കാവുന്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പ്ലസ് ടു വിദ്യാർത്ഥി മരിച്ചു


നടുവണ്ണൂര്‍: കാവുന്തറയിലുണ്ടായ ബൈക്കപകടത്തില്‍ 17 കാരന്‍ മരണപ്പെട്ടു. കാവുന്തറ പള്ളിയത്ത് കുനിയിലെ ഷാലിമാര്‍ ഹോട്ടല്‍ ഉടമ മുരിങ്ങോളി അഷ്‌റഫിന്റെ മകന്‍ അഫ്‌സലാണ് മരിച്ചത്. വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ്.

നടുവണ്ണൂര്‍-ഇരിങ്ങത്ത് റോഡില്‍ പുതിയെടുത്തു കുനിയില്‍ എസ് വളവില്‍ വെച്ചാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. അഫ്‌സല്‍ സഞ്ചരിച്ച ബൈക്കില്‍ എതിര്‍ ദിശയില്‍ നിന്ന് മറ്റൊരു വാഹനത്തെ മറി കടന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

ഉടന്‍ നാട്ടുകാര്‍ അഫ്‌സലിന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കിലിടിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയി. ഇതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ കാര്‍ ഡ്രൈവറെ കൈകാര്യം ചെയ്യാനും ശ്രമിച്ചു.

അര്‍ഷിന, റോഷ്‌ന എന്നിവര്‍ സഹോദരിമാരാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം ഖബറടക്കം തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അഫ്‌സലിന്റെ മരണത്തില്‍ ആദര സൂചകമായി ഇന്ന് (തിങ്കള്‍) വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.

Summary: Kavunthara native plus two student died in an accident