പീഡന പരാതിയില്‍ പേരാമ്പ്ര സി.പി.എം ഏരിയ കമ്മിറ്റിയംഗത്തിന് സസ്‌പെന്‍ഷന്‍; നടപടി സി.പി.ഐ വനിതാ നേതാവിന്റെ പരാതിയില്‍


പേരാമ്പ്ര: പീഡന പരാതിയില്‍ സി.പി.എം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി റിപ്പോര്‍ട്ട്. സി.പി.എം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം കെ.പി.ബിജുവിനെയാണ് ഒരുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തതെന്നാണ് വിവരം.

സി.പി.ഐ വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി. ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗവും മുന്‍പഞ്ചായത്ത് പ്രസിഡന്റുമാണ് ബിജു.

തുടക്കത്തില്‍ പരാതി വ്യാജമാണെന്നായിരുന്നു നിലപാടെങ്കിലും പ്രാദേശികമായി പ്രതിഷേധം ശക്തമായതോടെയാണ് നടപടി. ഇയാള്‍ക്കെതിരെ മേപ്പയ്യൂര്‍ പൊലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.