കൂട്ടുകാരിക്കൊരു വീടൊരുക്കാന്‍ പന്തലായനി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍; മുചുകുന്നില്‍ സ്‌നേഹ ഭവനത്തിന് തറക്കല്ലിട്ടു


കൊയിലാണ്ടി: പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എയും നാട്ടുകാരും ചേര്‍ന്ന് നിര്‍ദ്ദനയായ വിദ്യാര്‍ഥിനിയ്ക്ക് നിര്‍മ്മിച്ചുനല്‍കുന്ന സ്‌നേഹഭവനത്തിന് തറക്കല്ലിട്ടു. പിതാവിന്റെ കാഴ്ച നഷ്ടപ്പെട്ടതോടെ ജീവിതം വഴിമുട്ടിയ കുടുംബത്തിനാണ് സ്‌കൂളും സഹപാഠികളും നാട്ടുകാരും തുണയാവുന്നത്.

തറക്കല്ലിടല്‍ ചടങ്ങില്‍ പ്രദേശവാസികളുടെ പങ്കാളിത്തം കൂടിയായപ്പോള്‍ നല്ലൊരു സൗഹൃദവിരുന്നായി മാറി. പലവിധ പലഹാരങ്ങളുമായാണ് അയല്‍വീട്ടുകാര്‍ തറക്കല്ലിടല്‍ ചടങ്ങിനെത്തിയത്.

പുളിയഞ്ചേരിയിലെ സന്നദ്ധ പ്രവര്‍ത്തകനായ വലിയാട്ടില്‍ ബാലകൃഷ്ണന്‍ സൗജന്യമായി വിട്ടുനല്‍കിയ മുചുകുന്നിലെ മൂന്നര സെന്റ് ഭൂമിയിലാണ് വീട് നിര്‍മ്മിക്കുന്നത്. ഏപ്രിലോടെ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ആദ്യ കല്ല് വെച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ലത.കെ.പി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് പി.എം.ബിജു, സ്കൂളിലെ പ്രധാന അധ്യാപിക ഗീത ടീച്ചർ, എന്‍.എം.പ്രകാശന്‍, സദാനന്ദന്‍, ഒ.രഘുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.