൂതൽ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.

നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും വിഷം ഉള്ളിൽ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്നും ആദ്യ സൂചന നൽകിയത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടേത് ആത്മഹത്യയെന്നതിലേക്ക് പൊലീസെത്തിയത്. താൻ മാനസിക സംഘർഷം നേരിടുന്നുവെന്നതടക്കം ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് പെൺകുട്ടിയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും ബന്ധുക്കളുടേയും മൊഴിയെടുക്കും.

Summary: police got suicide note of anjusree parvathy who died in kasaragod