തിയേറ്റര്‍ രംഗത്തെ പ്രമുഖനും മുക്കം അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമയുമായ കെ.ഒ ജേസഫ് അപകടത്തില്‍ മരിച്ചു


കോഴിക്കോട്: മുക്കം അഭിലാഷ്, റോസ് തിയറ്ററുകളുടെ ഉടമ കെ.ഒ ജോസഫ് തൃശ്ശൂരില്‍ അപകടത്തില്‍ മരിച്ചു. എറണാകുളത്ത് നിന്ന് മടങ്ങി വരുന്നതിനിടെ സുഹൃത്തിന്റെ ചങ്ങരംകുളത്തെ മാര്‍സ് അവന്യൂ ബില്‍ഡിങ് കാണാനായി ഇറങ്ങിയിരുന്നു. കെട്ടിടത്തിലെ ഒന്നാം നിലയില്‍ നിന്ന് കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം.

ഇന്നലെ രാത്രി 9.45ഓടെയായിരുന്നു അപകടം. ഉടന്‍ തന്നെ സമീപത്തെ ആശുപത്രില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതോടെ തൃശ്ശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

മുക്കത്തെ തിയേറ്ററുകള്‍ കൂടാതെ കോഴിക്കോട് കോറണേഷന്‍ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍, റോസ് തിയറ്ററുകള്‍ എന്നിവിടങ്ങളിലായി എട്ടോളം സ്‌ക്രീനുകള്‍ ഉണ്ട്. ഒപ്പം തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക്‌ 2.30ന് മുക്കം സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.