നോക്കിനില്‍ക്കെ കെട്ടിടത്തിന് മുകളില്‍ നിന്ന് നിലം പതിച്ചത് രണ്ടുപേര്‍; വടകരയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനൊടുവില്‍ ബീഹാര്‍ സ്വദേശി വീണ് മരിക്കുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)


വടകര: വടകരയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഒരാള്‍ മരിച്ച സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. കെട്ടിടത്തിന് മുകളില്‍ നിന്ന് രണ്ട് പേര്‍ താഴെ വീഴുന്ന നടുക്കുന്ന ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്. ബീഹാര്‍ സ്വദേശി സിക്കന്തര്‍ കുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബീഹാര്‍ സ്വദേശി വികാസിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവമുണ്ടായത്. വടകര ജെ.ടി ടൂറിസ്റ്റ് ഹോമിന് മുകളില്‍ നിന്നാണ് അതിഥി തൊഴിലാളികള്‍ വീണത്. സ്ഥലത്തുണ്ടായവര്‍ ഉടന്‍ തന്നെ ഇരുവരെയും വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും സിക്കന്തര്‍ കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഗുരുതരമായി പരിക്കേറ്റ വികാസ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം.

അതിഥി തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നതായി പരിസരത്തെ സ്ഥാപനങ്ങളിലുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ഒരാളെ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍ താഴേക്ക് പതിക്കുന്നത് മാത്രമാണ് സി.സി.ടി.വി ദൃശ്യത്തിലുള്ളത്. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

വീഡിയോ കാണാം:

(മുന്നറിയിപ്പ്: ഈ ദൃശ്യം വായനക്കാരില്‍ അസ്വസ്ഥത ഉണ്ടാക്കിയേക്കാം)