മഞ്ചേരി മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ, സ്രവം പരിശോധനയ്ക്ക് അയച്ചു; മലപ്പുറത്തും നിപ ജാഗ്രത നിർദേശം


മലപ്പുറം: മലപ്പുറം ജില്ലയിലും നിപാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ പനിയും അപസ്മാര ലക്ഷണവുമുള്ള ഒരാൾ നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണ് നടപടി. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചു.

Also Read- നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത്‌

ഇതുവരെ നിപ സ്ഥിരീകരിച്ചവരുമായി ഇയാൾക്ക് സമ്പർക്കമില്ല. എന്നാൽ രോഗലക്ഷണമുള്ള സാഹചര്യത്തിലാണ് സ്രവം പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചത്. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല എന്ന് അധികൃതർ അറിയിച്ചു.

Also Read- നിപ്പ: മൂന്ന് കേസുകളിലായി സമ്പര്‍ക്ക പട്ടികയിലുള്ളത് 702 പേര്‍

കലക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പു മേധാവികളുടെ ജില്ലാതല യോഗം ചേർന്നു. മുൻകരുതൽ നടപടികൾ സംബന്ധിച്ച് കലക്ടർ മേധാവികൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്ട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്തും ജാഗ്രത പുലർത്തണമെന്ന് കലക്ടർ നിർദേശിച്ചു. ജില്ലയിൽ പ്രത്യേക നിപ്പ കൺട്രോൾ റൂം സെല്ലും ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട്ടെ നിപ രോഗികളുമായി സമ്പർക്കമുണ്ടായ രണ്ട് ആരോഗ്യപ്രവർത്തകർക്ക് പനി അടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകൾ പരിശോധനയക്കയച്ചിട്ടുണ്ട്. അതേസമയം, രോഗികളുടെ സമ്പർക്ക പട്ടിക 168 ൽ നിന്നും 702 ആയി ഉയർത്തി. മുപ്പതാം തീയ്യതി മരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ 371 പേരുണ്ട്. പതിനൊന്നാം തിയതി മരിച്ച ആയഞ്ചേരി സ്വദേശിയുടെ സമ്പ‍ർക്കത്തിൽ 201 പേരാണുള്ളത്. ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരന്റെ സമ്പർക്ക പട്ടികയിൽ 50 പേരുണ്ട്. അതിനിടെ, നിപ ബാധിച്ച് മരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചു.

Summary: One under observation at Manjeri Medical College, Nipha alert issued in Malappuram too