”പുണര്‍തത്തില്‍ പോത്തിന്‍പുറത്തും പുല്ല് ”; തിരുവാതിര പടിയിറങ്ങിയതിന് പിന്നാലെ വന്ന പുണര്‍തം ഞാറ്റുവേലയെക്കുറിച്ച് അറിയാം


ടീല്‍ കാലമെന്ന പേരില്‍ പ്രശസ്തി നേടിയ തിരുവാതിര ഞാറ്റുവേല വിടപറയുകയാണ്. ജൂണ്‍ 22 മുതല്‍ ജൂലൈ ആറുവരെ നീണ്ട പ്രസിദ്ധമായ തിരുവാതിര ഞാറ്റുവേലയോടെയാണ് ജൂലൈ മാസത്തെ കാര്‍ഷിക കലണ്ടര്‍ ആരംഭിച്ചത്.

ജൂലൈ ആറുമുതല്‍ 20 വരെ നീളുന്ന പുണര്‍തം ഞാറ്റുവേലയാണ് ജൂലൈ മാസത്തെ രണ്ടാമത്തെ ഞാറ്റുവേല. ഫലവൃക്ഷതൈകളും മറ്റും നടാന്‍ പറ്റിയ സമയമാണ് തിരുവാതിര ഞാറ്റുവേലയെങ്കില്‍ പുണര്‍തം ഞാറ്റുവേലയില്‍ കളകള്‍ നശിപ്പിക്കുന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. പുണര്‍തത്തില്‍ പോത്തിന്‍ പുറത്തും പുല്ലു മുളയ്ക്കുമെന്നാണ് ചൊല്ല്. അതുകൊണ്ട് തന്നെ കൃഷിയിടത്തില്‍ മുളച്ചുപൊന്തിയ കളകള്‍ നശിപ്പിക്കുന്ന കാര്യത്തിലാവണം ശ്രദ്ധ.

മിഥുനം 21ന് തുടങ്ങി കര്‍ക്കിടകം നാലുവരെ നീളുന്ന ഈ ഞാറ്റുവേല അമര, ചതുരപ്പയര്‍ എന്നിവ നട്ടുപിടിപ്പിക്കാന്‍ പറ്റിയ സമയമാണ്. എപ്പോള്‍ നട്ടാലും ഇവ രണ്ടും കായ്ക്കുന്നത് അത്തം ഞാറ്റുവേലയിലാണെന്നതാണ് പ്രത്യേകത. വെറ്റില കൃഷി ചെയ്യാന്‍ പറ്റിയ സമയമാണിത്. സസ്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. ചെറുധാന്യമായ ചാമ വിളവെടുക്കുന്ന സമയം കൂടിയാണ് പുണര്‍തം ഞാറ്റുവേല.

മറ്റു ഞാറ്റുവേലകളും ഈ സമയത്ത് കൃഷി ചെയ്യുന്ന പ്രധാന വിളകളും അറിയാം:

ജുലൈ 20: പൂയം ഞാറ്റുവേല . വെറ്റിലക്കൊടിക്ക് അനുയോജ്യം. മുണ്ടകന്‍ കൃഷിക്ക് നെല്ലിനങ്ങള്‍ രണ്ടാം വിളയായി ചെയ്യാം.

ആഗസ്റ്റ് 3: ആയില്ല്യം ഞാറ്റുവേല- കപ്പ,ചേന,ചേമ്പ് തുടങ്ങിയവക്ക് വളമിടാം.

ആഗസ്റ്റ് 17: മകം ഞാറ്റുവേല- എള്ള് ,മുതിര,ഉഴുന്ന് കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഞാറ്റുവേലയാണ്

ആഗസ്റ്റ് 30: പൂരം ഞാറ്റുവേല- രണ്ടാം വിളക്കായി ഞാറു നടാന്‍ കഴിയും.

സെപ്തംബര്‍ 13: ഉത്രം ഞാറ്റുവേല- രണ്ടാം വിളയായി നെല്‍കൃഷി തുടര്‍ പ്രവര്‍ത്തനങ്ങള്‍.

സെപ്തംബര്‍ 27: അത്തം ഞാറ്റുവേല- ഏത്തവാഴ, എള്ള്, മുതിര എന്നിവയുടെ കൃഷി ആരംഭിക്കാം.

ഒക്ടോബര്‍ 11: ചിത്തിര ഞാറ്റുവേല- തെങ്ങ്,കമുക് തുടങ്ങി നാണ്യവിളവുകള്‍ക്ക് വളം ഇടാം .

ഒക്ടോബര്‍ 24: ചോതി ഞാറ്റുവേല- ചേന,ചേമ്പ് ഇവയുടെ വിളവെടുപ്പ്.

നവംബര്‍ 6: വിശാഖം ഞാറ്റുവേല- തെങ്ങു് ,കമുക്, ഇവക്ക് കിളച്ച് ഒരുക്കാം.

നവംബര്‍ 20: അനിഴം ഞാറ്റുവേല- കാലയളവില്‍ ശീതകാല പച്ചക്കറി തയ്യാറാക്കാം

ഡിസംബര്‍ 3: തൃക്കേട്ട ഞാറ്റുവേല- പുഞ്ചകൃഷിക്കും വേനല്‍ക്കാല പച്ചക്കറിക്കും അനുകൂലമാണ്..

ഡിസംബര്‍ 16: മൂലം ഞാറ്റുവേല- മുണ്ടകന്‍ കൊയ്ത്ത്

ഡിസംബര്‍ 29: പൂരാടം ഞാറ്റുവേല- പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, ചീര കൃഷി ആരംഭിക്കണം.കൂടാതെ വേനല്‍ക്കാലപച്ചക്കറി കൃഷിക്കുള്ള ജലലഭ്യത ഉറപ്പുവരുത്തണം.

ജനുവരി 11: ഉത്രാടം ഞാറ്റുവേല- വേനല്‍ക്കാല പച്ചക്കറിക്ക് ഉത്തമം.

ജനുവരി 24: തിരുവോണം ഞാറ്റുവേല- പാടത്ത് പച്ചക്കറി കൃഷി

ഫെബ്രുവരി 6: അവിട്ടം ഞാറ്റുവേല- പച്ചക്കറി തടങ്ങളില്‍ മണ്ണിട്ട് നല്‍കണം,നനക്കണം.

ഫെബ്രുവരി 19: ചതയം ഞാറ്റുവേല- ചേന, കാവത്ത്, കിഴങ്ങ് തുടങ്ങിയവയുടെ കൃഷിക്ക് അനുയോജ്യം..

മാര്‍ച്ച് 5: പൂരോരുട്ടാതി ഞാറ്റുവേല കിഴങ്ങ് വിളകള്‍ നടാം .

മാര്‍ച്ച് 18: ഉത്രട്ടാതി ഞാറ്റുവേല- കിഴങ്ങു വര്‍ഗങ്ങള്‍ക്ക് നല്ലസമയം.

ഏപ്രില്‍ 1: രേവതി ഞാറ്റുവേല- പുഞ്ച വിള കൊയ്തെടുക്കാം. ഉഴിതിട്ട നിലം ഒരുക്കാം.