സൗജന്യ ഓണകിറ്റ് വാങ്ങാൻ തയ്യാറല്ലേ; ഇന്ന് മുതൽ കിട്ടിത്തുടങ്ങും; നീല, വെള്ള കാർഡ് ഉടമകൾക്ക് സ്പെഷ്യൽ റേഷനും; കാർഡിനനുസരിച്ച് നിങ്ങൾക്ക് ലഭ്യമാകുന്ന തീയതി എന്നാണെന്നു നോക്കാം; കൂടുതൽ വിവരങ്ങൾ അറിയാം


 

കോഴിക്കോട്: ഓണസദ്യ പൊടിപൊടിക്കാൻ ഓണകിറ്റിനായി കാത്തിരിക്കുകയാണോ, ഇന്ന് മുതൽ ഓണസമ്മാനം നിങ്ങളിലേക്കെത്തും. പതിനാലിന സാധനങ്ങളുമായാണ് ഇത്തവണ ഓണക്കിറ്റ് ഒരുങ്ങിയിരിക്കുന്നത്. റേഷൻ കാർഡിന്റെ നിരത്തിനനുസരിച്ച് വിവിധ ദിവസങ്ങളിലാണ് വിതരണം നടക്കുക.

മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഓണക്കിറ്റ് കൈപ്പറ്റാം. നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഓണക്കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4 മുതൽ 7 വരെ കിറ്റ് കൈപ്പറ്റാവുന്നതാണ്. സെപ്റ്റംബർ 7 ന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ല. നീല, വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി സ്പെഷ്യൽ റേഷൻ ആയി നൽകും.

വിതരണം
ഇന്നും നാളെയും എ.എ.വൈ (മഞ്ഞ) കാര്‍ഡ്

ഓഗസ്റ്റ് 25, 26, 27 പി.എച്ച്‌.എച്ച്‌ (പിങ്ക്) കാര്‍ഡ്

ഓഗസ്റ്റ് 29, 30, 31 എന്‍.പി.എസ് (നീല) കാര്‍ഡ്

സെപ്തംബര്‍ 1, 2, 3 എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡ്

500 ഗ്രാം വീതം വെളിച്ചെണ്ണ, ഉണക്കലരി, ചെറുപയര്‍, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്‌ പൊടി, മഞ്ഞള്‍പ്പൊടി, തേയില, ശര്‍ക്കരവരട്ടി, ചിപ്സ്, ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 50 ഗ്രാം വീതം കശുഅണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലയ്ക്ക, എന്നിവയോടൊപ്പം സഞ്ചി ഉൾപ്പെടെ പതിനാലിന സാധനങ്ങളാണ് ഓണകിറ്റിലുണ്ടാവുക.

സൗജന്യ ഓണക്കിറ്റിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. വിലക്കയറ്റം നേരിടുന്ന സാഹചര്യത്തിൽ ഭക്ഷ്യക്കിറ്റിന്റെ വിതരണം സംസ്ഥാന സർക്കാരിന്റെ സമ്മാനമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിൽ 8,70,722 കുടുംബങ്ങൾക്കാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക. ചടങ്ങിനോടനുബന്ധിച്ച് മുൻഗണന റേഷൻ കാർഡ് വിതരണവും നടന്നു.

ഈ ഓണക്കാലത്ത് മാത്രമായി ജില്ലയിൽ മുൻഗണനാ വിഭാഗത്തിന് 1312 റേഷൻ കാർഡുകൾ പുതിയതായി അനുവദിച്ചു. ഈ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾക്കു പുറമേ വിദ്യാഭ്യാസം, ചികിത്സ മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ കെ രാജീവ് പറഞ്ഞു.