പൊതുപ്രവർത്തകനെയും കുടുംബത്തെയും ആക്രമിച്ച് മയക്കുമരുന്നു സംഘം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്


പയ്യോളി: ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മണിയൂരിലെ സിപിഎം പ്രവർത്തകനേയും കുടുംബത്തേയും ആക്രമിച്ച പ്രതികളായ മയക്കുമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മണിയൂരിലെ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. സിപിഎം വടകര ഏരിയ കമ്മിറ്റി അംഗം ബി സുരേഷ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു.

സിപിഎം മണിയൂർ ചങ്ങരോത്ത്താഴ വെസ്റ്റ് ബ്രാഞ്ച് അംഗം വല്ലത്ത് രാജേഷിനെയും കുടുംബത്തെയുമാണ്‌ ആക്രമിച്ച്‌ പരിക്കേൽപ്പിച്ചത്‌. ‌മാർച്ച് മാസം അവസാനത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ജേഷും കുടുംബവും ഭാര്യവീടിനു സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിനു പോവുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമി സംഘം രാജേഷിനെ ഇടിക്കട്ടകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു.

ആക്രമണത്തെ തുടർന്ന് പരാതി നൽകി രണ്ട് മാസത്തോളമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പയ്യോളി പോലീസിൻ്റെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധമാണുയർന്നത്. ഇതിന്റെ ഭാ​ഗമായാണ് മാർച്ച് സംഘടിപ്പിച്ചത്. വാർഡ് മെമ്പർ ടി ഗീത അധ്യക്ഷത വഹിച്ചു. ചാലിൽ അഷറഫ്, വല്ലത്ത് ബാലകൃഷ്ണൻ, പി കെ ശ്രീധരൻ, ബഷീർ മേലടി എന്നിവർ സംസാരിച്ചു. ചാലിൽ കുഞ്ഞബ്ദുള്ള, പി സുരേഷ്, പി കെ അസ്ലം, ടി ടി ഫാത്വിമ എന്നിവർ നേതൃത്വം നൽകി.